കോവിഡ് മൂന്നാം തരംഗത്തിന്റെ ഇര കുട്ടികള്‍; മുന്നൊരുക്കം വേണമെന്ന് നിംഹാന്‍സിലെ വൈറോളജി വിദഗ്ധന്‍

By Web Desk.13 05 2021

imran-azhar

 


ന്യൂഡല്‍ഹി: കോവിഡ് മൂന്നാം തരംഗത്തിന്റെ ഇരകള്‍ കുട്ടികളായേക്കാമെന്ന് മുന്നറിയിപ്പ്. ബംഗളൂരു നിംഹാന്‍സിലെ വൈറോളജിസ്റ്റ് ഡോ. രവിയാണ് മുന്നറിയിപ്പ് നല്‍കുന്നത്. മൂന്നാം തരംഗത്തില്‍ രോഗബാധിതരാകുന്ന കുട്ടികളെ ചികിത്സിക്കുന്നതിനായി മഹാരാഷ്ട്ര ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു. സാംക്രമിക രോഗവിദഗ്ധനല്ലെങ്കിലും മഹാരാഷ്ട്ര സര്‍ക്കാരിന്റെ നടപടി ശരിയാണെന്നു മനസിലാക്കാന്‍ സാമാന്യബുദ്ധി മതിയെന്നും ഡോ. രവി പറഞ്ഞു.

 

കോവിഡ് ആദ്യ തരംഗത്തില്‍ രോഗബാധിതരായവരില്‍ കൂടുതലും പ്രായമായവരായിരുന്നു. ചെറുപ്പക്കാരില്‍ അധികം രോഗബാധ ഉണ്ടായില്ല. എന്നാല്‍, വൈറസിന്റെ രണ്ടാം തരംഗത്തില്‍ രോഗത്തിന് കീഴടങ്ങിയവരില്‍ ഏറെയും ചെറുപ്പക്കാരാണ്. മുതിര്‍ന്നവരില്‍ രോഗം വന്ന് രോഗപ്രതിരോധശേഷി കൈവരിച്ചതോടെ വൈറസ് ആക്രമിക്കുക കുട്ടികളെയാവും. 18 വയസിനു താഴെയുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാത്തതും രോഗബാധയേല്‍ക്കാനുള്ള സാധ്യത കൂട്ടുന്നുവെന്നും ഡോ. രവി പറയുന്നു.

 

12 വയസിനു താഴെയുള്ള 165 ലക്ഷം കുട്ടികളാണ് ഇന്ത്യയിലുള്ളത്. ഇവരില്‍ 20 ശതമാനം പേര്‍ രോഗബാധിതരാവും. ഇവരില്‍ത്തന്നെ അഞ്ച് ശതമാനത്തിന് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സ ആവശ്യമായിവന്നേക്കാം. അങ്ങനെ വരുമ്പോള്‍, 1.65 ലക്ഷം പീഡിയാട്രിക് ഐസിയു ബെഡുകള്‍ വേണ്ടിവരും. നിലവില്‍ മുതിര്‍ന്നവര്‍ക്കായി 90.000 വും കുട്ടികള്‍ക്കായി 2000 ന് താഴെ ഐസിയു ബെഡുകളുമാണ് ഉള്ളതും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

 

മൂന്നാം തരംഗത്തിന് മുമ്പ് മുതിര്‍ന്നവര്‍ക്കെല്ലാം വാക്‌സിനേഷന്‍ നല്‍കണമെന്നും ഡോ. രവി പറയുന്നു. മുതിര്‍ന്നവരെ പോലെയല്ല കുട്ടികള്‍. കുട്ടികള്‍ രോഗബാധിതരായാണ് അച്ഛന്റെയോ അമ്മയുടെയോ പരിചരണം വേണം. അതുകൊണ്ടാണ് മൂന്നാം തരംഗത്തിനു മുമ്പ് മുതിര്‍ന്നവരുടെ വാക്‌സിനേഷന്‍ പരമാവധി പൂര്‍ത്തിയാക്കണമെന്ന് പറയുന്നതെന്നും ഡോ. രവി പറഞ്ഞു.

 

 

 

 

OTHER SECTIONS