കോവിഡ്: പുതിയ വകഭേദവും ഹോമിയോപ്പതിയും

By Aswany Mohan K.22 04 2021

imran-azhar



 


കോവിഡിന്റെ പുതിയ വകഭേദങ്ങളെക്കുറിച്ച് ഭയാനക വിവരങ്ങളാണ് നാം കേള്‍ക്കുന്നത്. കോവിഡ്-19 രോഗലക്ഷണങ്ങളില്‍ സാധാരണ കണ്ടുവന്നിരുന്നത് പനി, തലവേദന, വരണ്ട ചുമ, ക്ഷീണം, ശരീരവേദന, വയറിളക്കം, തൊണ്ടവേദന, കണ്ണുകളില്‍ നീര്‍ക്കെട്ട്, രുചിയും മണവുമില്ലായ്മ, തൊലിപ്പുറത്തെ പാടുകള്‍ തുടങ്ങിയവയായിരുന്നു.

 

രോഗ തീവ്രത കൂടിയവര്‍ക്ക് നെഞ്ചുവേദനയും കടുത്ത ശ്വാസംമുട്ടലും അനുഭവപ്പെട്ടു. എന്നാല്‍, പുതിയ മ്യൂട്ടേഷനുകള്‍ നമ്മുടെ ശരീരത്തെ ആക്രമിക്കുന്ന രീതിയില്‍തന്നെ വ്യത്യാസങ്ങളുണ്ട്. ഏതാണ്ടെല്ലാ കോവിഡ് കേസുകളിലും പ്രധാനമായും കാണപ്പെടുന്ന പനി പുതിയ വൈറസ് ബാധയില്‍ ചിലപ്പോള്‍ കണ്ടെന്നുവരില്ല.

 

അതേസമയം, കാഴ്ചവൈകല്യം, കേള്‍വി തകരാറ്, പേശിവേദന, ചര്‍മ അണുബാധ തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടുവരുകയും ചെയ്യുന്നു. സാംക്രമിക രോഗങ്ങളുടെ വ്യാപനമുണ്ടാകുമ്പോള്‍ പ്രതിരോധിക്കാന്‍ നല്‍കുന്ന ഔഷധത്തെ 'ജീനസ് എപിഡെമിക്സ്' എന്നാണ് ഡോ. സാമുവല്‍ ഹാനിമാന്‍ പേരിട്ടത്.

 


കോവിഡിന്റെ ആദ്യ തരംഗമുണ്ടായപ്പോള്‍ ഡല്‍ഹിയിലെ ആയുഷ് ഡിപ്പാര്‍ട്മെന്റ് പ്രതിരോധിക്കാനുള്ള ഔഷധമായി തിരഞ്ഞെടുത്തത് 'ആര്‍സെനിം ആല്‍ബം 30' എന്ന ഔഷധമായിരുന്നു. രോഗമുണ്ടാക്കുന്ന രോഗാണു അതല്ലെങ്കില്‍ വകേഭദങ്ങള്‍ ഏതെല്ലാം തരം, രോഗലക്ഷണങ്ങള്‍ രോഗിയില്‍ പ്രകടമാക്കുന്നുവെന്നതിനെ അടിസ്ഥാനപ്പെടുത്തിയും പഠനവിധേയമാക്കിയുമാണ് ഹോമിയോപ്പതിയില്‍ പ്രതിരോധ ഔഷധം നിര്‍ണയിക്കുന്നത്.

 


രോഗതീവ്രതയും സങ്കീര്‍ണതകളുംകൂടി പരിഗണിക്കപ്പെടുമ്പോള്‍ ഈ ഔഷധവും അതിന്റെ പൊട്ടന്‍സിയും മാറിയേക്കാം. ആദ്യ തരംഗത്തില്‍ തിരഞ്ഞടുക്കപ്പെട്ട ഔഷധം 'ആര്‍സെനികം ആല്‍ബം' ആയിരുന്നെങ്കിലും രണ്ടാം തരംഗത്തിന്റെ തീവ്രതയും രോഗലക്ഷണങ്ങളും കണക്കിലെടുക്കുമ്പോള്‍ ഫോസ് 30, ബ്രയോണിയ 30 തുടങ്ങിയ ഔഷധങ്ങള്‍കൂടി പ്രതിരോധത്തിന് ഉപയോഗിക്കാവുന്നതാണ്.

