വാക്സിനേഷന്‍: മാറ്റാം സംശയങ്ങളും ആശങ്കകളും

By online desk.25 04 2021

imran-azhar

 

 


ഡോ. അഞ്ജു മിറിയം ജോണ്‍

 

* ഇനി പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും കുടുംബാരോഗ്യ കേന്ദ്രങ്ങളിലും കോവിഡ് വാക്സിനേഷന്‍ ഉണ്ടാകുമോ?

 

വാക്സിന്‍ ലഭ്യത കൂടുമ്പോഴേ ഇത്തരം ചെറിയ ആശുപത്രികളില്‍ വാക്സിന്‍ വരികയുള്ളൂ. നിലവില്‍, കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍, താലൂക്ക്, ജില്ലാ ആശുപത്രികളിലാണ് വാക്സിന്‍ നല്‍കുന്നത്.

 

ജില്ലാ ഭരണകൂടം ദിവസവും പുറത്തിറക്കുന്ന വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ ലിസ്റ്റ് പരിശോധിച്ചാല്‍ എവിടെല്ലാം വാക്‌സിന്‍ ലഭ്യമാണെന്ന് അറിയാം.

 

* ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ചെയ്താലേ വാക്സിന്‍ എടുക്കാന്‍ കഴിയൂ എന്നത് ശരിയാണോ?

 

ശരിയാണ്. എവിടെ നിന്ന് വാക്സിന്‍ എടുക്കണമെങ്കിലും മുന്‍കൂട്ടി ഓണ്‍ലൈന്‍ ബുക്കിങ് നടത്തണം.

 

* ഓണ്‍ലൈന്‍ ബുക്കിങ് നടത്താന്‍ ശ്രമിക്കുമ്പോള്‍ വളരെക്കുറച്ച് സെന്ററുകളെ കാണിക്കുന്നുള്ളൂ. കാണിക്കുന്നവയാണെങ്കില്‍ വളരെ അകലെയും. എന്തു ചെയ്യാന്‍ കഴിയും?

 

ജില്ലാ തലത്തില്‍ ഒരു സെഷന്‍ ഷെഡ്യൂള്‍ ചെയ്താലേ ആ ആശുപത്രി ലിസ്റ്റില്‍ വരുകയുള്ളൂ. മാത്രമല്ല, ആ ആശുപത്രിയില്‍ എത്ര പേര്‍ക്കാണോ അലോട്ട് ചെയ്തിരിക്കുന്നത്, അത്രയും എണ്ണം കഴിയുമ്പോഴേക്കും ആ ആശുപത്രി പിന്നെ കാണിക്കില്ല.

 

ഓണ്‍ലൈന്‍ പരീക്ഷക്കും തീവണ്ടി യാത്രക്കുമൊക്കെ ബുക്ക് ചെയ്യുന്ന അതേ രീതിയില്‍ തന്നെയാണിതും. ഇടയ്ക്കിടെ സൈറ്റ് നോക്കുക. ഏതെങ്കിലും ആശുപത്രിയില്‍ സെഷന്‍ ഓപ്പണ്‍ ആകുമ്പോള്‍ ബുക്ക് ചെയ്യുക.

 

* അകലെയുള്ള ആശുപത്രിയില്‍ ബുക്ക് ചെയ്തു. പിന്നീട് അടുത്തുള്ള ആശുപത്രിയില്‍ വാക്സിന്‍ വന്നുവെന്നറിഞ്ഞു. ബുക്ക് ചെയ്തിടത്തല്ലാതെ മറ്റൊരിടത്ത് വാക്സിന്‍ എടുക്കാനാവുമോ?

 

ബുക്ക് ചെയ്ത സ്ഥലത്തെ ബുക്കിങ് ക്യാന്‍സല്‍ ചെയ്ത് ആഗ്രഹിക്കുന്നയിടത്തേക്ക് ബുക്ക് ചെയ്താലേ അവിടെ നിന്ന് വാക്സിന്‍ ലഭിക്കൂ. ഫോണില്‍ വരുന്ന കണ്‍ഫര്‍മേഷന്‍ മെസ്സേജോ റെസീപ്റ്റ് പ്രിന്റ് ഔട്ടോ കാണിച്ചാലേ ഏതു വാക്സിനേഷന്‍ സെന്ററില്‍ നിന്നും വാക്സിന്‍ ലഭിക്കൂ.

