എന്‍ജിന്‍ തകരാറിന് താക്കോലിനെ ശിക്ഷിക്കരുത്; മെഡി. കോളേജിലെ അവസ്ഥ എന്താണ്?

By Web Desk.21 06 2022

imran-azhar

 

ഡോ: എസ്.എസ്. ലാല്‍

 

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായ ഒരു രോഗി മരിക്കാനിടയായ സംഭവം നിര്‍ഭാഗ്യകരമാണ്. ആയുസ് നീട്ടിയെടുക്കാനാണ് തകരാറിലായ അവയവം നമ്മള്‍ മാറ്റിവയ്ക്കുന്നത്. ആ ശസ്ത്രക്രിയക്കിടയില്‍ തന്നെ രോഗി മരിക്കുന്ന സംഭവങ്ങള്‍ ഒഴിവാകേണ്ടത് തന്നെയാണ്. വൃക്കരോഗത്തിന്റെ കാഠിന്യം മൂലമുള്ള പ്രശ്‌നങ്ങളും മറ്റ് രോഗങ്ങളുമൊക്കെ ശസ്ത്രക്രിയയെയും തുടര്‍ന്നുള്ള മണിക്കൂറുകളെയും സങ്കീര്‍ണ്ണമാക്കാം. അതുമൂലം അപൂവ്വമായി മരണങ്ങളുണ്ടാകാം. എങ്കിലും മരണം മരണമാണ്. മരിച്ചയാളുടെ വീട്ടില്‍ മരണം നൂറ് ശതമാനമാണ്. അവിടെ സ്ഥിതിവിവരക്കണക്കുകള്‍ക്ക് സ്ഥാനമില്ല.



തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ രോഗി മരിച്ചത് അനാസ്ഥമൂലമാണെന്നും ശസ്ത്രക്രിയയിലെ പിഴവാണെന്നുമൊക്കെ പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. അതൊക്കെ അന്വേഷണത്തിലൂടെ തെളിയേണ്ട കാര്യങ്ങളാണ്. അതുവരെ മുന്‍വിധികളില്ലാതെ നമുക്ക് കാത്തിരിക്കേണ്ടതുണ്ട്. എന്നാല്‍ ഈ അന്വേഷണം ആരംഭിക്കുന്നതിന് മുമ്പ് തന്നെ രണ്ട് പ്രൊഫസര്‍മാരെ സസ്പെന്റ് ചെയ്തത് ന്യായീകരിക്കാനാവില്ല. നൂറ് കണക്കിന് പാവപ്പെട്ട രോഗികള്‍ ശസ്ത്രക്രിയ ഉള്‍പ്പെടെയുള്ള ചികിത്സകള്‍ക്കായി കാത്തിരിക്കുമ്പോള്‍ രണ്ട് പ്രൊഫസര്‍മാരുടെ അഭാവം രോഗികളെ കൂടുതല്‍ വലയ്ക്കും.



യൂറോളജി രംഗത്ത് ഇന്ത്യയിലെ ഡോക്ടര്‍മാര്‍ക്ക് വലിയ പ്രശസ്തിയാണ്. കഴിഞ്ഞ പത്ത് വര്‍ഷങ്ങളായി മൃതസഞ്ജീവനി പദ്ധതിയിലൂടെ ആയിരത്തോളം അവയവമാറ്റ ശസ്ത്രക്രിയകള്‍ കേരളത്തിലും നടന്നിരിക്കുന്നു. അതില്‍ പകുതിയെങ്കിലും വൃക്ക മാറ്റിവയ്ക്കലാണ്. കേരളത്തില്‍ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വലിയ വിജയശതമാനവുമുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ മാത്രം ഒരു മാസം മൂന്നോ നാലോ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടക്കുന്നുമുണ്ട്. അതിനാല്‍ നമ്മുടെ ശസ്ത്രക്രിയയുടെ ഗുണനിലവാരം ഉയര്‍ന്നതാണ് എന്ന കാര്യത്തില്‍ സംശയമില്ല.

