By Priya.15 03 2023
സ്വീഡനില്‍ രണ്ടാഴ്ച മുന്‍പ് നടന്നത് രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ചെന്നായ് കൂട്ടക്കൊലയാണ്. അതിനെല്ലാം പുറമെ നൂറ് കണക്കിന് കാട്ടുപൂച്ചകളെ കൊല്ലുന്നതിനുള്ള ലൈസന്‍സ് കൂടി വേട്ടക്കാര്‍ക്ക് നല്‍കിയിരിക്കുകയാണ് അധികൃതര്‍.
ഇത്തരത്തില്‍ വേട്ടയാടിയാല്‍ ലിന്‍ക്‌സ് എന്നറിയപ്പെടുന്ന സ്വീഡനിലെ കാട്ടുപൂച്ചകളുടെ വംശനാശം പോലും കാരണമായേക്കാമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആശങ്കപ്പെടുന്നു.
പൊതുവെ വനത്തിലുള്ള ഏതെങ്കിലും ഒരു ജീവി വിഭാഗത്തിന്റെ എണ്ണം ക്രമാതീതമായി ഉയരുമ്പോഴാണ് ഈ മൃഗങ്ങളെ വേട്ടയാടാന്‍ അധികൃതര്‍ അനുവാദം കൊടുക്കാറുള്ളത്.
ഇത്തരത്തില്‍ നിയന്ത്രിതമായി ലൈസന്‍സ് നല്‍കി ഒരു ജീവി വിഭാഗത്തെ വേട്ടയാടുന്നതിനെയാണ് ലൈസന്‍സിഡ് ഹണ്ടിംഗ് എന്ന് വിളിയ്ക്കുന്നത്.
എന്നാല്‍ സ്വീഡനിലെ ഇപ്പോഴത്തെ സ്ഥിതി വളരെ വ്യത്യസ്തമാണെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ വാദിക്കുന്നത്.
ഇപ്പോഴാണ് സ്വീഡനില്‍ അപൂര്‍വമായെങ്കിലും കാട്ടുപൂച്ചകളെ കണ്ടുതുടങ്ങിയത്.മാര്‍ച്ചില്‍ ഒരു മാസത്തിനിടെ 201 കാട്ട് പൂച്ചകളെ വേട്ടയാടാനാണ് അധികൃതര്‍ ലൈസന്‍സ് നല്‍കിയിരിക്കുന്നത്.
മുന്‍ വര്‍ഷങ്ങളേക്കാള്‍ മൂന്നിരട്ടിയോളം വരും ഇപ്പോള്‍ നല്‍കിയിരിക്കുന്ന ലൈസന്‍സുകളുടെ എണ്ണം. കൂടാതെ കാട്ടുപൂച്ചകള്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും മറ്റും ഭീഷണിയല്ലാത്തതിനാല്‍ ലൈസന്‍സ് നല്‍കുന്നത് ആഫ്രിക്കയിലും മറ്റുമുള്ള ട്രോഫി ഹണ്ടിങ്ങിന് തുല്യമാണെന്ന് വിമര്‍ശകര്‍ വാദിക്കുന്നു.
വന്യമൃഗങ്ങളെ വിനോദത്തിന് വേണ്ടി വേട്ടയാടുന്ന രീതിയെ ആണ് ട്രോഫി ഹണ്ടിങ് എന്ന് വിശേഷിപ്പിക്കുന്നത്.പൂച്ചകളുടെ വേട്ടയാടല്‍ മനുഷ്യനോ അല്ലെങ്കില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കോ ഉള്ള ഭീഷണി മൂലമല്ലെന്ന് വിമര്‍ശകരും ഹണ്ടേഴ്‌സ് അസോസിയേഷനുമെല്ലാം സമ്മതിക്കുന്നുണ്ട്.
പ്രധാനമായും തോലിന് വേണ്ടിയാണ് കാട്ടുപൂച്ചകളെ വേട്ടയാടുന്നത് എന്നാണ്
ഇവര്‍ പറയുന്നത്.ഈ തോലിന് വേണ്ടി തന്നെയാണ് താരതമ്യേന വലിയ വില കൊടുത്ത് വേട്ടക്കാര്‍ ലൈസന്‍സ് സ്വന്തമാക്കുന്നതും.
മനുഷ്യര്‍ക്ക് ഭീഷണിയുള്ളതുകൊണ്ടല്ല അവയുടെ വേട്ടയ്ക്ക് അനുമതി കൊടുക്കുന്നതെന്നും ഹണ്ടേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി സ്വെന്‍സ്‌ക ബരെന്‍ഷ പറയുന്നു.
