ജീവിതത്തിലേക്കു 40 സെക്കന്റ്

By Rajesh Kumar.04 11 2020

imran-azhar

ഡോ. ടി.ആര്‍. ജോണ്‍
സീനിയര്‍ കണ്‍സള്‍ട്ടന്റ്
സൈക്യാട്രി
ആസ്റ്റര്‍ മെഡ്‌സിറ്റി, കൊച്ചി

 


അനുദിനം വര്‍ദ്ധിച്ചുവരുന്ന ആത്മഹത്യാവാര്‍ത്തകള്‍ ആശങ്കയുളവാക്കുന്നതാണ്. ജീവിതത്തിലെ പലഘട്ടങ്ങളില്‍ സംഭവിക്കുന്ന പരാജയങ്ങളാണ് മിക്ക ആത്മഹത്യകള്‍ക്കും കാരണമെന്ന് നമുക്ക് കാണാനാകും. പരാജയങ്ങള്‍ അഭിമുഖീകരിക്കാന്‍ ശേഷിയില്ലാത്ത സമൂഹമായി നാം മാറികൊണ്ടിരിക്കുകയാണ്.

 


വര്‍ഷന്തോറും എട്ടു ലക്ഷം

 

ഒരു വര്‍ഷം ഏകദേശം എട്ടു ലക്ഷം പേര്‍ ആത്മഹത്യ ചെയ്യുന്നുവെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പറയുന്നത്. അതായത്, എല്ലാ 40 സെക്കന്റിലും ഈ ലോകത്തില്‍ എവിടെയൊ ഒരാള്‍ ആത്മഹത്യ ചെയ്യുന്നുവെന്നര്‍ത്ഥം. ഇതിനാലാണ്, ഈ വര്‍ഷത്തെ ലോക മാനസികാരോഗ്യ ദിനത്തില്‍ '40 സെക്കന്റിന്റെ പ്രവര്‍ത്തനം' എന്ന മുദ്രാവാക്യം ലോകാരോഗ്യ സംഘടന മുന്നോട്ടു വച്ചത്. ഇതിലൂടെ നമ്മളോരോരുത്തരോടും ആത്മഹത്യ കുറയ്ക്കുവാന്‍ സഹായിക്കുന്ന ചെറുതോ വലുതോ ആയ എന്തെങ്കിലും പ്രവര്‍ത്തനങ്ങള്‍ നടത്തുവാനാണ് സംഘടന ആഹ്വാനം ചെയ്തത്.
വിജയിച്ച ഓരോ ആത്മഹത്യയോടൊപ്പം ഇരുപതില്‍പ്പരം പേര്‍ മരണത്തില്‍ കലാശിക്കാതെ പോയ ആത്മഹത്യാശ്രമങ്ങളും നടത്തുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതായത, ഓരോ രണ്ടു സെക്കന്റിലും ലോകത്തിലെവിടെയോ ഒരു ആത്മഹത്യാശ്രമം നടക്കുന്നു. ഈ ഓരോ ശ്രമങ്ങളും പത്തിലധികം ആള്‍ക്കാരെ വിഷമ വൃത്തത്തിലാക്കുന്നു. അങ്ങനെ നോക്കുമ്പോള്‍ ഉയര്‍ന്ന ആത്മഹത്യാപ്രവണത ഒരു സാമൂഹ്യപ്രശ്‌നമാണ്. ഉത്തരം വേഗം കണ്ടെത്തേണ്ട, മാനവരാശിയുടെ ഭാവിയെത്തന്നെ പ്രതികൂലമായി ബാധിച്ചേക്കാവുന്ന ഒരു മഹാവിപത്താണ് ഇത്.

 