 

കൊച്ചിയില്‍ മരിച്ച രോഗിയില്‍ നിന്ന് വേര്‍പെടുത്തി തിരുവനന്തപുരത്തെത്തിച്ച വൃക്ക ഓപ്പറേഷന്‍ തീയറ്ററില്‍ എത്തിക്കുന്നതിനിടയില്‍ ഉണ്ടായ ചില സംഭവങ്ങള്‍ നമ്മുടെ സര്‍ക്കാര്‍ സംവിധാനങ്ങളുടെ പരാജയമാണ് കാണിക്കുന്നത്. അത് ചികിത്സാ പിഴവല്ല. അതിന് പരിഹാരം പ്രൊഫസര്‍മാരെ ശിക്ഷിക്കുകയുമല്ല. ശസ്ത്രക്രിയയില്‍ അനാസ്ഥയുണ്ടായെങ്കില്‍ അത് തെളിയുമ്പോള്‍ കുറ്റക്കാര്‍ക്കെതിരെ നടപടി വേണം. അതിന് ആരും എതിര് പറയില്ല.

 

കേരളത്തിലെ സര്‍ക്കാരാശുപത്രികളെ ബാധിച്ചിരിക്കുന്ന കെടുകാര്യസ്ഥത മുഖ്യമായും ഒരു മാനേജ്‌മെന്റ് പ്രശ്‌നമാണ്. അല്ലാതെ ഒരു മെഡിക്കല്‍ പ്രശ്‌നമല്ല. വൃക്ക വച്ചിരുന്ന പാത്രം അത് കൈകാര്യം ചെയ്യാന്‍ നിയോഗിക്കപ്പെടാത്ത ആരോ എടുത്തോണ്ടോടി എന്നാണ് ആരോഗ്യ മന്ത്രി പറയുന്നത്. ആരോഗ്യ രംഗത്തെ മാനേജ്‌മെന്റ് പ്രശ്‌നങ്ങളുടെ ലക്ഷണമാണത്.



വൃക്ക തിരുവനന്തപുത്ത് എത്തിക്കാന്‍ ആരോഗ്യ മന്ത്രി നേരിട്ട് ഇടപെട്ടെന്നും ആഭ്യന്തര വകുപ്പുമായും പോലീസുദ്യോഗസ്ഥരുമായും നിരന്തരം സംസാരിച്ചെന്നുമൊക്കെ മന്ത്രി പറയുന്നുണ്ട്. അവരുടെ ആത്മാര്‍ത്ഥത നല്ലത് തന്നെയാണ്. എന്നാല്‍ അങ്ങനെയല്ല കാര്യങ്ങള്‍ നടക്കേണ്ടത്. പത്ത് വര്‍ഷമായ മൃതസഞ്ജീവനി പരിപാടി നടത്താന്‍ ആരോഗ്യ മന്ത്രി ഓരോ പ്രാവശ്യവും ഇടപെടേണ്ടി വരരുത്. അതിന് മുടങ്ങാതെ പ്രവര്‍ത്തിക്കുന്ന സ്ഥിരം സംവിധാനങ്ങള്‍ തന്നെ വേണം. ആരോഗ്യ മന്ത്രി സുഖമില്ലാതെ കിടന്നാലും വിദേശയാത്ര ചെയ്താലുമൊക്കെ ഈ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കേണ്ടതല്ലേ. നമ്മളുമായി താരതമ്യം ചെയ്യാവുന്ന വികസ്വര നാടുകളിലൊന്നും ആരോഗ്യ മന്ത്രിമാര്‍ ഇടപെട്ടല്ല വൃക്കയെത്തിക്കുന്നത്. അതിനുള്ള സംവിധാനങ്ങളും ഉത്തരവാദപ്പെട്ടവരുമാണ് കൃത്യമായി പ്രവര്‍ത്തിക്കേണ്ടത്.