യൂറോപ്പിലാകെയുള്ള കാട്ടിലെ മികച്ച വേട്ടമൃഗങ്ങളില്‍ മൂന്നാമനായാണ് കാട്ടുപൂച്ചയെ കണക്കാക്കുന്നത്. ഒന്നും രണ്ടും സ്ഥാനത്തുള്ളത് ചുവന്ന കരടിയും, ചെന്നായ്ക്കളും ആണ്.
കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനത്തില്‍ വാഹനങ്ങളുടെ എണ്ണക്കൂടുതലും ഇരകളായ ജീവികളുടെ എണ്ണത്തിലുണ്ടായ കുറവും, ആവാസവ്യവസ്ഥയിലുണ്ടായ നാശവും മൂലം വംശനാശത്തിന്റെ വക്കിലെത്തിയവയാണ് കാട്ടുപൂച്ചകള്‍.
പിന്നീട് കൃത്യമായ സംരക്ഷണ നടപടികളിലൂടെയാണ് ഈ പൂച്ചകളുടെ എണ്ണം വര്‍ധിപ്പിക്കുന്നത്.രാജ്യാന്തര സംരക്ഷണ പട്ടികയില്‍ ഇവയും വംശനാശ ഭീഷണി നേരിടുന്ന ജീവികളാണ്.
ഈ ജീവികളുടെ വേട്ടയാടാന്‍ വ്യാപകമായി അനുമതി നല്‍കുന്നത് ലിന്‍ക്‌സ് കാട്ടു പൂച്ചകളുടെ വംശനാശത്തിന് കാരണമായേക്കാമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആശങ്കപ്പെടുന്നത്.
അങ്ങനെ സംഭവിച്ചാല്‍ കഴിഞ്ഞ രണ്ടായിരം വര്‍ഷത്തിനിടയില്‍ ലോകത്ത് വംശനാശം സംഭവിക്കുന്ന ആദ്യത്തെ പൂച്ചവര്‍ഗമായി ലിന്‍ക്‌സ് പൂച്ചകള്‍ മാറിയേക്കാം.
ഫ്രാന്‍സ് പോലുള്ള രാജ്യങ്ങളിലും ലിന്‍ക്‌സ് പൂച്ചകള്‍ വംശനാശ ഭീഷണി നേരിടുന്നുണ്ട്. ഇപ്പോള്‍ ഏതാണ്ട് 150 പൂച്ചകള്‍ മാത്രമാണ് ഫ്രാന്‍സില്‍ അവശേഷിക്കുന്നതായി കണക്കാക്കുന്നത്.
ഇവയുടെ എണ്ണത്തില്‍ കുറവ് വന്നാല്‍ അടുത്ത മുപ്പത് വര്‍ഷത്തിനുള്ളില്‍ ഈ ജീവികളില്‍ ചില ജനുസ്സുകള്‍ക്കെങ്കിലും വംശനാശം സംഭവിക്കുമെന്നാണ് കണക്കാക്കുന്നത്.
ഫ്രാന്‍സിലെ കാട്ടുപൂച്ചകളില്‍ നാല് വ്യത്യസ്ത ജനുസ്സുകളുണ്ട്. അതായത് ഓരോ ജനുസ്സുകളിലും ശരാശരി 38 വീതം കാട്ട് പൂച്ചകള്‍ മാത്രമാണ് അവശേഷിക്കുന്നത്.
അതേസമയം ഫ്രാന്‍സുമായി താരതമ്യം ചെയ്യുമ്പോള്‍ സ്വീഡനില്‍ ഏകദേശം 1450 കാട്ട് പൂച്ചകളുണ്ട്. എന്നാല്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടിനുള്ളില്‍ സ്വീഡനില്‍ ഈ ജീവികളുടെ ആകെ എണ്ണത്തില്‍ ഏതാണ്ട് മുന്നൂറോളം പൂച്ചകളുടെ കുറവുണ്ടായിട്ടുണ്ട്.
അതുകൊണ്ട് തന്നെ ഇപ്പോഴത്തെ ഈ വേട്ട ഒട്ടും ന്യായീകരിക്കാവുന്നതല്ലെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. പ്രത്യേകിച്ചും, പൂച്ചകള്‍ ഇണ ചേരുന്ന കാലമാണ് ഇപ്പോള്‍. ഈ സമയത്ത് വേട്ട നടത്തുന്നത് അവയുടെ വംശവര്‍ധനവില്‍ തന്നെ വലിയ ആഘാതം ഉണ്ടാക്കുമെന്നും ആശങ്കയുണ്ട്.