കോളോറെക്ടല്‍ കാന്‍സര്‍; ഇന്ത്യയിലും കേസുകള്‍ ഉയരുന്നു, ലക്ഷണങ്ങളെ അവഗണിക്കരുതെന്ന് ഡോക്ടര്‍മാര്‍

By Greeshma.24 02 2023

imran-azhar

 

 

ഇന്ത്യയില്‍ കോളോറെക്ടല്‍ അര്‍ബുദ കേസുകള്‍ ഉയരുകയാണെന്ന് റിപ്പോര്‍ട്ട്. വന്‍കുടലിന്റെ അവസാന ഭാഗങ്ങളായ കോളോണ്‍, റെക്ടം, മലദ്വാരം എന്നിവിടങ്ങളെ ബാധിക്കുന്ന രോഗമാണ് കോളോറെക്ടല്‍ അര്‍ബുദം.

 

45 വയസ്സിന് മുകളിലുള്ളവര്‍ ആവശ്യമായ രോഗനിര്‍ണയ പരിശോധനകള്‍ നടത്തണമെന്നും അതുവഴി രോഗസങ്കീര്‍ണതകള്‍ തടയാന്‍ ഒരു പരിധിവരെ കഴിയുമെന്നും അര്‍ബുദരോഗ വിദഗ്ധര്‍ പറയുന്നു. കോളോറെക്ടല്‍ അര്‍ബുദ കേസുകളില്‍ മരണനിരക്ക് കുറവാണ്. ജനിതകപരമായും ജീവിതശൈലിയിലെ പ്രശ്നങ്ങള്‍ കാരണവും ഈ അര്‍ബുദം വരാം.

 

 

വയറ്റില്‍ നിന്ന് പോകുന്നതിന്റെ ആവൃത്തിയിലുണ്ടാകുന്ന മാറ്റമാണ് കോളോറെക്ടല്‍ അര്‍ബുദത്തിന്റെ പ്രധാന ലക്ഷണം. ഒരു തവണ പോയിരുന്നവര്‍ നാലും അഞ്ചും തവണ പോകുന്നതും പോയിട്ടും പൂര്‍ണമായും വയര്‍ ഒഴിഞ്ഞത് പോലെ തോന്നാത്തതുമെല്ലാം അര്‍ബുദ സൂചനയാണ്.

 

കൂടാതെ വയര്‍വേദന, വിളര്‍ച്ച, രക്തസ്രാവം എന്നിവയാണ് മറ്റ് ലക്ഷണങ്ങള്‍. അലസമായ ജീവിതശൈലി, മോശം ഭക്ഷണക്രമം എന്നിവയെല്ലാം കോളോറെക്ടല്‍ അര്‍ബുദ സാധ്യത വര്‍ധിപ്പിക്കാന്‍ കാരണമാകുന്നു.

 

 

പക്ഷെ ഒന്നു മുതല്‍ രണ്ട് ശതമാനം വരെ കേസുകള്‍ മാത്രമേ ജനിതകപരമായി പകര്‍ന്ന് കിട്ടുന്നുള്ളൂ എന്നാണ് ഗ്യാസ്ട്രോ ഇന്റസ്റ്റൈനല്‍ സര്‍ജനായ ഡോ. വിവേക് മംഗ്ല ഇക്കണോമിക് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

 

നാല്‍പതോ അന്‍പതോ വയസ്സിന് മുന്‍പ് കോളോറെക്ടല്‍ അര്‍ബുദം സ്ഥിരീകരിച്ചവര്‍ കുടുംബത്തിലുണ്ടെങ്കില്‍ 20 വയസ്സുള്ളപ്പോള്‍ തന്നെ കോളോണോസ്‌കോപ്പി നടത്തേണ്ടതാണെന്ന് ഡല്‍ഹി എയിംസിലെ സര്‍ജിക്കല്‍ ഓങ്കോളജി പ്രഫസര്‍ ഡോ. എം.ഡി. റേയും ചൂണ്ടിക്കാട്ടുന്നു.

 

അതെ സമയം 45ന് വയസ്സിന് മുകളിലുള്ളവര്‍ മാത്രമല്ല കുടുംബത്തില്‍ അര്‍ബുദം വന്നിട്ടുള്ളവരുണ്ടെങ്കില്‍ അവരും പരിശോധനകള്‍ക്ക് വിധേയരാകണം. ഒറ്റ തവണയല്ല മറിച്ച് ഒന്ന് മുതല്‍ മൂന്ന് വര്‍ഷം കൂടുമ്പോള്‍ പരിശോധനകള്‍ വീണ്ടും നടത്തണം.

 

ഒന്നാം ഘട്ടത്തിലോ രണ്ടാം ഘട്ടത്തിലോ വച്ച് രോഗം കണ്ടെത്തിയാല്‍ 90 ശതമാനത്തിന് മുകളിലുള്ള കേസുകളില്‍ ചികിത്സിച്ച് മാറ്റാനാകുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. എന്നാല്‍ മൂന്നാം ഘട്ടത്തിലെത്തിയാല്‍ 70 മുതല്‍ 75 ശതമാനം കേസുകളിലും രോഗിയെ രക്ഷിക്കാനാകും.

 

നാലാം ഘട്ടത്തില്‍പ്പോലും 40 ശതമാനം കോളോറെക്ടല്‍ രോഗികള്‍ രക്ഷപ്പെടാന്‍ സാധ്യതയുണ്ട്. എന്‍ഡോസ്‌കോപ്പിയിലൂടെയോ ലാപ്രോസ്‌കോപ്പിക്, റോബോട്ടിക് സര്‍ജറികളിലൂടെയോ കോളോണ്‍, റെക്ടം, മലദ്വാരം എന്നിവിടങ്ങളിലെ മുഴകള്‍ നീക്കം ചെയ്യാനാകും.

 

എന്നാല്‍ മുഴകള്‍ അര്‍ബുദ മുഴകളാണെങ്കില്‍ ശസ്ത്രക്രിയയിലൂടെ മാത്രമേ നീക്കം ചെയ്യാന്‍ കഴിയൂ. ഇന്ത്യയില്‍ ആദ്യമൊക്കെ ഒരു ലക്ഷത്തില്‍ രണ്ടോ മൂന്നോ കോളോറെക്ടല്‍ അര്‍ബുദരോഗികള്‍ മാത്രമെ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ഇന്നത് ലക്ഷത്തില്‍ നാലായി വര്‍ദ്ധിച്ചു.

 

അതോടെ ഇന്ത്യയില്‍ പൊതുവേ ഉണ്ടാകുന്ന അര്‍ബുദങ്ങളില്‍ ഏഴാം സ്ഥാനത്ത് നിന്ന് മൂന്നാം സ്ഥാനത്തേക്കായി കോളോറെക്ടല്‍ അര്‍ബുദം. ഒരു കാരണവശാലും കോളോറെക്ടല്‍ അര്‍ബുദ ലക്ഷണങ്ങളെ കണ്ടില്ലെന്ന് ഭാവിക്കരുതെന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന നിര്‍ദ്ദേശം.

OTHER SECTIONS