കുട്ടികളില്‍ കോവിഡ് വാക്‌സിന്‍ പരീക്ഷണം ഉടന്‍

By aswany.08 02 2021

imran-azhar

 

ന്യൂഡല്‍ഹി: കോവിഡ് കാലത്ത് രക്ഷിതാക്കള്‍ക്ക് ആശ്വാസകരമായ വാര്‍ത്ത. കുട്ടികളില്‍ കൊവിഡ് പ്രതിരോധ വാക്സിന്‍ പരീക്ഷണം ഉടന്‍ നടത്തുമെന്ന് ഭാരത് ബയോടെക് അറിയിച്ചു.ഫെബ്രുവരി അവസാനത്തോടെ കൊവാക്സിന്‍ പരീക്ഷണം തുടങ്ങും. ഇതിനായുള്ള കേന്ദ്ര സര്‍ക്കാര്‍ അനുമതി ലഭിച്ചതായും ഭാരത് ബയോടെക് അറിയിച്ചു. രണ്ടു മുതല്‍ 18 വയസു വരെ പ്രായമുള്ളവരിലാണു പരീക്ഷണം നടത്തുന്നത്.

 


നാഗ്പുരിലെ തിരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ ആശുപത്രികളിലാവും ട്രയല്‍ നടത്തുക. മേയില്‍ കുട്ടികള്‍ക്കുള്ള വാക്സീന്‍ തയാറാകുമെന്ന് ഭാരത് ബയോടെക് എംഡി കൃഷ്ണ എല്ല പറഞ്ഞിരുന്നു. ലോകത്തു തന്നെ ആദ്യമായാവും ഇത്തരത്തില്‍ കുട്ടികളില്‍ വാക്സീന്‍ പരീക്ഷണം നടത്തുകയെന്ന് അധികൃതര്‍ വ്യക്തമാക്കി. 2-5 വയസ്, 6-12 വയസ്, 12-18 വയസ് എന്നിങ്ങനെ തിരിച്ചാവും പരീക്ഷണം നടത്തുക. കോവിഡ് പോരാട്ടത്തിലെ നിര്‍ണായക ഘട്ടമാണിതെന്നും കര്‍ശനമായ പ്രോട്ടോക്കോള്‍ പാലിച്ചാവും പരീക്ഷണമെന്നും അധികൃതര്‍ പറഞ്ഞു.

 

 

രാജ്യാന്തര നിയമപ്രകാരം നിര്‍ജീവ വൈറസുകള്‍ അടിസ്ഥാനമാക്കി നിര്‍മിച്ച വാക്സീനുകള്‍ മാത്രമേ 16 വയസില്‍ താഴെയുള്ള കുട്ടികളില്‍ പരീക്ഷണം നടത്താവൂ. ആ സാഹചര്യത്തില്‍ ഇന്ത്യയിലുള്ള ഏക മാര്‍ഗമെന്നത് കോവാക്സിന്‍ മാത്രമാണ്.

 

ഇന്ത്യയില്‍ നിര്‍മിക്കുന്ന മറ്റു വാക്സിനുകള്‍ എംആര്‍എന്‍എ, ചിംപാന്‍സി അഡിനോവൈറസ് വെക്ടര്‍ പ്ലാറ്റ്ഫോം എന്നിവ അടിസ്ഥാനമാക്കിയുള്ളതാണ്. 12 വയസിനു മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് കൊവാക്സീന്‍ ഉപയോഗിക്കാന്‍ ഉപാധികളോടെ ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ ജനുവരിയില്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് സര്‍ക്കാര്‍ അതു പിന്‍വലിച്ചു. ഇതിനു ശേഷമാണ് കുട്ടികളില്‍ പരീക്ഷണം നടത്താനുള്ള അനുമതി തേടുമെന്ന് ഭാരത് ബയോടെക് അറിയിച്ചത്.

 

പല സംസ്ഥാനങ്ങളിലും രജിസ്റ്റര്‍ ചെയ്തവരില്‍ 50 ശതമാനം പേര്‍ മാത്രമാണ് വാക്‌സിന്‍ സ്വീകരിച്ചത്. അതിനാല്‍ കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളോട് വാക്‌സിന്‍ വിതരണം വേഗത്തിലാക്കണം എന്ന് നിര്‍ദ്ദേശിച്ചിരുന്നു. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മുന്നണിപ്പോരാളികള്‍ക്കും നല്‍കിയ ശേഷം 50 വയസിന് മുകളിലുള്ളവര്‍ക്ക് നല്‍കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം.

 

OTHER SECTIONS