 

സംസ്ഥാനത്ത് മുമ്പ് ഡെങ്കിപ്പനി, ചിക്കുന്‍ ഗുനിയ, ജാപ്പനീസ് എന്‍സെഫലൈറ്റിസ് തുടങ്ങിയ സാംക്രമിക രോഗങ്ങള്‍ പടര്‍ന്നുപിടിച്ചപ്പോള്‍ ഹോമിയോപ്പതി ചികിത്സയും പ്രതിരോധവും ഏറെ ഫലപ്രാപ്തി കൈവരിച്ചത് ഓര്‍ക്കുമല്ലോ. പ്രതിരോധ രംഗത്ത് മാത്രമല്ല രോഗചികിത്സയിലും ഹോമിയോപ്പതി ഫലപ്രദമാണ്.

 

കോവിഡിന്റെ പ്രധാന സങ്കീര്‍ണതകളിലൊന്നായ ന്യുമോണിയ തടയാനും ചികിത്സിച്ച് സുഖപ്പെടുത്താനും ഫലപ്രദമായ ഔഷധങ്ങള്‍ ഹോമിയോപ്പതിയിലുണ്ട്. നിര്‍ഭാഗ്യവശാല്‍ ഈ ഒരു പ്രതിസന്ധി ഘട്ടത്തിലും ഹോമിയോപ്പതിയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ സര്‍ക്കാറും ആരോഗ്യ വകുപ്പും മടികാണിക്കുകയാണ്.

 

ആദ്യ തരംഗത്തില്‍ ഹോമിയോ ഡോക്ടര്‍മാര്‍ ചികിത്സിക്കേണ്ട എന്നായിരുന്നു ആരോഗ്യ വകുപ്പ് നിലപാട്. പിന്നീട് രോഗം വ്യാപകമായപ്പോള്‍ എല്ലാ സ്വകാര്യ ഹോമിയോ ക്ലിനിക്കുകളിലും രോഗികള്‍ എത്തിത്തുടങ്ങി. ഫലപ്രാപ്തിയും ലഭിക്കുന്നുണ്ട്. അലോപ്പതി െവദ്യശാസ്ത്രരംഗത്തെ അളവുകോല്‍കൊണ്ട് ഹോമിയോപ്പതിയുടെ ചികിത്സരംഗത്തെ ഫലപ്രാപ്തി അളന്നുനോക്കാന്‍ ശ്രമിച്ചതിനുശേഷം 'കപടശാസ്ത്രം' എന്ന് മുദ്രകുത്തി അപവാദ കാമ്പയിന്‍ നടത്തുന്ന പ്രവണതയുമുണ്ട്.

 

അങ്ങനെയെങ്കില്‍ പൊതുഖജനാവില്‍നിന്ന് നികുതിപ്പണംകൊണ്ട് നടത്തുന്ന ഹോമിയോ മെഡിക്കല്‍ കോളജ് അടക്കമുള്ള സര്‍ക്കാര്‍ ഹോമിയോ സ്ഥാപനങ്ങള്‍ നിലനിര്‍ത്തുന്നതില്‍ അര്‍ഥമില്ല. ഒന്നുകില്‍ ജനങ്ങള്‍ക്ക് ഈ സ്ഥാപനങ്ങള്‍ വഴി ഹോമിയോപ്പതിയുടെ സേവനങ്ങള്‍ ലഭ്യമാക്കുക, അതല്ലെങ്കില്‍ അടച്ചുപൂട്ടുക. കോവിഡിന്റെ ഭയാനകമായ അവസ്ഥയിലെങ്കിലും എല്ലാ വൈദ്യശാസ്ത്ര ശാഖകളെയും സമന്വയിപ്പിച്ച് ജനങ്ങളെ മരണമുനമ്പില്‍നിന്ന് രക്ഷിക്കാന്‍ സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടതുണ്ട്.

 

 

OTHER SECTIONS