കോവിഡ് ആന്ധ്രാപ്രദേശ് വകഭേദം; വ്യാപനശേഷി അതിതീവ്രം; പതിനഞ്ച് മടങ്ങ് കൂടുതലെന്ന് വിദഗ്ധര്‍

By Health Desk.04 05 2021

imran-azhar

 


ഹൈദരാബാദ്: രാജ്യത്ത് കോവിഡ് രണ്ടാം തരംഗം ശക്തമായി തുടരുന്നതിനിടെ ആന്ധ്രാപ്രദേശില്‍ വൈറസിന്റെ പുതിയ വകഭേദത്തെ കണ്ടെത്തി. ആന്ധ്രാപ്രദേശ് വകഭേദം പതിനഞ്ചു മടങ്ങ് കൂടുതല്‍ വ്യാപനശേഷിയുള്ളതാണ്.

 

ഇന്ത്യന്‍ വകഭേദങ്ങളായ ബി1.617, ബി1.618 എന്നിവയെക്കാള്‍ കൂടുതല്‍ കരുത്തുള്ളതാണ് പുതിയ വകഭേദം. എന്നാല്‍, വിശാഖപട്ടണത്തും സംസ്ഥാനത്തിന്റെ മറ്റിടങ്ങളിലും ദുരന്തം വിതയ്ക്കുന്നത് പുതിയ വകഭേദമാണോയെന്ന് പറയാറായിട്ടില്ലെന്നും വിദഗ്ധര്‍ പറയുന്നു.

 

ഹൈദരാബാദിലെ സെന്റര്‍ ഫോര്‍ സെല്ലുലാര്‍ ആന്റ് മോളികുലാര്‍ ബയോളജി (സിസിഎംബി) കൂര്‍നൂലിലാണ് വൈറസിന്റെ പുതിയ വകഭേദത്തെ കണ്ടെത്തിയത്. തെക്കെ ഇന്ത്യയില്‍ രോഗതീവ്രത ഉയര്‍ത്തിയ ബി1.36 വകഭേദത്തോടാണ് പുതിയ വൈറസിന് കൂടുതല്‍ സാമ്യമെന്ന് സിസിഎംബിയിലെ ശാസ്ത്രജ്ഞ ദിവ്യ തേജ് സൗപതി പറഞ്ഞു.

 

സംസ്ഥാനത്ത് നിലവില്‍ തീവ്രമായി വ്യാപിക്കുന്ന പുതിയ വൈറസിന്റെ ഇന്‍കുബേഷന്‍ പീരിഡ് വളരെ കുറവാണെന്നും വ്യാപനം ദ്രുതഗതിയിലാണെന്നും കോവിഡ് സ്‌പെഷ്യല്‍ ഓഫീസറും ആന്ധ്രാ മെഡിക്കല്‍ കോളേജിലെ പ്രിന്‍സിപ്പലുമായ ഡോ. പി വി സുധാകര്‍ വ്യക്തമാക്കുന്നു. നേരത്തെ, രോഗം തീവ്രമായി ഓക്‌സിജന്റെ അളവ് കുറയുന്ന അവസ്ഥയില്‍ രോഗി എത്താന്‍ കുറഞ്ഞത് ഒരാഴ്ചയെങ്കിലും എടുക്കുമായിരുന്നു. എന്നാല്‍, ഇപ്പോള്‍ മൂന്നോ നാലോ ദിവസങ്ങള്‍ കൊണ്ട് രോഗാവസ്ഥ ഗുരുതരമാകുന്നുണ്ടെന്നും ഡോ. സുധാകര്‍ പറഞ്ഞു.

 

ഒന്നാം തരംഗത്തിനേക്കാള്‍ കൂടുതല്‍ വേഗത്തില്‍, കൂടുതല്‍ പേരിലേക്ക് ഇപ്പോള്‍ രോഗപ്പകര്‍ച്ച സംഭവിക്കുന്നുണ്ടെന്ന് ആരോഗ്യവിദഗ്ധരും പറയുന്നു. മാത്രമല്ല, ആരോഗ്യവും രോഗപ്രതിരോധശേഷിയുമുള്ള ചെറുപ്പക്കാരിലും വൈറസ് ബാധ വ്യാപകമാണ്. പ്രവചനാതീതമാണ് വൈറസിന്റെ പ്രഹരശേഷിയെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്.

 

 

 

 

OTHER SECTIONS