By Greeshma Rakesh.17 04 2023
ഇന്ത്യയിലെ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം 10,000 കടന്നിരിക്കുകയാണ്. എക്‌സ്ബിബി 1.16 വകഭേദം കാരണം ഇപ്പോഴുണ്ടായിരിക്കുന്ന ഈ അതിതീവ്ര വ്യാപനത്തെ ആശങ്കയോടെയാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ കാണുന്നത്. മാത്രമല്ല ബിഎ.2 വകഭേദത്തിന്റെ സമയത്തുണ്ടായ കോവിഡ് വ്യാപനവുമായിട്ടാണ് നിലവിലെ അവസ്ഥയെ പലരും താരതമ്യപ്പെടുത്തുന്നത്.
കഴിഞ്ഞ രണ്ട് വര്‍ഷമായി ഒമിക്രോണിന്റെ ഉപവകഭേദങ്ങളാണ് ഇന്ത്യയില്‍ കോവിഡ് പരത്തിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ രോഗവ്യാപനത്തിന് കാരണമാകുന്ന എക്‌സ്ബിബി 1.16 എക്‌സ്ബിബി 1.15 എന്ന ഒമിക്രോണ്‍ ഉപവകഭേദത്തോട് സാമ്യം പുലര്‍ത്തുന്നു. എന്നാല്‍ എക്‌സ്ബിബി.1, എക്‌സ്ബിബി 1.5 ഉപവകഭേദങ്ങളെ അപേക്ഷിച്ച് ഇവയുടെ എഫക്ടീവ് റീപ്രൊഡക്ടീവ് നമ്പര്‍ 1.27 മടങ്ങും 1.17 മടങ്ങും അധികമാണ്. രോഗബാധിതനായ ഒരു വ്യക്തിയില്‍ നിന്ന് എത്ര പേരിലേക്ക് വൈറസ് പകരാം എന്നതിനെ കുറിക്കുന്ന സംഖ്യയാണ് എഫക്ടീവ് റീപ്രൊഡക്ടീവ് നമ്പര്‍.
പെരുകാനും പടരാനുമുള്ള എക്‌സ്ബിബി 1.16ന്റെ കഴിവ് മുന്‍ വകഭേദങ്ങളെ അപേക്ഷിച്ച് കൂടുതലാണെന്ന് പകര്‍ച്ചവ്യാധി വിദഗ്ധര്‍ പറയുന്നു. ലോകാരോഗ്യ സംഘടന പ്രത്യേകം നിരീക്ഷിക്കേണ്ട കോവിഡ് വകഭേദങ്ങളുടെ പട്ടികയിലേക്ക് എക്‌സ്ബിബി 1.16നെയും ചേര്‍ത്തിരുന്നു. ബിക്യു.1, ബിഎ.2.75, സിഎച്ച്.1.1., എക്‌സ്ബിബി, എക്‌സ്ബിഎഫ് എന്നിവയാണ് ഈ പട്ടികയിലുള്ള മറ്റ് വകഭേദങ്ങള്‍.
കോവിഡിന്റെ ഡെല്‍റ്റ വകഭേദത്തിന്റെ സമയത്ത് ഉണ്ടായിരുന്ന അത്ര രോഗതീവത്രത എക്‌സ്ബിബി 1.16ന് ഇല്ല എന്നത് അല്‍പം ആശ്വാസത്തിന് വക നല്‍കുന്നതാണ്. എന്നാല്‍ നിയന്ത്രണങ്ങളില്ലാതെ വൈറസിനെ പടരാന്‍ അനുവദിക്കുന്നത് പുതിയ റീകോംബിനന്റ് വൈറസുകളുടെ ഉത്ഭവത്തിന് കാരണമാകാമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.