റോഡപകടത്തേക്കാള്‍!ഒരു കൊല്ലം ഏകദേശം 8000 പേര്‍ നമ്മുടെ കൊച്ചു കേരളത്തില്‍ ആത്മഹത്യ ചെയ്യുുവൊണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതായത്, ഒരു ദിവസം ഏകദേശം 25 പേര്‍, ഒരു മണിക്കൂറില്‍ ഒരാള്‍. അതിന്റെ 20 ഇരട്ടി അതായത് മൂന്നു മിനുട്ടില്‍ ഒരാള്‍ ആത്മഹത്യാശ്രമം നടത്തുന്നു. ഇതില്‍ 60 ശതമാനവും ഏറ്റവും സജീവമായ 30-നും 59 വയസിനും ഇടയിലുള്ളവരാണെന്നതാണ് ഭീതിജനകമായ വസ്തുത. 15-നും 40-നും ഇടയില്‍ പ്രായമുള്ളവരില്‍ ഏറ്റവും സാധാരണ മരണകാരണമാണ് ആത്മഹത്യ. വളരെയധികം കൊട്ടിഘോഷിക്കപ്പെടുന്ന വാഹനാപകട മരണങ്ങള്‍ ഇതിനോട് താരതമ്യം ചെയ്യുമ്പോള്‍ ഒന്നുമല്ല. കേരള പോലീസിന്റെ കണക്കു പ്രകാരം 2018-ല്‍ 4300 ജീവനുകളാണ് നിരത്തില്‍ പൊലിഞ്ഞത്.
എന്നാല്‍, സമൂഹത്തിന്റെ പ്രതികരണങ്ങള്‍ ഈ രണ്ടു കാര്യത്തിലും ഏറെ വ്യത്യസ്തമാണ്. സര്‍ക്കാര്‍ വളരെയധികം പ്രാധാന്യത്തോടു കൂടി ത്തന്നെ റോഡപകട മരണങ്ങളെ സമീപിക്കുന്നു. വളരെ വിശദമായ ഒരു റോഡ് സുരക്ഷാ പദ്ധതി രൂപീകരിക്കുകയും അതുപോലെ തന്നെ സമൂഹ അവബോധന പ്രവര്‍ത്തനങ്ങളും അപകടങ്ങളില്‍പ്പെടുന്നവര്‍ക്കുള്ള വൈദ്യസഹായം ഏര്‍പ്പെടുത്തലും ഉള്‍പ്പെടെ വ്യക്തമായ ഒരു മാതൃകയോടെ തന്നെ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യുന്നു. അതിനാല്‍, കഴിഞ്ഞ ഒരു ദശകത്തില്‍ വാഹനസംഖ്യ പല ഇരട്ടി ആയിട്ടും റോഡപകടങ്ങളും മരണങ്ങളും താരതമ്യേന കുറഞ്ഞിട്ടേയുള്ളൂ. എന്നാല്‍, അതുപോലെ വ്യക്തമായ ഒരു പ്ലാന്‍, വര്‍ദ്ധിച്ചുവരുന്ന ആത്മഹത്യ തടയുന്ന കാര്യത്തില്‍ ഇല്ല.

 


തടയാനാവും

 

ഒരു ദേശീയ ആത്മഹത്യാ നിവാരണ പദ്ധതി ഇന്ത്യയില്‍ ഇന്നുമില്ല. ഉയര്‍ന്ന ആത്മഹത്യാ നിരക്കുകള്‍ ഇന്നും ഒരു പ്രശ്‌നമായി നാം അംഗീകരിച്ചിട്ടില്ല. എന്തിനു പറയുന്നു, വ്യക്തമായ കണക്കുകള്‍ പോലും ഇന്നു ലഭ്യമല്ല. മുകളില്‍ പ്രതിപാദിച്ച ദേശീയ ക്രൈം ബ്യൂറോയുടെ കണക്കുകള്‍ യഥാര്‍ത്ഥ നിരക്കിനെക്കാളും 30 ശതമാനമെങ്കിലും കുറവാണ് എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. കേവലം 4 രൂപ മാത്രമാണ് പ്രതിശീര്‍ഷം നാം മാനസിക ആരോഗ്യത്തിനായി ചിലവഴിക്കുന്നത്. ദേശീയ ബജറ്റിന്റെ തുച്ഛമായ 0.01 ശതമാനം മാത്രം.
ആത്മഹത്യയേയും മാനസിക രോഗങ്ങളെയും പറ്റിയുള്ള വികലമായ തെറ്റിദ്ധാരണകളും പേടിയും അവയെ നേരിടുന്നതില്‍ നിന്നു സമൂഹത്തെ വിമുഖരാക്കുന്നു. ആത്മഹത്യകള്‍ തടയുവാന്‍ കഴിയില്ല എന്ന തെറ്റായ വിശ്വാസം നമ്മളെ നിര്‍വീര്യരാക്കുന്നു. ആത്മഹത്യക്കു ശ്രമിക്കാന്‍ സാധ്യതയുള്ളവരെ കണ്ടെത്തുവാന്‍ ശ്രമിക്കാത്തതിനാല്‍ അവര്‍ക്ക് ആവശ്യമായ മെഡിക്കല്‍ സഹായം ലഭ്യമല്ലാതാകുന്നു.
എന്നാല്‍, യാഥാര്‍ത്ഥ്യം അതല്ല. ആത്മഹത്യകളെ നമുക്കു തടയുവാന്‍ സാധിക്കും. മാനസിക രോഗങ്ങള്‍ പ്രത്യേകിച്ചും വിഷാദ രോഗവും ലഹരി പദാര്‍ത്ഥ ഉപയോഗം മൂലമുള്ള രോഗങ്ങളും തക്ക സമയത്തു ചികിത്സിച്ചാല്‍ ആത്മഹത്യാ സാധ്യത വളരെയധികം കുറയ്ക്കാനാകും. ഒരു നല്ല ശതമാനം ആത്മഹത്യകള്‍ ഒരു പ്രതിസന്ധി ഘട്ടത്തെ, ഉദാഹരണത്തിന് ഒരു പരീക്ഷാ തോല്‍വിയോ ഒരു ബന്ധത്തിന്റെ തകര്‍ച്ചയോ, നേരിടുവാനുള്ള കഴിവില്ലായ്മയില്‍ നിന്നെടുക്കുന്ന നൈമിഷിക തീരുമാനങ്ങളാണ്. ആ സമയത്ത് മരണത്തിലേക്ക് നയിക്കാവുന്ന ഉപാധികളുടെ ലഭ്യത ആത്മഹത്യാസാധ്യത വര്‍ദ്ധിപ്പിക്കുന്നു. ലോകത്തിലെ 20 ശതമാനം ആത്മഹത്യകളും കീടനാശിനി ഉപയോഗിച്ചുളളതാണ്. മാരക കീടനാശിനികളുടെ നിയന്ത്രണം വളരെയെളുപ്പത്തില്‍ ചെയ്യാവുന്നതാണ്. സ്‌കൂളുകള്‍ അധിഷ്ഠിതമായ ജീവന നൈപുണ്യ വികസന പദ്ധതികള്‍ ഭാവിയിലെ ആത്മഹത്യാ സാധ്യതകള്‍ നന്നായി കുറയ്ക്കാന്‍ സഹായിക്കും.

