ചുക്കുകാപ്പി തയ്യാറാക്കേണ്ടത് ഇങ്ങനെ

By Rajesh Kumar.03 11 2020

imran-azhar

 


ഡോ. അഖില്‍ രമേഷ് എം.

 


മഴക്കാലമാകുമ്പോള്‍, ഉരുണ്ടുകൂടിയ ആകാശം പോലെ നമ്മുടെ ശരീരത്തിലും മാറ്റങ്ങള്‍ സംഭവിക്കുന്നു. ദഹനം, ശാരീരിക പ്രവര്‍ത്തനങ്ങള്‍ എന്നിവയിലെല്ലാം വ്യതിയാനം സംഭവിക്കുന്നു. രോഗപ്രതിരോധശേഷി അല്‍പ്പം കുറയുന്നു. നല്ല മഴയുള്ളപ്പോള്‍ മൂടിപ്പുതച്ച് ഉറങ്ങാന്‍ ആര്‍ക്കാണ് ഇഷ്ടമില്ലാത്തത്. അതുപോലെ ശരീരത്തിലെ കോശങ്ങളും അല്‍പ്പം മടിയന്മാരാകും. അപ്പോള്‍ ദഹിക്കാന്‍ പ്രയാസമുള്ള ഭക്ഷണം ഒഴിവാക്കണം.


ക്രമേണയാണ് ദഹനവ്യവസ്ഥയില്‍ വ്യതിയാനം ഉണ്ടാകുന്നത്. അത് മറ്റു വ്യവസ്ഥകളെയും ബാധിക്കുന്നു. ഊര്‍ജ്ജോല്‍പ്പാദനം കുറയും. അപ്പോള്‍ രോഗങ്ങളെ പ്രതിരോധിക്കുന്നതെങ്ങനെ. ശരീരം ക്ഷീണിക്കുമ്പോള്‍ രോഗങ്ങള്‍ക്ക് ഉത്സവകാലമാണ്. കാലത്തിനു അനുസരിച്ച് ഭക്ഷണം കഴിച്ചാല്‍ ഒരുപരിധിവരെ രോഗങ്ങളെ ചെറുക്കാനാവും.


മഴ, തണുപ്പ്, ചുക്കുകാപ്പി. നല്ല കോമ്പിനേഷന്‍ അല്ലേ? ആരോഗ്യത്തിനായി ഒരു നല്ല റെസിപ്പി കൂടിയാവാം. തണുത്ത് മടിപിടിച്ചിരിക്കുന്ന ശരീരം ഉഷാറാകട്ടെ. എന്നാല്‍, അള്‍സര്‍, ത്വക്ക് രോഗം എന്നിവയുള്ളവര്‍ ഇത് ഒഴിവാക്കണം. എന്തെങ്കിലും സംശയമുണ്ടെങ്കില്‍ വിദഗ്‌ദ്ധോപദേശം തേടിയ ശേഷം കുടിക്കാം. മറ്റൊന്നുമല്ല, എല്ലാവര്‍ക്കും പരിചിതമായ ചുക്കുകാപ്പിയുടെ റെസിപ്പിയാണിത്.

 

6-7 തുളസിയില
6-7 കുരുമുളക്
1 ചെറിയ കഷണം ചുക്ക്
1 ചെറിയ കഷണം കറുകപ്പട്ട
4-5 ഉണക്കമുന്തിരി
ആവശ്യത്തിന് ശര്‍ക്കര
2 1/2 കപ്പ് വെള്ളം

ജീരകം 1/4 ടീസ്പൂണ്‍, കോഫി പൗഡര്‍ 1/2 ടീസ്പൂണ്‍, മല്ലി 1/2 ടീസ്പൂണ്‍, പനിക്കൂറയില 1, 4-5 ഗ്രാമ്പു, പുതിനയില എന്നിവ ഇഷ്ടാനുസരണം ചേര്‍ക്കാം

ചുക്ക്, കുരുമുളക്, കറുകപ്പട്ട, ഗ്രാമ്പു എന്നിവ വറുത്ത് പൊടിച്ച് 2 1/2 കപ്പ് വെള്ളത്തിലിട്ടു തിളപ്പിച്ച് 2 കപ്പായി വറ്റിക്കുക. ഇടത്തരം തീയില്‍ വേവിക്കുന്നതാണ് ആരോഗ്യകരം. ശര്‍ക്കര, കോഫി പൗഡര്‍ എന്നിവ ആവശ്യമെങ്കില്‍ ഒടുവില്‍ ചേര്‍ക്കാം. ചെറുചൂടോടെ കുടിക്കാം.

 


ചുക്ക്: ഇഞ്ചി ഉണങ്ങിയതാണ് ചുക്ക്. ചുക്കില്ലാത്ത കഷായം കുറവാണ്. ഉദരവായുവിനെ ശമിപ്പിക്കുന്നതും ദഹനം ഉണ്ടാക്കുന്നതും ഉമിനീരിനെ ഉത്തേജിപ്പിക്കുന്നതുമാണ് ചുക്ക്. സന്ധിവാതരോഗങ്ങള്‍, ഛര്‍ദ്ദി, വിശപ്പില്ലായ്മ എന്നിവയ്ക്കുള്ള ഔഷധങ്ങളിലെയും പ്രധാന ചേരുവയാണിത്.

 

കുരുമുളക്: ദഹന, ശ്വസന വ്യവസ്ഥയെ ക്രമപ്പെടുത്തുന്നു. ഉഷ്ണഗുണമുള്ള കുരുമുളക് ത്രികടുവിലെ പ്രധാന ചേരുവയാണ്.

മല്ലി: ശരീരത്തില്‍ അധികമുള്ള ജലാംശത്തെ ക്രമപ്പെടുത്തുന്നു. താപനില ക്രമീകരിക്കുന്നു.

ശര്‍ക്കര: ഉയര്‍ന്ന അളവില്‍ ഇരുമ്പ്, കാത്സ്യം, മഗ്നീഷ്യം എന്നിവയുണ്ട്.

തുളസിയില: ദഹനം ക്രമപ്പെടുത്തുന്നു. ചിലതരം പനികള്‍, ജലദോഷം എന്നിവയ്ക്കു മികച്ചതാണ്.

ഏലം: ദന്തരോഗങ്ങള്‍, അമിത കൊളസ്‌ട്രോള്‍ എന്നിവയ്ക്കുള്ള മരുന്നിലെ ഒരു ചേരുവ

കറുകപ്പട്ട: ദഹനവ്യവസ്ഥയെ ക്രമീകരിക്കുന്നു

ജീരകം: ദഹനം വര്‍ദ്ധിപ്പിക്കുന്നു. മലമൂത്ര പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന ഔഷധങ്ങളിലെ ചേരുവയാണ്.

ഉണക്കമുന്തിരി: ക്ഷീണം അകറ്റും. രക്തശുദ്ധിക്കുള്ള മരുന്നിലെ പ്രധാന ചേരുവ

 

OTHER SECTIONS