 

ഡോക്ടര്‍മാരുള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ വലിയ സേവനങ്ങള്‍ ചെയ്യുമ്പോഴും കേരളത്തിലെ മെഡിക്കല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാരാശുപതികളുടെ പ്രവര്‍ത്തനങ്ങളില്‍ ഒരുപാട് ന്യൂനതകള്‍ ഉണ്ട്. പ്രത്യേകിച്ചും ആവശ്യത്തിന് സ്റ്റാഫും ഉപകരണങ്ങളും ഇല്ലാത്തത്. കൊവിഡ് കാലത്ത് ഇതൊക്കെ വലിയ വാര്‍ത്തയായതാണ്. മെഡിക്കല്‍ കോളേജില്‍ കിടന്ന രോഗിയെ പുഴുവരിച്ച സംഭവം നമ്മള്‍ മറന്നിട്ടില്ല. അധികമായി ആയിരത്തിയെണ്ണൂറ് സ്റ്റാഫിനെ വേണ്ടിയിരുന്ന തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അഞ്ച് സ്റ്റാഫിനെപ്പോലും സര്‍ക്കാര്‍ കൊടുത്തിരുന്നില്ല. ശുചീകരണത്തിനുള്‍പ്പെടെയുള്ള സ്റ്റാഫിന്റെ അഭാവമാണ് പാവപ്പെട്ട രോഗിയെ തിന്നാന്‍ പുഴുവിന് അവസരമുണ്ടാക്കിയത്.



ഇപ്പോള്‍ വിവാദത്തില്‍പ്പെട്ടിരിക്കുന്ന യൂറോളജി ഡിപ്പാര്‍ട്ടുമെന്റിലെയും ചില മാനേജ്‌മെന്റ് ന്യൂനതകള്‍ ആരെയും ഞെട്ടിക്കുന്നതാണ്. രണ്ട് പ്രൊഫസര്‍മാരും ഒരു അസോസിയേറ്റ് പ്രൊഫസറും അഞ്ച് അസിസ്റ്റന്റ് പ്രൊഫസര്‍മാരും ഉള്ള യൂറോളജി ഡിപ്പാര്‍ട്ടുമെന്റില്‍ ആവശ്യത്തിന് ഇതര സ്റ്റാഫും ഉപകരണങ്ങളുമില്ല. വൃക്കയിലെ കല്ല് പൊട്ടിച്ചുകളയാനുള്ള വിലപിടിപ്പുള്ള ഉപകരണം കേടായിട്ട് മാസങ്ങളായി. ലാപ്രോസ്‌കോപ്പിക് ശസ്ത്രക്രിയയ്ക്കായുള്ള ചില ഉപകരണങ്ങള്‍ വാങ്ങാത്തതിനാല്‍ അത്തരം ശസ്ത്രക്രിയകള്‍ മുടങ്ങിക്കിടക്കുന്നു. ലേസര്‍ ശസ്ത്രക്രിയയ്ക്ക് സൗകര്യമാല്ലാത്തതിനാല്‍ മെഡിക്കല്‍ കോളേജില്‍ വരുന്ന ചില രോഗികളെ കൊല്ലം ജില്ലയിലെ ഒരു താലൂക്കാശുപത്രിയിലേയ്ക്ക് വിടാറുണ്ട്. താലൂക്കാശുപത്രിയിലെ ചില സൗകര്യങ്ങള്‍ മെഡിക്കല്‍ കോളേജില്‍ ഇല്ല എന്നര്‍ത്ഥം. സര്‍ക്കാര്‍ ശസ്ത്രക്രിയ ഉപകരണങ്ങള്‍ വാങ്ങി നല്‍കാത്തതിനാല്‍ പ്രോവിഡന്റ് ഫണ്ടില്‍ നിന്ന് ലോണെടുത്ത് വില കൂടിയ ഉപകരണങ്ങള്‍ വാങ്ങിയ ഡോക്ടര്‍മാര്‍ മെഡിക്കല്‍ കോളേജിലുണ്ട്.

 

മെഡിക്കല്‍ കോളേജിലെ എല്ലാ ഡോക്ടര്‍മാരും ഏറ്റവും നല്ല മനുഷ്യരാകണമെന്നില്ല. എന്നാല്‍ ആത്മാര്‍ത്ഥതയുള്ളവരും അതിവിദഗ്ദ്ധരുമായ ഡോക്ടര്‍മാര്‍ ധാരാളമുണ്ട്. പിന്നെന്താണ് അവിടെ പ്രശ്‌നം? ആശുപത്രി നടത്തുന്നതിലുള്ള മാനേജ്‌മെന്റ് പ്രശ്‌നങ്ങളാണ് ബാക്കിയുള്ളത്.