 

* സ്വകാര്യ ആശുപത്രിയില്‍ നിന്ന് വാക്സിന്‍ എടുക്കാന്‍ ബുക്ക് ചെയ്താലും ഇതേ നിയമങ്ങള്‍ ബാധകമാണോ?

 

അതെ. എല്ലാ വാക്സിനേഷന്‍ കേന്ദ്രങ്ങളിലും ഈ നിയമങ്ങള്‍ ബാധകമാണ്.

 

* ആദ്യ ഡോസാണെങ്കിലും രണ്ടാം ഡോസാണെങ്കിലും ഓണ്‍ലൈന്‍ ബുക്കിങ് ആവശ്യമാണോ?

 

അതെ, ഏതു ഡോസെടുക്കണമെങ്കിലും ഓണ്‍ലൈന്‍ ബുക്കിങ് ആവശ്യമാണ്. എന്നാല്‍, ഒന്നാം ഡോസാണെങ്കില്‍-ഐ.ഡി. കാര്‍ഡ് നമ്പര്‍, വയസ്സ് മുതലായവ നല്‍കി രജിസ്റ്റര്‍ ചെയ്തിട്ട് വേണം എവിടെ വച്ച് ഏതു ദിവസം എടുക്കണമെന്ന് ബുക്ക് ചെയ്യാന്‍.

 

മറിച്ച്, രണ്ടാം ഡോസാണെങ്കില്‍, ആദ്യ ഡോസെടുക്കാന്‍ വന്നപ്പോള്‍ കൊടുത്ത ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് വേണം സൈന്‍ ഇന്‍ ചെയ്യാന്‍. അപ്പോള്‍ പേരും നിങ്ങള്‍ ആദ്യ വാക്സിനെടുത്ത (പാര്‍ഷലി വാക്സിനേറ്റഡ്) ദിവസവും മെസ്സേജില്‍ കാണാം. തുടര്‍ന്ന് ബുക്കിങ് മാത്രം ചെയ്താല്‍ മതി.

 

* ആദ്യത്തെ ഡോസ് എടുത്തതാണ്. പക്ഷെ ഫോണ്‍ നമ്പര്‍ കൊടുക്കുമ്പോള്‍ പാര്‍ഷലി വാക്സിനേറ്റഡ് മെസ്സേജ് കാണുന്നില്ല. എന്തു ചെയ്യണം?

 

ഇതിന് പല കാരണങ്ങളുണ്ടാവാം. ചിലപ്പോള്‍ ഒന്നാം പ്രാവശ്യം കൊടുത്ത ഫോണ്‍ നമ്പര്‍ വ്യത്യസ്തമാവാം, അല്ലെങ്കില്‍ ഏതെങ്കിലും അക്കത്തില്‍ വ്യത്യാസം വന്നതാവാം.

 

ഒരു പക്ഷേ, ആദ്യ ഡോസ് എടുത്ത സമയത്ത് നിങ്ങളുടെ രജിസ്ട്രേഷന്‍ ശരിയായ രീതിയില്‍ പൂര്‍ത്തിയാക്കിയിരുന്നെങ്കിലും ഇങ്ങനെ സംഭവിക്കാം.

 

നിങ്ങള്‍ ആദ്യ ഡോസ് എടുത്തയിടത്തെ റിപ്പോര്‍ട്ടില്‍ നിന്നും എന്താണ് സംഭവിച്ചതെന്ന് ഏറെക്കുറെ മനസ്സിലാക്കാനാവും.

 

* ആദ്യ ഡോസ് വാക്സിനേഷന്‍ എടുത്തയിടത്ത് ഫോണ്‍ നമ്പര്‍ ഒരക്കം മാറിപ്പോയതിനാല്‍ പാര്‍ഷലി വാക്സിനേറ്റഡ് മെസ്സേജ് വരുന്നില്ല. എന്തു ചെയ്യാന്‍ സാധിക്കും?. പുതുതായി രജിസ്റ്റര്‍ ചെയ്യാമോ?

