കുട്ടികളെ എപ്പോള്‍ മാറ്റിക്കിടത്തണം: അമ്മമാര്‍ അറിയാന്‍

By SM.03 10 2022

imran-azhar

 


കുട്ടികളെ എപ്പോള്‍ മാറ്റിക്കിടത്താം, അപരിചതരോടുള്ള കുട്ടികളുടെ അടുപ്പത്തിന് എത്ര അതിര്‍വരമ്പിടണം, ബലാത്സംഗം, പീഡനം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുള്ള കൊച്ചുകുട്ടികളുടെ സംശയങ്ങള്‍ക്ക് എന്ത് മറുപടി നല്‍കണം തുടങ്ങി അമ്മമാര്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് വിദഗ്ധര്‍ ഇവിടെ ചൂണ്ടിക്കാട്ടുന്നത്.

 

അഞ്ചു വയസ്സ് കഴിഞ്ഞാല്‍ കുട്ടികളെ മാറ്റിക്കിടത്താമെന്നാണ് വിദഗ്ധര്‍ രക്ഷിതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നത്. അച്ഛനമ്മമാരുടെ അടുത്തുനിന്ന് പെട്ടെന്ന് മാറ്റിക്കിടത്തുന്നത് കുട്ടികള്‍ക്ക് സങ്കടം വരും എന്നതുകൊണ്ടുതന്നെ അവര്‍ക്ക് പാവയോ, ടെഡിബെയറോ കൂട്ടായി നല്‍കാമെന്നും പറയുന്നു.

 

കുട്ടികള്‍ കൂടെ ഉറങ്ങുമ്പോള്‍ ലൈംഗിക ബന്ധത്തിന്റെ കാര്യത്തില്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അബദ്ധവശാല്‍ കുട്ടി കണ്ടുപോയാല്‍ പരിഭ്രാന്തരാകുകയോ, കുട്ടിയുടെ നേരെ ശബ്ദമുയര്‍ത്തുകയോ, വഴക്കുപറയുകയോ ചെയ്യരുത്. സാധാരണ രീതിയില്‍ പെരുമാറുക. ചെറിയ കുട്ടി അതിനെക്കുറിച്ച് ചോദിച്ചാല്‍ അതത്ര വലിയ കാര്യമൊന്നുമല്ല, ഒരു കളിയായിരുന്നു എന്ന മട്ടില്‍ മറുപടി നല്‍കാം. മാതാപിതാക്കള്‍ തമ്മിലുള്ള വഴക്കാണെന്ന് കരുതി ചില കുട്ടികള്‍ സങ്കടപ്പെടാം. എന്നാല്‍ അങ്ങനെയല്ല, അച്ഛനും അമ്മയും തമ്മിലുള്ള സ്‌നേഹപ്രകടനമാണെന്ന് ആയിരുന്നെന്ന് കുട്ടികളെ പറഞ്ഞു മനസിലാക്കി കൊടുക്കുക. ചില കുട്ടികളുടെ മനസ്സിനെ ഇത്തരം കാഴ്ചകള്‍ ബാധിച്ചേക്കാം. അങ്ങനെയുള്ള അവസരങ്ങളില്‍ ഒരു മനഃശാസ്ത്ര വിദഗ്ധന്റെ സഹായം തേടുന്നതാകും ഉചിതം.

 

അതുപോലെ തന്നെ അപരിചിതരോടുള്ള കുട്ടികളുടെ ഇടപഴകല്‍ രക്ഷിതാക്കളുടെ സാന്നിധ്യത്തില്‍ മാത്രം അനുവദിക്കുക. കുട്ടിയെ ഉമ്മ വെയ്ക്കുക, മടിയില്‍ ഇരുത്തുക തുടങ്ങിയ കാര്യങ്ങളെ നിരുത്സാഹപ്പെടുത്തേണ്ടതുമുണ്ടെന്നാണ് വിദഗ്ധ പക്ഷം.

 

പെണ്‍കുട്ടികളെക്കുറിച്ച് സ്വയം സുരക്ഷയെക്കുറിച്ച് പറഞ്ഞുകൊടുക്കണം. പ്രായത്തിന് അനുസൃതമായ അവരുടെ ആകാംക്ഷ നിറഞ്ഞ ബലാത്സംഗത്തെയും പീഡനത്തെയും കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുകയും വേണം. കൊച്ചുകുട്ടികളാണെങ്കില്‍ നല്ല സ്പര്‍ശനം, ചീത്ത സ്പര്‍ശനം എന്നിവയെപ്പറ്റി ആവര്‍ത്തിക്കുക. മുതിര്‍ന്ന പെണ്‍കുട്ടികളോട് സമൂഹത്തിലെ ചതിക്കെണികളെക്കുറിച്ച് സംസാരിക്കുക.

 

12-17 വയസ് പ്രായത്തില്‍ അനുദിനം ശരീരവും മാനസികാവസ്ഥയും മാറുന്നതു കൊണ്ടുതന്നെ ലൈംഗികതയെപ്പറ്റി കുട്ടികളില്‍ കൂടുതല്‍ ആകാംക്ഷ ജനിക്കാറുണ്ട്. അമ്മമാര്‍ ആര്‍ത്തവത്തെപ്പറ്റിയും ആര്‍ത്തവ ശുചിത്വത്തെക്കുറിച്ചും മാറിവരുന്ന ശാരീരികാവസ്ഥയെയും പറ്റി കുട്ടിള്‍ക്ക് പറഞ്ഞു മനസ്സിലാക്കണം. വ്യക്തമായ ഒരു ധാരണ അമ്മമാര്‍ക്ക് ഉണ്ടായാലേ മക്കള്‍ക്ക് പറഞ്ഞുകൊടുക്കാനാവൂ. അങ്ങനെ പറഞ്ഞുകൊടുക്കാനുള്ള അറിവില്ലാത്ത പക്ഷം കുട്ടിയുടെ ടീച്ചറിന്റെ സഹായം തേടാം. അല്ലെങ്കില്‍ ഒരു ഡോക്ടറുടെ സഹായം തേടാവുന്നതാണ്.

 

ആര്‍ത്തവം എന്നത് അമ്മയാകാനുള്ള ശരീരത്തിന്റെ മുന്നൊരുക്കമാണെന്നും ഈ ഘട്ടം എത്തുന്നതോടെ ശരീരം പ്രത്യുല്‍പ്പാദനക്ഷമമായ അവസ്ഥയിലാണെന്നും മനസിലാക്കി കൊടുക്കുക. ലൈംഗികമായ പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നത് ഗര്‍ഭധാരണത്തിന് ഇടയാക്കിയേക്കാമെന്നും പറയുക. വിവാഹത്തിന് മുന്‍പുള്ള ലൈംഗിക ബന്ധത്തിന്റെ വരുംവരായ്കകളെക്കുറിച്ചും സാമൂഹിക വീക്ഷണത്തെക്കുറിച്ചും സംസാരിക്കാം.

 

 

 

OTHER SECTIONS