ആരോഗ്യ വകുപ്പും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പുമൊക്കെ വര്‍ഷങ്ങളായി നാഥനില്ലാക്കളരികളാണ്. ആരോഗ്യവകുപ്പിന് വര്‍ഷങ്ങളായി സ്ഥിരമായി ഡയറക്ടര്‍ ഇല്ല എന്ന കാര്യം എത്രപേര്‍ക്കറിയാം? ഈ വകുപ്പുകള്‍ക്ക് ഡയറക്ടര്‍മാര്‍ ഉള്ളപ്പോഴും അവരെ ഒരു കാര്യത്തിലും അടുപ്പിക്കില്ല. അവരുടെ കഴിവുകള്‍ ഉപയോഗിക്കുന്നില്ല. രാഷ്ട്രീയ നേതൃത്വവും ഐ.എ.എസ് ഉദ്യോഗസ്ഥരും ആരോഗ്യ വകുപ്പിനെ ഹൈജാക് ചെയ്ത് അവര്‍ക്കിഷ്ടമുള്ള ദിശകളിലേയ്ക്ക് കൊണ്ടുപോകുകയാണ്. കൊവിഡ് സമയത്തും ഇതൊക്കെത്തന്നെയാണ് കണ്ടത്.



ആരോഗ്യ വകുപ്പില്‍ ആരോഗ്യ മന്ത്രിയേക്കാള്‍ ഉയര്‍ന്ന പാര്‍ട്ടി സ്ഥാനമുള്ള ആളാണ് അവരുടെ പ്രൈവറ്റ് സെകട്ടറി. അതിലും വലിയ പാര്‍ട്ടി പദവിയുള്ള ഒരു വ്യക്തിയാണ് പുറത്തിരുന്ന് ആരോഗ്യ വകുപ്പ് പൂര്‍ണ്ണമായും നിയന്ത്രിക്കുന്നത്. അതായത് എ.കെ.ജി സെന്ററിലാണ് ആരോഗ്യ വകുപ്പ് പ്രവര്‍ത്തിക്കുന്നത്. അവിടെയുള്ളവരുടെ ശ്രദ്ധ മുഴുവനും നിയമനങ്ങളിലും സ്ഥലം മാറ്റങ്ങളിലുമാണ്. അക്കാര്യങ്ങളിലാണ് അധികാര ദുര്‍വിനിയോഗവും അഴിമതിയും നടത്താന്‍ എളുപ്പം. ഇതിലൊന്നും ഇടപെടാന്‍ മന്ത്രിക്കധികാരമില്ല. തീരുമാനങ്ങളെടുക്കാന്‍ പ്രൈവറ്റ് സെക്രട്ടറിക്കുളള അധികാരം പോലും മന്ത്രിക്കില്ല. ഇതാണ് ആരോഗ്യ വകുപ്പിലെ യഥാര്‍ത്ഥ അവസ്ഥ.

 

ആരോഗ്യവകുപ്പിലെ വലിയ പ്രശ്‌നങ്ങളെങ്കിലും വേഗത്തില്‍ പഠിക്കാന്‍ ഒരു വിദഗ്ധ സമിതിയെ നിയോഗിക്കണം. കൊവിഡിന്റെ വിദഗ്ദ്ധ സമിതി പോലെ മറ്റൊരു സി.പി.എം സമിതി ആകരുത്. കാര്യവിവരമുള്ളവരെ ഉള്‍പെടുത്തി വേണം സമിതിയുണ്ടാക്കാന്‍. മൂന്നു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ സമിതിയോട് ആവശ്യപ്പെടണം. ഈ റിപ്പോര്‍ട്ട് സുതാര്യമായ ചര്‍ച്ചയ്ക്ക് വിധേയമാക്കണം. ആരോഗ്യരംഗത്തെ വിദഗ്ദ്ധരുടെ സഹായത്തോടെ പരിഹാര നിര്‍ദ്ദേശങ്ങള്‍ തീരുമാനിക്കണം. അവ നടപ്പാക്കാന്‍ കാലയളവ് തീരുമാനിക്കണം. നടപ്പാക്കാന്‍ ആവശ്യമായ ഫണ്ട് കണ്ടെത്തണം. ഇല്ലെങ്കില്‍ അടുത്ത ബജറ്റിലെങ്കിലും ഉള്‍ക്കൊള്ളിക്കണം. ഓരോ മൂന്ന് മാസവും ഓരോ വര്‍ഷവും പുരോഗതി വിലയിരുത്തി നടികള്‍ സ്വീകരിക്കണം.

