ഓര്‍മ്മകള്‍ നഷ്ടമാകുന്ന രോഗം! ആശങ്ക വേണ്ട, പ്രതീക്ഷയുണ്ട്, അല്‍ഷിമേഴ്‌സിന് മരുന്ന്

By Web Desk.01 12 2022

imran-azhar

 

അല്‍ഷിമേഴ്‌സ് എന്ന രോഗത്തിന്റെ തീവ്രത അറിയുന്നത് രോഗിയല്ല, ഒപ്പമുള്ളവരാണ്. ഓര്‍മകളില്ലാത്ത ലോകത്ത് രോഗി ഒന്നുമറിയാതെ മറഞ്ഞിരിക്കും. ഫലപ്രദമായ മരുന്നില്ലാത്ത രോഗമാണ് അല്‍ഷിമേഴ്‌സ്. രോഗത്തെ കുറിച്ചുള്ള ആശങ്ക വര്‍ദ്ധിപ്പിക്കുന്നത് ചികിത്സയുടെ അഭാവം കൂടിയാണ്. എന്നാല്‍, ആ അവസ്ഥയ്ക്ക് മാറ്റം വരുന്നു. അല്‍ഷിമേഴ്‌സിന് മരുന്ന് വരുന്നു.

 

യു.കെയില്‍ നടക്കുന്ന ഒരു പഠനം അല്‍ഷിമേഴ്‌സ് എന്ന രോഗാവസ്ഥയെ തുടച്ചുനീക്കാനാവുമോ എന്ന് പരിശോധിച്ചു വരികയാണ്. തുടക്കത്തിലേ കണ്ടെത്താനായാല്‍ രോഗം ഭേദപ്പെടുത്താം എന്ന് പഠനത്തിന്റെ ഭാഗമായ വിദഗ്ധര്‍ വ്യക്തമാക്കിയിട്ടുണ്ട്.

 

ലെക്കാനെമാബ് (Lecanemab) എന്ന മരുന്നിന് അല്‍ഷിമേഴ്‌സിനെ ചെറുക്കാനാവുമോ എന്നാണ് പ്രധാനമായും പഠനം നടക്കുന്നത്. അല്‍ഷിമേഴ്‌സ് രോഗികളുടെ തലച്ചോറിലുണ്ടാകുന്ന ബിറ്റ അമിലോയ്ഡിനെ പ്രതിരോധിക്കുകയാണ് ലെക്കാനെമാബ് ചെയ്യുന്നത്. ഈ മരുന്ന് പരീക്ഷിച്ചു നോക്കിയ രോഗികളില്‍ മാറ്റം കാണുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

പഠനത്തിനു പിന്നില്‍ മുപ്പത് വര്‍ഷത്തോളമായി പ്രവര്‍ത്തിക്കുന്ന പ്രൊഫസര്‍ ജോണ്‍ ഹാര്‍ഡ്ലി പറയുന്നത് ഇത് ചരിത്രനിമിഷമാണെന്നാണ്. അല്‍ഷിമേഴ്‌സ് ആദ്യഘട്ടത്തില്‍ തന്നെ തിരിച്ചറിഞ്ഞ രോഗികളില്‍ മരുന്ന് മാറ്റമുണ്ടാക്കുന്നു എന്നത് പ്രത്യാശ നിറയ്ക്കുന്നതാണെന്നാണ് അദ്ദേഹം പറയുന്നത്. നൂറ് ശതമാനവും തോല്‍വി മാത്രമായിരുന്നു ഇത്രയുംനാള്‍ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചതില്‍ നിന്നുണ്ടായത്. എന്നാല്‍ ഇന്ന് ഇത് ചരിത്രത്തിലെ ഏറ്റവും വലിയ കാല്‍വയ്പ്പിലേക്ക് നീങ്ങുകയാണ് എന്നും പഠനത്തെക്കുറിച്ച് ഹാര്‍ഡ്ലി വ്യക്തമാക്കുന്നു.

 

ലെക്കാനെമാബ് ഒരു ആന്റിബോഡിയായി പ്രവര്‍ത്തിക്കുകയാണ് ചെയ്യുന്നത്. തലച്ചോറിലുണ്ടാകുന്ന അമിലോയ്ഡുകളെ പ്രതിരോധിക്കുകയാണ് ഇത് ചെയ്യുന്നത്. അല്‍ഷിമേഴ്‌സ് തുടക്കത്തില്‍ തന്നെ തിരിച്ചറിഞ്ഞ 1,795 പേരിലാണ് മരുന്ന് പരീക്ഷിക്കുന്നത്. രോഗികളില്‍ അത്ഭുതകരമായ മാറ്റം പെട്ടെന്നുണ്ടാക്കാന്‍ കഴിയില്ലെങ്കിലും ഓര്‍മകളെ മുഴുവനായും അസുഖം കാര്‍ന്നു തിന്നുന്ന അവസ്ഥയിലേക്ക് നീങ്ങുന്നതില്‍ നിന്ന് പ്രതിരോധിക്കാന്‍ ഈ മരുന്നിന് കഴിയുന്നുണ്ട്. രോഗവസ്ഥയെ നിയന്ത്രിച്ചുനിര്‍ത്താനും സഹായിക്കുന്നുണ്ട്.

 

 

OTHER SECTIONS