കൊലയാളി ബാക്ടീരിയ: 2019ല്‍ ഇന്ത്യയില്‍ കൊന്നൊടുക്കിയത് 6.8 ലക്ഷം പേരെ

By Shyma Mohan.22 11 2022

imran-azhar

 



ന്യൂഡല്‍ഹി: 2019ല്‍ ഇന്ത്യയില്‍ അഞ്ച് കൊലയാളി ബാക്ടീരീയ മൂലമുണ്ടായ മരണം 6.8 ലക്ഷമെന്ന് ലാന്‍സെറ്റ് റിപ്പോര്‍ട്ട്.

 

ബാക്ടീരിയ വളരെ ചെറുതും നഗ്നനേത്രങ്ങള്‍ കൊണ്ട് നമുക്ക് കാണാന്‍ കഴിയാത്തവയുമാണ്. ചില ബാക്ടീരിയകള്‍ നല്ല ഫലങ്ങളും ചിലത് അല്‍പ്പം അപകടകരവുമാണ്. അതേസമയം, മാരകമായ പ്രത്യാഘാതങ്ങള്‍ ശരീരത്തില്‍ സൃഷ്ടിക്കാന്‍ പോന്ന ബാക്ടീരിയകളും നമുക്ക് ചുറ്റുമുണ്ട്.

 

ഇന്ത്യയില്‍ മാത്രമല്ല, ലോകമെമ്പാടും 2019ല്‍ 'കൊലയാളി'കളായി ഉയര്‍ന്നുവന്ന അത്തരം 5 ബാക്ടീരിയകളുടെ പേരുകള്‍ സയന്‍സ് ജേണലായ ലാന്‍സെറ്റ് നല്‍കിയിട്ടുണ്ട്. ഈ ബാക്ടീരിയകള്‍ ലോകമെമ്പാടുമുള്ള 1.37 കോടിയിലധികം ആളുകളെ മരണത്തിനു സമ്മാനിച്ചു. ഇതില്‍ 33 ബാക്ടീരിയകള്‍ 77 ലക്ഷത്തിലധികം മരണങ്ങള്‍ക്ക് കാരണമായിത്തീര്‍ന്നു. 55 ശതമാനം മരണങ്ങള്‍ക്കും കാരണം ഈ അഞ്ച് ബാക്ടീരിയകളാണ്.

 

ഇ.കോളി, എസ്. ന്യുമോണിയ, കെ. ന്യൂമോണിയ, എസ്. ഓറിയസ്, എ.ബൗമേനിയായി എന്നിവയാണ് ഏറ്റവും മാരകമായ അഞ്ച് ബാക്ടീരീയകള്‍. ഇവയില്‍ ഇ.കോളി ഏറ്റവും മാരകമായ ബാക്ടീരിയയാണെന്ന് തെളിഞ്ഞിട്ടുണ്ട്. 2019ല്‍ ഇ.കോളി ബാധിച്ച് ഇന്ത്യയില്‍ 1.6 ലക്ഷം പേരുടെ ജീവന്‍ കവര്‍ന്നു. പഠനത്തിനായി 204 രാജ്യങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിച്ചു. 34 കോടിയിലധികം മരണങ്ങളുടെ റിപ്പോര്‍ട്ടുകള്‍ ഗവേഷകര്‍ പരിശോധിച്ച് അതില്‍ നിന്ന് ബാക്ടീരിയ മൂലമുണ്ടാകുന്ന മരണങ്ങളെ വേര്‍തിരിച്ചു.

 

ഈ അഞ്ച് ബാക്ടീരിയകള്‍ കാരണം 2019ല്‍ ഇന്ത്യയില്‍ 6.78 ലക്ഷത്തിലധികം ആളുകള്‍ മരിച്ചുവെന്ന് ലാന്‍സെറ്റ് അതിന്റെ പഠനത്തില്‍ പറയുന്നു. അതായത്, പ്രതിദിനം ശരാശരി 1,860 പേരും ഓരോ മണിക്കൂറിലും 77 പേരും മരിക്കുന്നു. 2019ല്‍ ലോകത്ത് നടന്ന മരണങ്ങളില്‍ 13.6 ശതമാനവും ബാക്ടീരിയ അണുബാധ മൂലമാണെന്ന് പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

 

OTHER SECTIONS