കേറ്റ് മിഡില്‍ടണിന്റെ ഫിറ്റ്നസിന് പിന്നിലെ ആഹാരക്രമം

By Avani Chandra.19 04 2022

imran-azhar

 

ഭക്ഷണത്തിന്റെയും ആരോഗ്യത്തിന്റെയും കാര്യത്തില്‍ ഏറെ ശ്രദ്ധ പുലര്‍ത്തുന്ന ആളാണ് ബ്രിട്ടനിലെ വില്യം രാജകുമാരന്റെ ഭാര്യ കേറ്റ് മിഡില്‍ടണ്‍. മൂന്ന് കുട്ടികളുടെ അമ്മ കൂടിയായ കേറ്റ് രാജകീയ ഉത്തരവാദിത്വങ്ങള്‍ക്ക് പുറമെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമാണ്. ആരോഗ്യപ്രദമായ ഭക്ഷണം കഴിക്കുന്നതിനൊപ്പം ഫിറ്റ്നസ് നിലനിര്‍ത്തുന്നതിനായി വിവിധ പ്രവര്‍ത്തനങ്ങളിലും 40-കാരിയായ കേറ്റ് ഏര്‍പ്പെടുന്നു. ഡ്യൂക്കന്‍ ഡയറ്റ് എന്ന വ്യത്യസ്തമായ ആഹാരക്രമം ആണ് കേറ്റ് പിന്തുടരുന്നത്.

 

എന്താണ് ഡ്യൂക്കന്‍ ഡയറ്റ്

 

പ്രോട്ടീന്‍ കൂടുതലായി അടങ്ങിയ, അതേസമയം കാര്‍ബോഹൈഡ്രേറ്റ് വളരെക്കുറിച്ച് മാത്രവുമുള്ള ഡയറ്റാണ് ഡ്യൂക്കന്‍ ഡയറ്റ്. ഫ്രഞ്ച് പൗരനായ ഡോ. പിയറി ഡ്യൂക്കന്‍ ആണ് ഈ ആഹാരക്രമം വികസിപ്പിച്ചെടുത്തത്. ഇഷ്ടപ്പെട്ട ഭക്ഷണം ഒഴിവാക്കാതെ പിന്തുടരാന്‍ കഴിയുന്ന ആഹാരക്രമം കൂടിയാണിതെന്ന പ്രത്യേകത കൂടിയുണ്ട്. 2000-ല്‍ ഡോ. ഡ്യൂക്കന്‍ പ്രസിദ്ധീകരിച്ച 'ദ ഡ്യൂക്കന്‍ ഡയറ്റ്' എന്ന പുസ്തകത്തിലൂടെയാണ് ഈ ആഹാരക്രമം ലോകശ്രദ്ധ നേടിയത്. നാലു ഘട്ടങ്ങളാണ് ഡ്യൂക്കന്‍ ഡയറ്റില്‍ ഉള്ളത്. ഓരോ ഘട്ടത്തിലും അമിതമായ ശരീരഭാരം കുറയ്ക്കുന്നതിന് വ്യത്യസ്തമായ വിഭവങ്ങള്‍ കഴിക്കണം.

 

ഘട്ടം 1-അറ്റാക്ക്

 

ഏഴു ദിവസം നീളുന്നതാണ് ഡ്യൂക്കന്‍ ഡയറ്റിലെ ഒന്നാമത്തെ ഘട്ടം. ഈ സമയത്ത് കലോറി കുറവ് അടങ്ങിയ, പ്രോട്ടീന്‍ സമ്പന്നമായ ഏത് ഭക്ഷണവും കഴിക്കാം. മറ്റ് ആഹാരത്തിനൊപ്പം ഒന്നര ടേബിള്‍ സ്പൂണ്‍ ഓട്ട് ബ്രാനും ദിവസം കഴിക്കണം.

 

കഴിക്കാവുന്ന ഭക്ഷണങ്ങള്‍

 

കൊഴുപ്പുകുറഞ്ഞ ഇറച്ചി, ചിക്കന്‍, മീന്‍, മുട്ട, കൊഴുപ്പ് അധികം അടങ്ങിയിട്ടില്ലാത്ത പാല്‍, തൈര്, ടോഫു, അഞ്ച് ലിറ്റര്‍ വെള്ളം, ചെറിയ അളവില്‍ നാരങ്ങാ നീരും അച്ചാറും, അഞ്ച് മില്ലീലിറ്റര്‍ എണ്ണ എന്നിവ കഴിക്കാം.