 

പുതുതായി രജിസ്റ്റര്‍ ചെയ്താല്‍ എടുക്കുന്ന ഡോസ് ഒന്നാമത്തേതായി കണക്കാക്കപ്പെടും. സര്‍ട്ടിഫിക്കറ്റ് തെറ്റായിപ്പോകും. അതുകൊണ്ട് അതിനു മുതിരേണ്ടതില്ല.

 

ഇങ്ങനെയുള്ളവര്‍ തല്കാലം കാത്തിരിക്കുക. പുതുതായി രജിസ്റ്റര്‍ ചെയ്ത് രണ്ടാം ഡോസ് എടുക്കാനുള്ള അവസരം താമസിയാതെ ഉണ്ടാകും.

 

* ഒന്നാം ഡോസ് എടുത്ത് 8 ആഴ്ച കഴിഞ്ഞിട്ടും രണ്ടാം ഡോസ് എടുക്കാന്‍ സാധിച്ചില്ല. ആദ്യ ഡോസ് എടുത്തതു കൊണ്ടുള്ള ഫലം നഷ്ടമാകുമോ?

 

ഇല്ല, പിന്നീട് എടുത്താലും നിങ്ങള്‍ക്കു ലഭിക്കുന്ന പ്രതിരോധശേഷിയില്‍ മാറ്റമില്ല.

 

* വാക്സിന്‍ ഇല്ലാത്തപ്പോള്‍ നിങ്ങള്‍ 4 ആഴ്ച, 6 ആഴ്ചയാക്കി, പിന്നെ 8 ആക്കി, ഇനി 12 ആയാലും കുഴപ്പമില്ല എന്നു പറയുന്നു. ഇപ്പറയുന്നതില്‍ എന്താണ് യാഥാര്‍ത്ഥ്യം?

 

ഇന്ത്യയിലെ വിദഗ്ധ ഗ്രൂപ്പാണ് 4 ആഴ്ച എന്നത് 6 മുതല്‍ 8 ആഴ്ചയാക്കിയത്. എന്നാല്‍, പല വിദേശ രാജ്യങ്ങളിലും ഇത് മൂന്ന് മാസമാണ്. അവിടെയൊന്നും വാക്സിന്‍ ലഭ്യതക്കുറവില്ലല്ലോ. ഏതായാലും രണ്ടാം ഡോസ് താമസിച്ചതുകൊണ്ട് അപകടമില്ല എന്നുറപ്പാണ്.

 

* ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ചെയ്യാനറിയാത്തവര്‍, ഫോണ്‍ ഇല്ലാത്തവര്‍ എന്തു ചെയ്യണം?

 

ഇവിടെയാണ് നമ്മുടെ സന്നദ്ധപ്രവര്‍ത്തകരുടെയും യുവാക്കളുടെയും പ്രവര്‍ത്തനവും സഹകരണവും ആവശ്യമായി വരുന്നത്.

 

നമ്മുടെ പ്രദേശങ്ങളില്‍ ഉള്ള ഓണ്‍ലൈന്‍ ബുക്കിങ് ചെയ്യാനറിയാത്തവരെ എങ്ങനെ അവരെ തിരക്കില്‍പ്പെടുത്താതെ, ബുദ്ധിമുട്ടിക്കാതെ ബുക്കിങ് ചെയ്തു കൊടുക്കാം എന്ന് എല്ലാ സന്നദ്ധ പ്രവര്‍ത്തകരും ആലോചിച്ച് തീരുമാനിക്കുക, സഹായിക്കുക.

 

എന്നിട്ടും സാധിക്കാത്തവരുടെ വിവരങ്ങള്‍ ആദ്യത്തെ ഡോസ് വാക്‌സിന്‍ എടുത്ത സ്ഥലത്തെ ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കുക.

 

ഓണ്‍ലൈന്‍ രജിസ്ട്രേഷനും നമ്മുടെ നാട്ടിലെ ആളുകളെ വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ എത്തിക്കുകയും വലിയ വെല്ലുവിളി തന്നെയാണ്. എന്നാല്‍, നമ്മുടെ കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ നമുക്ക് ഈ ഘട്ടവും അതിജീവിക്കാനാവും.

 

(അരുവിക്കര കുടുംബാരോഗ്യ കേന്ദ്രത്തില്‍ മെഡിക്കല്‍ ഓഫീസര്‍ ആണ് ലേഖിക)

 

 

OTHER SECTIONS