 

പാവപ്പെട്ടവന്റെ ആശ്രയമാണ് സര്‍ക്കാരാശുപത്രികള്‍. അവ തകരുമ്പോള്‍ സമൂഹമാണ് തകരുന്നത്. ഉയര്‍ന്ന ആരോഗ്യ അവബോധമുള്ളവരാണ് നമ്മള്‍ കേരളീയര്‍. അതുകൊണ്ടു തന്നെ എന്ത് വില കൊടുത്തും ചികിത്സകള്‍ തേടാനും ആരോഗ്യം സംരക്ഷിക്കാനും നമ്മള്‍ ശ്രമിക്കും. സര്‍ക്കാരാശുപത്രിയില്‍ സൗകര്യമില്ലെങ്കില്‍ ദരിദ്രനും സ്വകാര്യാശുപത്രിയില്‍ ചെന്നെത്തും. സ്വകാര്യാശുപത്രികള്‍ക്ക് സൗജന്യ ചികിത്സ നല്‍കാന്‍ കഴിയില്ലെന്നത് യാഥാര്‍ത്ഥ്യമാണ്. അതിനാല്‍ സ്വകാര്യ ചികിത്സ കഴിയുമ്പോള്‍ ദരിദ്രന്‍ പരമ ദരിദ്രനാകും. ലോകം മുഴുവനും വലിയൊരളവില്‍ അനുഭവിക്കുന്ന ഈ പ്രശ്‌നം കേരളത്തിലും ഗൗരവമുള്ളതാണ്. കൊവിഡ് ചികിത്സ കഴിഞ്ഞ് പരമ ദരിദ്രരായ അസംഖ്യം ജനങ്ങളുണ്ട് നാട്ടില്‍.

 

വീണ്ടും മെഡിക്കല്‍ കോളേജിലേയ്ക്ക്. പണ്ടേ ദുര്‍ബലയായ മെഡിക്കല്‍ കോളേജില്‍ അവിടത്തെ പ്രൊഫസര്‍മാരെക്കൂടി സസ്‌പെന്റ് ചെയ്താലത്തെ സ്ഥിതി എന്തായിരിക്കുമെന്ന് മനസിലാക്കാന്‍ കഴിയാത്തതുകൊണ്ടാണ് പുതിയ മന്ത്രി സസ്‌പെന്‍ഷന്‍ നടപടി സ്വീകരിച്ചത്. അവരെ ഉപദേശിക്കാന്‍ അറിവുള്ള ആരും അവരുടെ ടീമില്‍ ഇല്ലെന്നത് ഉറപ്പാണ്. പ്രകടമായ അനാസ്ഥയോ അഴിമതിയോ കാണിച്ചാല്‍ പോലും ഡോക്ടര്‍മാരെ പുറത്താക്കുന്നതിന് മുമ്പ് പകരം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാരിന് ഉത്തരവാദിത്വമുണ്ട്. ഇവിടെ നിലവിലുള്ള സംവിധാനങ്ങള്‍ തന്നെ തകരാറിലായിരിക്കുമ്പോഴാണ് ഡിപ്പാര്‍ട്ട്‌മെന്റ് തലവന്‍മാര്‍ക്ക് സസ്പെന്‍ഷന്‍ കൂടി. ബസിന്റെ എഞ്ചിന്‍ പ്രവര്‍ത്തിക്കാത്തതിന് ഡ്രൈവറെ ശിക്ഷിക്കുന്നതുപോലെ. തീയണയ്ക്കാനുള്ള സംവിധാനമില്ലാത്തതിന് ഫയര്‍മാനെ ശിക്ഷിക്കുന്നതുപോലെ. യുദ്ധതന്ത്രം പരാജയപ്പെട്ടതിന് സ്വന്തം മുന്നണിപ്പോരാളിയെ വെടിവച്ചിടുന്നതുപോലെ.

 


കടപ്പാട്: ഡോ. എസ് എസ് ലാലിന്റെ ഫേസ്ബുക്ക് കുറിപ്പ്

 

 

 

OTHER SECTIONS