ഇനി എന്തിന് പരീക്ഷപ്പേടി! ആത്മവിശ്വാസത്തോടെ എഴുതാം

By Web Desk.23 02 2023

imran-azhar

 

 


നിതിന്‍ എ.എഫ്.
കണ്‍സള്‍ട്ടന്റ്
സൈക്കോളജിസ്റ്റ്
എസ്.യു.ടി. ആശുപത്രി
പട്ടം, തിരുവനന്തപുരം

 

 

കുട്ടികള്‍ ഒരു പരീക്ഷാകാലത്തിലേക്ക് കടക്കുകയാണ്. കുട്ടികള്‍ വളരെ തീവ്രമായി പഠിച്ചുകൊണ്ടിരിക്കുന്ന കാലമാണിത്. പ്രത്യേകിച്ച് പൊതു പരീക്ഷകളും തുടര്‍ന്ന് മത്സര പരീക്ഷയുടെയും മാസങ്ങളുമാണ് വരാന്‍ പോകുന്നത്. ഈ അവസത്തില്‍ കുട്ടികളും രക്ഷിതാക്കളും മനസിലാക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. രക്ഷിതാക്കള്‍ പ്രത്യേകിച്ച് ഈ അവസരത്തില്‍ പഠനകാര്യങ്ങളില്‍ കൂടുതല്‍ സമ്മര്‍ദ്ദം കുട്ടികളില്‍ ചെലുത്താതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

 

ഈ സമയം സമ്മര്‍ദ്ദങ്ങള്‍ക്കുള്ളതല്ല, മറിച്ച് പഠിച്ച കാര്യങ്ങള്‍ ആവര്‍ത്തിച്ച് പഠിക്കുന്നതിനും വിട്ടുപോയ പ്രധാന ഭാഗങ്ങള്‍ പഠിക്കുന്നതിനുമുള്ള സമയം ആണ്. ഈ സമയം കുട്ടികളെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുന്നത് അവരുടെ പരീക്ഷയിലെ പ്രകടനത്തെ ബാധിക്കും. കുട്ടികള്‍ക്ക് സമ്മര്‍ദ്ദങ്ങള്‍ ഇല്ലാതെ സ്വയം പഠിക്കുന്നതിനുള്ള അവസരമാണ് ഈ അവസരത്തില്‍ ഒരുക്കേണ്ടത്. കുട്ടികള്‍ സ്വയം സമ്മര്‍ദ്ദത്തിലാകുന്ന പ്രവണതയും കണ്ടുവരുന്നു.

 

കുട്ടികള്‍ സ്വയം ചെലുത്തുന്ന സമ്മര്‍ദ്ദം ആണെങ്കിലും രക്ഷകര്‍ത്താക്കളുടെ സമ്മര്‍ദ്ദം ആണെങ്കിലും കൂടുതലായും സംഭവിക്കുന്നത് മറ്റുള്ളവരുമായി താരതമ്യപ്പെടുത്തുന്നതിലൂടെ ആണ്. മറ്റുള്ളവരുമായുള്ള താരതമ്യം പൂര്‍ണമായും ഒഴിവാക്കേണ്ടത് ഫലപ്രദമായ പഠനത്തിന് ആവശ്യമാണ്.

 

ഈ അവസരത്തില്‍ വിദ്യാര്‍ത്ഥികള്‍ ആരും റിസള്‍ട്ടിനെ കുറിച്ച് ചിന്തിക്കരുത്. പകരം അറിവ് വര്‍ധിപ്പിക്കാനുള്ള ആത്മാര്‍ത്ഥവും സത്യസന്ധവുമായ ശ്രമങ്ങളാണ് നടത്തേണ്ടത്. ഈ സമീപനം വിദ്യാര്‍ത്ഥികളില്‍ ആത്മവിശ്വാസം വര്‍ധിക്കുന്നതിന് സഹായിക്കും.

 

ദിനചര്യ ക്രമീകരിക്കാന്‍ ശ്രമിക്കുക. അത് എല്ലാ ദിവസവും ഒരുപോലെയാകത്തക്ക വിധം ക്രമീകരിക്കുക. പ്രത്യേകിച്ച് ഉറക്കം, ഭക്ഷണം, എക്‌സര്‍സൈസ്, പഠനം മുതലായവ. പരീക്ഷ നടക്കാന്‍ പോകുന്ന സമയം മനസ്സിലാക്കി, എല്ലാ ദിവസവും ഈ സമയത്ത് സ്വന്തമായി മാതൃകാ പരീക്ഷ എഴുതുകയോ പഠിക്കുകയോ ചെയ്യണം. ഉദാഹരണത്തിന്, പരീക്ഷ എല്ലാദിവസവും പത്തു മുതല്‍ പന്ത്രണ്ടു മണി വരെയും രണ്ടു മുതല്‍ നാലു മണി വരെയും ആണെങ്കില്‍ നേരത്തെ തന്നെ എല്ലാ ദിവസവും ആ സമയം മാതൃകാ പരീക്ഷയ്ക്കും പഠനത്തിനും മാറ്റിവയ്ക്കാം. ഇത് പരീക്ഷാപ്പേടി കുറയ്ക്കുന്നതിന് സഹായിക്കും.

 

പരീക്ഷ എഴുതാന്‍ പോകുന്ന മിക്കവാറും എല്ലാവരിലും ചെറിയ രീതിയില്‍ പെര്‍ഫോമന്‍സ് ആംഗ്സൈറ്റി ഉണ്ടാകാറുണ്ട്. ഇത് വലിയ പ്രശ്നമായി കാണേണ്ടതില്ല. കാരണം ചെറിയ രീതിയില്‍ പെര്‍ഫോമന്‍സ് ആംഗ്സൈറ്റി നമ്മുടെ ഏകാഗ്രത വര്‍ധിപ്പിക്കുന്നതിനും പരീക്ഷയെ കുറച്ചുകൂടി ഗൗരവത്തോടെ സമീപിക്കുന്നതിനും സഹായിക്കും. ഉത്കണ്ഠ ഒരു പ്രശ്നമായി മാറുന്നത് പരീക്ഷ എഴുതുന്നതിന് തടസ്സമുണ്ടാക്കുന്നെങ്കില്‍ മാത്രമാണ്. അങ്ങനെ ഉണ്ടെങ്കില്‍ മാനസിക വിദഗ്ദ്ധന്റെ സഹായം തേടേണ്ടതാണ്.

 

പഠിക്കാന്‍ ഇഷ്ടമുള്ള വിഷയങ്ങള്‍ ആദ്യം കുറച്ചു സമയമെടുത്ത് പഠിക്കുകയും പിന്നീട് പ്രയാസമുള്ളവ കൂടുതല്‍ സമയമെടുത്ത് പഠിക്കുകയും ചെയ്യുന്നത് കുറച്ചുകൂടി വിദ്യാര്‍ത്ഥികളെ സഹായിക്കും.

 

 

 

OTHER SECTIONS