 

അറിയേണ്ട നാലു കാര്യങ്ങള്‍

 

ആത്മഹത്യകള്‍ കുറയണമെങ്കില്‍ നാലു കാര്യങ്ങള്‍ സംഭവിക്കണം. ഒന്നാമതായി ആത്മഹത്യ ഒരു പ്രധാനമായ സാമൂഹ്യപ്രശ്‌നമാണ് എന്ന അവബോധം എല്ലാവരിലും ഉണ്ടാകണം. രണ്ടാമത് ആത്മഹത്യകള്‍ എങ്ങനെ തടയാം എന്ന അറിവ്. ഉദാഹരണത്തിന്, സ്വന്തം സുഹൃത്തിന് വിഷാദരോഗം ഉണ്ടെങ്കില്‍ അത് മനസ്സിലാക്കാനുള്ള അറിവ് സാമാന്യ ജനത്തിനു പോലും ഉണ്ടായിരിക്കണം. മൂന്നാമത് മാനസിക രോഗങ്ങളെയും ആത്മഹത്യയേയും ചുറ്റിപ്പറ്റിയുള്ള അപമാനഭീതി കുറയ്ക്കാന്‍ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകണം. നാലാമതായി മാനസിക രോഗങ്ങളും മറ്റു പ്രശ്‌നങ്ങളുമായി ഉഴലുന്നവര്‍ക്ക് അവര്‍ ഒറ്റയ്ക്കല്ല എന്ന വിശ്വാസം നല്‍കുവാന്‍ നമുക്ക് കഴിയണം. ഇവ സാധിക്കണമെങ്കില്‍ വ്യക്തമായ ഒരു ദേശീയ നയത്തില്‍ അധിഷ്ഠിതമായ ആത്മഹത്യാ നിവാരണ പദ്ധതി നമുക്കുണ്ടായേ തീരു.
അതുവരെ വ്യക്തികള്‍ എന്ന നിലയ്ക്ക് നമുക്കെന്തു ചെയ്യുവാന്‍ സാധിക്കും? നമുക്കോരോരുത്തര്‍ക്കും പലതും ചെയ്യുവാന്‍ സാധിക്കും എന്നാണ് '40 സെക്കന്റിന്റെ പ്രവര്‍ത്തനം' എന്ന മുദ്രാവാക്യം വഴി ലോകാരോഗ്യ സംഘടന ഉല്‍ബോധിപ്പിക്കുന്നത്. ആത്മഹത്യാശ്രമങ്ങള്‍ നടത്തിയവരുടെ വാക്കുകള്‍ കേട്ടാല്‍ മനസിലാകും എങ്ങനെ മറ്റുള്ളവരുടെ പ്രവൃത്തികള്‍ അവരെ മരിക്കാന്‍ അല്ലെങ്കില്‍ ജീവിക്കുവാന്‍ സ്വാധീനിച്ചു എന്ന്. സഹജീവികളോട് അനുഭാവം പ്രകടിപ്പിക്കാനുള്ള ഒരവസരം ആണിത്.
നിങ്ങള്‍ക്കറിയാവുന്ന ഒരാള്‍ ജീവിതത്തില്‍ എന്തെങ്കിലും പ്രതിസന്ധി അഭിമുഖീകരിക്കുന്നു എന്ന് അറിയുമ്പോള്‍ അയാളോട് സ്‌നേഹപൂര്‍വമായ സംഭാഷണം നിങ്ങള്‍ക്ക് തുടങ്ങാം. അല്ലെങ്കില്‍ വിഷമത്തിലുള്ള ഒരാള്‍ക്ക് പ്രത്യാശയുടെ കിരണങ്ങള്‍ പകരാം. നിങ്ങള്‍ വിഷമത്തിലാണെങ്കില്‍ ഈ 40 സെക്കന്റില്‍ നിങ്ങള്‍ വിശ്വസിക്കുന്ന ഒരാളോട് നിങ്ങളുടെ പ്രശ്‌നങ്ങള്‍ തുറന്നു സംസാരിക്കാം. അല്ലെങ്കില്‍ ആത്മഹത്യ മൂലം ഒരു സ്‌നേഹബന്ധത്തെ നഷ്ടപ്പെട്ട ഒരാളോട് അവരുടെ മാനസിക നില ആരായാം.

