ട്രെന്‍ഡിംഗായി 'സ്റ്റേ അറ്റ് ഹോം ഗേള്‍ഫ്രണ്ട്' ലൈഫ് സ്റ്റൈല്‍

By Shyma Mohan.01 12 2022

imran-azhar

 


പാശ്ചാത്യ നാടുകളില്‍ ഇപ്പോള്‍ ട്രെന്‍ഡിംഗാകുകയാണ് സ്‌റ്റേ അറ്റ് ഹോം ഗേള്‍ഫ്രണ്ട് ലൈഫ് സ്റ്റൈല്‍. വീട്ടുജോലി മാത്രം എടുത്ത് ജീവിക്കേണ്ടവരല്ല സ്ത്രീകള്‍. പുരുഷന്മാരെ പോലെ തന്നെ സ്വന്തം സ്വപ്‌നങ്ങള്‍ കെട്ടിപ്പടുക്കാന്‍ സ്ത്രീകള്‍ക്കും അവകാശമുണ്ടെന്നും സമത്വത്തിനായി ശബ്ദമുയര്‍ത്തുകയും ചെയ്യുന്ന ഇക്കാലത്ത് നമ്മുടെ നാട്ടില്‍ പഴയ കാലത്തുണ്ടായിരുന്ന രീതിയിലേക്കുള്ള തിരിച്ചുപോക്കാണ് സ്‌റ്റേ അറ്റ് ഹോം ഗേള്‍ഫ്രണ്ട്.

 

സ്ത്രീവിരുദ്ധം എന്ന രീതിയില്‍ വിമര്‍ശിക്കപ്പെടുമ്പോള്‍ തന്നെ ഈ പുതിയ ജീവിതരീതി തിരഞ്ഞെടുക്കുന്ന ആളുകള്‍ കൂടി വരികയാണ് യൂറോപ്പില്‍. ഇത്തരം ജീവിതരീതി തങ്ങള്‍ ഇഷ്ടപ്പെടുന്നു എന്ന് വ്യക്തമാക്കിക്കൊണ്ട് നിരവധി പെണ്‍കുട്ടികളാണ് ഇപ്പോള്‍ ടിക് ടോക് വീഡിയോകളില്‍ പ്രത്യക്ഷപ്പെടുന്നത്.

 

28 കാരിയായ സമ്മര്‍ ഹോക്കിന്‍സ് എന്ന ബ്രിട്ടീഷ് യുവതിയുടെ ജീവിതകഥ കഴിഞ്ഞ ദിവസം ദി മിറര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കാമുകനെ പരിപാലിക്കുന്നതിനായി തന്റെ അധ്യാപക ജോലി ഉപേക്ഷിച്ച് കാമുകനോടൊപ്പം അയാളുടെ വീട്ടില്‍ കഴിയാന്‍ തീരുമാനിക്കുകയായിരുന്നു സമ്മര്‍ ഹോക്കിന്‍സ്.

 

ടിക് ടോക്കില്‍ വൈറലായ 'സ്റ്റേ അറ്റ് ഹോം ഗേള്‍ ഫ്രണ്ട്' ലൈഫ് സ്റ്റൈലില്‍ ആകൃഷ്ടയായാണ് ഈ യുവതി ഇങ്ങനെ ചെയ്തത്. ഈ ജീവിത രീതി കൊണ്ട് അര്‍ത്ഥമാക്കുന്നത് ഇത്ര മാത്രമേയുള്ളൂ. മറ്റു ജോലികള്‍ക്ക് ഒന്നും പോകാതെ പങ്കാളിയുടെ ചിലവില്‍ ഉണ്ടുറങ്ങി കഴിയുക. ഒപ്പം പങ്കാളിയെ ശുശ്രൂഷിക്കുകയും അയാളുടെ വീട് വൃത്തിയാക്കുകയും ഭക്ഷണം ഉണ്ടാക്കുകയും ഒക്കെ ചെയ്യുക. സ്റ്റേ അറ്റ് ഹോം ഗേള്‍ഫ്രണ്ട് എന്നാണതിന് പേരെന്നു മാത്രം.

 

ബിഗ്സ് ക്രിസ് എന്നൊരു വലിയ കോടീശ്വരനെ ആണ് ഈ പെണ്‍കുട്ടി തന്റെ പങ്കാളി ആക്കിയിരിക്കുന്നത്. ഒരു ക്ലബ്ബില്‍ വച്ചാണ് ഇരുവരും തമ്മില്‍ പരിചയപ്പെട്ടത്. ആദ്യ കൂടിക്കാഴ്ചയില്‍ തന്നെ ക്രിസിന്റെ ഗേള്‍ഫ്രണ്ട് ആകാന്‍ യുവതി തീരുമാനിക്കുകയായിരുന്നു. അതിനായി അവള്‍ തന്റെ അധ്യാപക ജോലി രാജിവച്ചു. കാമുകന്റെ വീട്ടിലേക്ക് താമസം മാറ്റിയ സമ്മര്‍ ഹോക്കിന്‍സ് ആണ് ഇപ്പോള്‍ ഇയാളുടെ വീട്ടിലെ എല്ലാമെല്ലാം.

 

ക്രിസിനെ പരിപാലിക്കുന്നതിനോടൊപ്പം മുഴുവന്‍ ജോലികളും ചെയ്യുന്നത് താനാണെന്ന് ഈ യുവതി പറയുന്നു. ജോലിയെക്കുറിച്ചോ, പണം സമ്പാദിക്കേണ്ടതിനെ കുറിച്ചോ ആശങ്കകള്‍ തനിക്ക് ഇപ്പോഴില്ല എന്നും തന്റെ എല്ലാ ചിലവുകളും വഹിക്കുന്നത് കാമുകനായ ക്രിസാണെന്നുമാണ് യുവതി പറയുന്നത്. ഏതായാലും ഈ പുതിയ ജീവിതരീതി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി കഴിഞ്ഞു.

 

OTHER SECTIONS