By sisira.13 01 2021
കോഴിക്കോട്: കോവിഡ് 19-നെ പ്രതിരോധിക്കുന്നതിനുള്ള വാക്സിന്‍ എടുത്താലും മാസ്ക് ധരിക്കുന്നതടക്കമുള്ള മുൻകരുതലുകൾ തുടരേണ്ടി വരുമെന്ന് ഐ.സി.എം.ആര്‍. ഗവേഷണകേന്ദ്രം വൈറോളജി വിഭാഗം മുന്‍ മേധാവി ഡോ. ജേക്കബ് ജോണ്‍ പറഞ്ഞു.
''സമൂഹത്തിന്റെ മൊത്തം സുരക്ഷയ്ക്ക് ഇത് അനിവാര്യമാണ്. വൈറസിനെതിരെയുള്ള പോരാട്ടത്തില്‍ വാക്സിനേഷനിലൂടെ വലിയൊരു മുന്നേറ്റമാണ് നമ്മള്‍ നടത്തുന്നത്. പക്ഷേ, നിലവിലുള്ള മുന്‍കരുതലുകളില്‍ വിട്ടുവീഴ്ച ചെയ്യാനാവില്ല.'' ഒരു പ്രമുഖ മാധ്യമത്തോട് സംസാരിക്കുകയായിരുന്നു ഡോ. ജേക്കബ് ജോണ്‍.
വാക്സിൻ എടുത്തുകഴിഞ്ഞാലും മാസ്‌ക് ധരിക്കണം. സോപ്പ് ഉപയോഗിച്ച് കൈകഴുകല്‍, ശാരീരിക അകലം പാലിക്കല്‍ എന്നിവയും തുടരണം. നമ്മുടെ സ്വന്തം ആവശ്യത്തിനു വേണ്ടി മാത്രമല്ല മറ്റുള്ളവരുടെ സുരക്ഷയ്ക്കും കൂടിയാണിതെന്ന ബോധ്യം ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോള്‍ ഇന്ത്യയില്‍ വിതരണം ചെയ്യുന്ന കോവിഷീല്‍ഡ് എന്ന വാക്സിന് 70 ശതമാനം ഫലസിദ്ധിയുണ്ടെന്നാണ് കരുതപ്പെടുന്നത്. കോവിഷീല്‍ഡിന് ഡ്രഗ്സ് കണ്‍ട്രോള്‍ ജനറല്‍ ഒഫ് ഇന്ത്യയുടെ (ഡി.ജി.സി.ഐ.) അടിയന്തര അനുമതിയാണ് ലഭിച്ചിട്ടുള്ളത്.
ഈ വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം ഇന്ത്യയില്‍ നടന്നിട്ടില്ല. ഇംഗ്ളണ്ടിലും മറ്റും നടന്ന മൂന്നാം ഘട്ട പരീക്ഷണത്തിന്റെ ഫലങ്ങളുടെ അടിസ്ഥാനത്തിലാണ് ഡി.ജി.സി.ഐ. ഈ അനുമതി നല്‍കിയിട്ടുള്ളത്.
വാക്സിന്‍ വില്‍ക്കുന്നതിനുള്ള ലൈസന്‍സല്ല, അടിയന്തരഘട്ടത്തില്‍ നല്‍കുന്നതിനുള്ള അനുമതിയാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് ലഭിച്ചിട്ടുള്ളതെന്നും വരുംനാളുകളിലാണ് വാക്സിന്റെ ഫലം നമ്മള്‍ ശരിക്കും അറിയാന്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.