 

ഒരുമിച്ചുനില്‍ക്കാം, നേരിടാം

 

ഒരു മാധ്യമ പ്രവര്‍ത്തകനാണ് നിങ്ങളെങ്കില്‍ ഞാനിപ്പോള്‍ ചെയ്യുന്നത് പോലെ ആത്മഹത്യയെക്കുറിച്ചുള്ള അവബോധം വര്‍ദ്ധിപ്പിക്കുന്ന ഒരു ലേഖനമോ വാര്‍ത്താശകലമോ നല്‍കാം. ഒരു വാട്ട്‌സാപ്പ് മെസ്സേജ് എങ്കിലും മതിയാകൂം. നിങ്ങള്‍ ഒരു സ്ഥാപനത്തിലെ മേധാവിയാണെങ്കില്‍ നിങ്ങളുടെ താഴെയുള്ളവര്‍ക്ക് ആശ നല്‍കുന്ന ഒരു പോസിറ്റീവ് മെസ്സേജ് അയയ്ക്കുക. നിങ്ങളുടെ കമ്പനിയിലും ചുറ്റുമുള്ള സമൂഹത്തിലുമുള്ള വിഷമ ഘട്ടങ്ങളില്‍ തേടാവുന്ന സഹായ സംരംഭങ്ങളെപ്പറ്റിയുള്ള അറിവ് അവര്‍ക്കു കൊടുക്കുക. ഈ 40 സെക്കന്റില്‍ നിങ്ങളുടെ നേതാക്കള്‍ക്ക്, സമൂഹത്തിലെ ആത്മഹത്യാ പ്രശ്‌നം നേരിടാനുള്ള ഒരു പ്ലാന്‍ ഉണ്ടാക്കുവാനും അതിനു നേതൃത്വം നല്‍കുവാനും പ്രചോദനം നല്‍കുന്ന ഒരു സന്ദേശം അയക്കുക. നിങ്ങള്‍ ഒരു നേതാവാണെങ്കില്‍ മാനസിക ആരോഗ്യത്തെയും ആത്മഹത്യയേയും പറ്റിയുള്ള ഒരു നല്ല സന്ദേശം നിങ്ങളുടെ അനുയായികള്‍ക്ക് നല്‍കുക.
സമൂഹത്തിന്റെ ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനത്തിലൂടെ മാത്രമേ സാമൂഹ്യപ്രശ്‌നങ്ങള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യുവാന്‍ സാധിക്കുകയുള്ളൂ. അതിനാല്‍, ആത്മഹത്യയെ, ഈ മഹാ സാമൂഹിക വിപത്തിനെ നമുക്കൊന്നിച്ച് നേരിടാം. ഓരോ ആത്മഹത്യയും നമുക്ക് ഒഴിവാക്കാവുന്നതാണ്. ഓരോ ആത്മഹത്യയും ഒരു വ്യക്തിയുടെ പരാജയമല്ല, അയാള്‍ ഉള്‍പ്പെടുന്ന ആ സമൂഹത്തിന്റെ തന്നെ പരാജയമാണ്. ഒരു മനുഷ്യനും ഒരു തുരുത്തല്ല. എല്ലാ ആത്മഹത്യകളും നമ്മളോരുത്തരുടേയും ജീവന്റെ ഒരംശം കുറയ്ക്കുന്നു. പള്ളിമണികള്‍ മുഴങ്ങുമ്പോള്‍ അതാര്‍ക്കുവേണ്ടി എന്നന്വേഷിക്കേണ്ടതില്ല, അതു നമുക്കു ഓരോരുത്തര്‍ക്കും വേണ്ടിയാണ്.

 

 

 

OTHER SECTIONS