 

ഘട്ടം 2-ക്രൂയിസ്

 

എട്ടാം ദിവസം തുടങ്ങി 12 മാസം നീളുന്നതാണ് രണ്ടാം ഘട്ടം. ഒന്നിടവിട്ട ദിവസങ്ങളില്‍ കൊഴുപ്പുകുറഞ്ഞ, പ്രോട്ടീന്‍ കൂടുതലായി അടങ്ങിയ ഭക്ഷണവും സ്റ്റാര്‍ച്ച് അടങ്ങിയിട്ടില്ലാത്ത പച്ചക്കറികളും കഴിക്കാം. എല്ലാ ദിവസവും രണ്ട് ടേബിള്‍ സ്പൂണ്‍ ഓട്ട് ബ്രാന്‍ കഴിക്കേണ്ടത് നിര്‍ബന്ധമാണ്.

 

കഴിക്കാവുന്ന ഭക്ഷണങ്ങള്‍

 

പച്ചച്ചീര, ഇലക്കറികള്‍, ബ്രൊക്കോളി, കോളിഫ്ളവര്‍, കാബേജ്, കാപ്സിക്കം, വെള്ളരി, തക്കാളി, കൂണ്‍, ഗ്രീന്‍ ബീന്‍സ്, സവാള തുടങ്ങിയവ ഈ ഘട്ടത്തില്‍ കഴിക്കാം.

 

ഘട്ടം 3-കണ്‍സോളിഡേഷന്‍

 

ആദ്യ രണ്ടുഘട്ടങ്ങളിലൂടെ കുറഞ്ഞ ശരീരഭാരം നിലനിര്‍ത്തുക എന്നതാണ് ഈ ഘട്ടത്തില്‍ ഉന്നമിടുന്നത്. നഷ്ടമായ ഓരോ പൗണ്ട് ഭാരത്തിനും പകരം അഞ്ച് ദിവസത്തേക്ക് നിയന്ത്രണമില്ലാതെ കൊഴുപ്പ് കുറഞ്ഞ ഇറച്ചിയും പച്ചക്കറികളും കുറച്ച് കാര്‍ബോഹൈഡ്രേറ്റും കൊഴുപ്പുമടങ്ങിയ ഭക്ഷണം കഴിക്കാം.

 

ഈ ഘട്ടത്തില്‍ ആഴ്ചയില്‍ രണ്ട് ദിവസം ചീറ്റ് മീലും(ഏറ്റവും ഇഷ്ടമുള്ള ഭക്ഷണം) ഒരു ദിവസം പ്രോട്ടീന്‍ കൂടുതലുമടങ്ങിയ ഭക്ഷണവും കഴിക്കാം. ഇതിനൊപ്പം ദിവസവും 2.5 ടേബിള്‍ സ്പൂണ്‍ ഓട് ബ്രാനും കഴിക്കണം.

 

കഴിക്കാവുന്ന ഭക്ഷണങ്ങള്‍

 

ദിവസം ഒരു നേരം ഒരു ബൗള്‍ നിറയെ പഴങ്ങള്‍, ധാന്യങ്ങള്‍ കൊണ്ട് തയ്യാര്‍ ചെയ്ത ബ്രെഡ്, സ്റ്റാര്‍ച്ച് കൂടുതല്‍ അടങ്ങിയ ഉരുളക്കിഴങ്ങും ചോറും, ഇറച്ചി എന്നിവ

 

ഘട്ടം നാല് -സ്റ്റെബിലൈസേഷന്‍

 

ഈ ഘട്ടത്തില്‍ ശരീരഭാരം കുറഞ്ഞത് നിലനിര്‍ത്താന്‍ ശ്രമിക്കണം. തൊട്ട് മുമ്പിലത്തെ ഘട്ടത്തിലെ ഡയറ്റ് പിന്തുടരാം. ദിവസവും അരമണിക്കൂര്‍ വ്യായാമം ചെയ്യണം. ദിവസവും മൂന്ന് ടേബിള്‍ സ്പൂണ്‍ ഓട്ട് ബ്രാന്‍ കഴിക്കേണ്ടതും നിര്‍ബന്ധമാണ്. ഈ ഘട്ടത്തിന് സമയപരിധി നിശ്ചയിച്ചിട്ടില്ല.

 

 

OTHER SECTIONS