വേണ്ടത് ഭയമല്ല, ജാഗ്രത

By സൂരജ് സുരേന്ദ്രന്‍.26 05 2021

imran-azhar

ബ്ലാക്ക് ഫംഗസ് ഒരാളില്‍ നിന്ന് മറ്റൊരാളിലേയ്ക്ക് പകരില്ല. കോവിഡ് ബാധിതരില്‍ അണുബാധയ്ക്കുള്ള സാധ്യത കൂടുതലാണ്. പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ പാലിച്ച് സുരക്ഷിതരാവുകയാണ് ഈ ഘട്ടത്തില്‍ ചെയ്യേണ്ടത്. ബ്ലാക്ക് ഫംഗസ് പ്രതിരോധം, മുന്‍കരുതല്‍ എന്നിവയെക്കുറിച്ച് പൊതുജനാരോഗ്യ വിദഗ്ദ്ധന്‍ ഡോ.എസ്.എസ്.ലാല്‍ പറയുന്നു.കോവിഡ് മഹാമാരി വ്യാപനത്തിന് പിന്നാലെ ഫംഗസ് ബാധയും കേരളത്തില്‍ ഉള്‍പ്പെടെ പിടിമുറുക്കുകയാണ്. 13 ഓളം സംസ്ഥാനങ്ങളില്‍ ഇതിനോടകം ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചിട്ടുണ്ട്. കേരളത്തിന് പുറമെ മഹാരാഷ്ട്ര, ഗുജറാത്ത്, ഡല്‍ഹി ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലാണ് രോഗബാധ ഉയര്‍ന്ന് നില്‍ക്കുന്നത്. കോവിഡ് ബാധിച്ച് രോഗപ്രതിരോധശക്തി കുറഞ്ഞപ്പോള്‍, കോശങ്ങളില്‍ പൂപ്പലുകള്‍ കടന്നുകൂടി വളരുന്നതാണ് രോഗം കൂടാന്‍ കാരണം. കൃത്യമായ ചികിത്സയുള്ള രോഗമാണിത്. ബ്ലാക്ക് ഫംഗസ് പ്രതിരോധം, മുന്‍കരുതല്‍ എന്നിവയെക്കുറിച്ച് പൊതുജനാരോഗ്യ വിദഗ്ദ്ധന്‍ ഡോ.എസ്.എസ്.ലാല്‍ പറയുന്നു.


പകര്‍ച്ചവ്യാധിയല്ല

 

കോവിഡ് പോലെ ബ്ലാക്ക് ഫംഗസ് ഒരാളില്‍ നിന്നും മറ്റൊരാളിലേയ്ക്ക് പകരില്ല. കോവിഡ് ബാധിച്ച നിരവധിയാളുകളില്‍ ബ്ലാക്ക് ഫംഗസ് സ്ഥിരീകരിക്കുന്നുണ്ട്. എന്നാല്‍, കോവിഡ് സ്ഥിരീകരിക്കുന്ന എല്ലാവര്‍ക്കും ബ്ലാക്ക് ഫംഗസ് ബാധിക്കാനും സാധ്യതയില്ല.


എന്തുകൊണ്ട് എല്ലാവരിലുമില്ല?

 

പ്രതിരോധശേഷി കൂടിയവരില്‍ ഇത്തരം അണുബാധകള്‍ ഉണ്ടാകില്ല. അന്തരീക്ഷത്തില്‍ രോഗബാധ ഉണ്ടാക്കുന്ന പലതരം ബാക്ടീരിയകളും വൈറസുകളും ഫംഗസുകളും ഉണ്ട്. ഇവ ശരീരത്തില്‍ അണുബാധ ഉണ്ടാക്കാത്തതിന് കാരണം പ്രതിരോധശേഷിയുള്ള ശരീരം അണുക്കളെ പ്രതിരോധിക്കുന്നതിനാലാണ്. സാധാരണഗതിയില്‍ ഫംഗസ് രോഗബാധ ശ്വാസകോശങ്ങളില്‍ ഉണ്ടാകണമെന്നില്ല.

