By Avani Chandra.03 04 2022
വിവിധ അസുഖങ്ങള്‍ക്ക് മൃഗങ്ങളെ ഉപയോഗിച്ചുള്ള ചികിത്സാരീതികള്‍ പല നാടുകളിലും പ്രചാരത്തിലുണ്ട്. അത്തരത്തിലിതാ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുട്ടിനും മൃഗങ്ങളെ ഉപയോഗിച്ചുള്ള ചികിത്സാരീതി പിന്തുടരുന്നതായാണ് ചില രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആരോഗ്യം വീണ്ടെടുക്കുന്നതിനായി മാനുകളുടെ കൊമ്പില്‍ നിന്നും ശേഖരിക്കുന്ന രക്തത്തില്‍ പുട്ടിന്‍ കുളിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്.
യുക്രെയ്നില്‍ റഷ്യന്‍ അധിനിവേശം തുടരുന്നതിനിടെ പുട്ടിന് സാരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ബാധിച്ചിട്ടുണ്ടെന്ന തരത്തിലും വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ഇതിനിടെയാണ് ആരോഗ്യം വര്‍ധിപ്പിക്കുന്നതിനായി മാന്‍ കൊമ്പില്‍ നിന്നുള്ള രക്തത്തില്‍ അദ്ദേഹം കുളിച്ചിരുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. സൈബീരിയയില്‍ കണ്ടുവരുന്ന അള്‍ട്ടായി റെഡ് ഡിയര്‍ ഇനത്തില്‍പ്പെട്ട മാനുകളുടെ കൊമ്പില്‍ നിന്നുമാണ് പുട്ടിനുവേണ്ടി രക്തം ശേഖരിച്ചിരുന്നതെന്നും പറയപ്പെടുന്നു. ഏതാണ്ട് ഒന്നര പതിറ്റാണ്ടു മുന്‍പാണ് പുട്ടിന്‍ ഈ ചികിത്സാരീതി ആരംഭിച്ചത്. എന്നാല്‍ പുട്ടിനു പുറമേ മോസ്‌കോ മേയര്‍ അടക്കം റഷ്യയിലെ ഉന്നത ഉദ്യോഗസ്ഥരില്‍ പലരും ഈ ചികിത്സാ രീതി പിന്തുടരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
മാനുകളുടെ തലയില്‍ നിന്നും അറത്തുമാറ്റപ്പെടുന്ന കൊമ്പിലെ രക്തത്തില്‍ കുളിക്കുന്നതും അത് കുടിക്കുന്നതും നൂറ്റാണ്ടുകളായി റഷ്യയില്‍ പിന്‍തുടരുന്ന ചികിത്സാരീതിയാണ്. റഷ്യയ്ക്ക് പുറമെ ചൈന, കൊറിയ എന്നിവിടങ്ങളിലും ഇത് പ്രചാരത്തിലുണ്ട്. ഈ വിചിത്ര ചികിത്സാരീതിക്ക് അസംഖ്യം ഗുണങ്ങളുണ്ടെന്നാണ് പലരുടെയും വിശ്വാസം. സ്ത്രീകള്‍ക്ക് പ്രായം തോന്നാതിരിക്കാനും പുരുഷന്മാര്‍ക്ക് ലൈംഗിക ശേഷി വര്‍ധിപ്പിക്കാനും വരെ ഈ ചികിത്സാ രീതി പിന്തുടരുന്നു.
എന്നാല്‍ രക്തം ശേഖരിക്കുന്നതിനായി കൊമ്പുകള്‍ മുറിച്ചെടുക്കുന്നത് മാനുകള്‍ക്ക് വളരെ വേദനാജനകമായ പ്രക്രിയയാണ്. വാള്‍ ഉപയോഗിച്ചാണ് കൊമ്പുകള്‍ അറത്തു മാറ്റുന്നത്. അതേസമയം കൊമ്പിലെ രക്തം ഉപയോഗിച്ചുള്ള ചികിത്സ ഫലപ്രദമാണെന്നതിന് ശാസ്ത്രീയമായ യാതൊരു അടിത്തറയുമില്ല. കൊമ്പുകള്‍ എടുക്കുന്നതിനു വേണ്ടിമാത്രമായി അള്‍ട്ടായി മാനുകളെ വളര്‍ത്തുന്ന ഫാമുകളുമുണ്ട്.
അറുത്തുമാറ്റിയ സ്ഥാനത്ത് പുതിയ കൊമ്പുകള്‍ മുളച്ചു വരാറുണ്ടെങ്കിലും പൂര്‍ണവളര്‍ച്ച എത്തുമ്പോള്‍ വീണ്ടും കൊമ്പുകള്‍ മുറിച്ചെടുക്കുകയാണ് ചെയ്യുന്നത്. ഒരു മാനില്‍ നിന്നും ഇത്തരത്തില്‍ 15 തവണയെങ്കിലും കൊമ്പു ശേഖരിക്കാനാവും എന്നാണ് കണക്ക്. കൊമ്പുകളില്‍ നിന്നുള്ള രക്തം ഉപയോഗിച്ച് ക്രീമുകളും ഗുളികകളും എന്തിനേറെ മദ്യംവരെ നിര്‍മിക്കപ്പെടുന്നുണ്ട്. അശാസ്ത്രീയമായ രീതിയിലുള്ള ചികിത്സയ്ക്കായി മാനുകളെ അതിക്രൂരമായി പീഡിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നതാണ് മൃഗ സംരക്ഷണ സംഘടനകളുടെ നിലപാട്.