 

കോവിഡ് ബാധിതരില്‍ കൂടുതല്‍ കാരണം

 

കോവിഡ് ബാധിക്കുന്നവരില്‍ ബ്ലാക്ക് ഫംഗസ് ബാധിക്കാന്‍ സാധ്യത കൂടുതലാണ്. കാരണം കോവിഡ് ബാധിതരില്‍ പ്രതിരോധശേഷി കുറയുന്നു. ഇത് മറ്റ് അണുബാധകള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. പ്രമേഹ രോഗികള്‍, അവയവമാറ്റ ശസ്ത്രക്രിയ നടത്തി മരുന്നുകള്‍ കഴിക്കുന്നവര്‍, വാര്‍ധക്യസഹജമായ അസുഖങ്ങളുള്ളവര്‍ തുടങ്ങിയവരിലും ബ്ലാക്ക് ഫംഗസ് പിടിപെടാന്‍ സാധ്യതയുണ്ട്.

 

സ്റ്റിറോയ്ഡ് മരുന്ന് കഴിക്കുന്നവര്‍

 

കോവിഡ് ബാധ മൂലം ഉണ്ടാകുന്ന ന്യുമോണിയ, ശ്വാസകോശത്തിലുണ്ടാകുന്ന അണുബാധ ഇവ പ്രതിരോധിക്കാന്‍ സ്റ്റിറോയിഡുകള്‍ ഉപയോഗിക്കാറുണ്ട്. ഇങ്ങനെ സ്റ്റിറോയിഡ് വ്യാപകമായി ഉപയോഗിക്കുമ്പോള്‍ പ്രതിരോധശക്തി കുറയുന്നു. ഇത്തരം സാഹചര്യങ്ങളില്‍ ശരീരത്തിനുള്ളിലേക്ക് പ്രവേശിക്കുന്ന ഫംഗസുകള്‍ക്ക് രോഗബാധ ഉണ്ടാക്കാന്‍ സാധിക്കുന്നു. ഇങ്ങനെ ബാധിക്കുന്ന അണുബാധകള്‍ കാരണം മരണം വരെ സംഭവിച്ചേക്കാം.


മാസ്‌ക് ധരിക്കുമ്പോഴും ശ്രദ്ധ വേണം

 

നനവുള്ള പ്രതലങ്ങളില്‍ ഫംഗസിന് ഒട്ടിപ്പിടിക്കാനും വളരാനും സാധിക്കും. തുണി മാസ്‌കുകള്‍ കഴുകി ഉപയോഗിക്കുന്നവര്‍ ഈര്‍പ്പം ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമേ ധരിക്കാവൂ. ഇല്ലെങ്കില്‍ ഫംഗസിന് നിഷ്പ്രയാസം വായിലൂടെയും മൂക്കിലൂടെയും ശരീരത്തിനുള്ളിലേക്ക് പ്രവേശിക്കാനാകും.

 

പ്രതിരോധ മാര്‍ഗ്ഗങ്ങള്‍

 

* സ്വയം ചികിത്സ പാടില്ല, ഡോക്ടര്‍മാരുടെ ഉപദേശം തേടുക.

* കോവിഡ് പിടിപെടാതെ സൂക്ഷിക്കുക

* പ്രമേഹരോഗം കര്‍ശ്ശനമായി നിയന്ത്രണത്തില്‍ കൊണ്ടുവരിക

* ഡോക്ടറുടെ നിര്‍ദ്ദേശത്തില്‍ മാത്രം സ്റ്റിറോയിഡ് ഗുളികകള്‍ ഉപയോഗിക്കുക

* നനഞ്ഞ തുണിമാസ്‌കുകള്‍ ഉപയോഗിക്കരുത്.

* നിങ്ങള്‍ ദിവസവും തുണി മാസ്‌കുകള്‍ കഴുകി ഉണക്കി ഉപയോഗിക്കുക.

* ഒരു സര്‍ജിക്കല്‍ മാസ്‌ക് പരമാവധി 7 മണിക്കൂറുകള്‍ മാത്രം ഉപയോഗിക്കുക. എന്‍95 മാസ്‌കുകള്‍, സര്‍ജിക്കല്‍ മാസ്‌കുകള്‍ വെയിലില്‍ വച്ച് ഉണക്കി ഉപയോഗിക്കണം.

* വീടിന് പുറത്ത് പോകുന്നവര്‍ മാസ്‌ക് ധരിക്കണം

 

കോവിഡ് ബാധിതർക്കെല്ലാം ബ്ലാക്ക് ഫംഗസ് വരുമോ ?

 

 

OTHER SECTIONS