By web desk.08 08 2022
പുരുഷന്മാര്‍ക്കുണ്ടാകുന്ന ലൈംഗിക പ്രശ്നങ്ങള്‍ പലപ്പോഴും കിടപ്പറയിലെ അവരുടെ പ്രകടനത്തെ ബാധിക്കുകയും അസംതൃപ്തമായ ലൈംഗിക ജീവിതത്തിലേക്ക് നയിക്കുകയും ചെയ്യാറുണ്ട്. ലൈംഗിക ജീവിതത്തിലെ പാകപ്പിഴകള്‍ കുടുംബജീവിതത്തിലേക്കു പടരുന്നത് വിവാഹമോചനത്തിലേക്കുവരെ നയിക്കാം. ഉദ്ധാരണശേഷിക്കുറവ്, കുറഞ്ഞ ലൈംഗിക തൃഷ്ണ തുടങ്ങി പല ലൈംഗിക പ്രശ്നങ്ങളും എല്ലാ പ്രായത്തിലുമുള്ള പുരുഷന്മാര്‍ നേരിടാറുണ്ട്. ചികിത്സിക്കാതിരുന്നാല്‍ പ്രായം കൂടുന്നതിന് അനുസരിച്ച് ഇവയുടെ ആഘാതം വര്‍ധിക്കും.
ആണത്ത സങ്കല്‍പങ്ങള്‍ക്കു കോട്ടം തട്ടുമോ എന്ന ഭയമാണ് ലൈംഗിക പ്രശ്നങ്ങള്‍ പുറത്തു പറയുന്നതില്‍നിന്നും വൈദ്യശാസ്ത്ര സഹായം തേടുന്നതില്‍നിന്നും പലരെയും പിന്തിരിപ്പിക്കുന്നതെന്ന് ഡല്‍ഹി ഡിയോസ് ആശുപത്രിയിലെ യൂറോളജി വിദഗ്ധന്‍ ഡോ. വിനീത് മല്‍ഹോത്ര സീന്യൂസിനോട് പറയുന്നു. പുരുഷന്മാര്‍ സാധാരണയായി നേരിടുന്ന ലൈംഗിക പ്രശ്നങ്ങള്‍ ഇനി പറയുന്നവയാണ്.
ശീഘ്രസ്ഖലനം
പുരുഷന്മാരില്‍ ഏറ്റവും പൊതുവായി കാണപ്പെടുന്ന ലൈംഗിക പ്രശ്നമാണ് ശീഘ്രസ്ഖലനം. ലൈംഗികബന്ധ സമയത്ത് ലിംഗം യോനിയിലേക്കു പ്രവേശിച്ച ശേഷം വളരെ പെട്ടെന്ന് (സാധാരണഗതിയില്‍ ഒരു മിനിറ്റില്‍ താഴെ) സ്ഖലനം സംഭവിക്കുന്നതിനെയാണ് ശീഘ്രസ്ഖലനം എന്ന് പറയുന്നത്. ഇത് പലപ്പോഴും പങ്കാളിക്ക് അതൃപ്തിയും നിരാശയും ഉണ്ടാക്കും.
ആഗോളതലത്തില്‍ 30 ശതമാനം പുരുഷന്മാര്‍ക്കും ശീഘ്രസ്ഖലനം ഉണ്ടാകുന്നതായി അടുത്തിടെ നടന്ന പഠനം ചൂണ്ടിക്കാണിക്കുന്നു. അമിതമായ സമ്മര്‍ദം, വിഷാദം, പങ്കാളിയുമായുള്ള പ്രശ്നങ്ങള്‍, അമിതമായ ഉത്കണ്ഠ, ആകാംക്ഷ എന്നിവ ശീഘ്രസ്ഖലനത്തിന് കാരണമാകാം.
ഉദ്ധാരണശേഷിക്കുറവ്
ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന സമയത്ത് ലിംഗം ശരിയായി ഉദ്ധരിക്കാതെ വരികയോ ഉദ്ധാരണം ഏറെ നേരത്തേക്ക് നിലനിര്‍ത്താന്‍ കഴിയാതെ വരികയോ ചെയ്യുന്നതാണ് ഉദ്ധാരണശേഷിക്കുറവ്. വാര്‍ധക്യം, നാഡീവ്യൂഹസംബന്ധമായ പ്രശ്നങ്ങള്‍, പ്രമേഹം എന്നിവയെല്ലാം ഇതിനു കാരണമാകാം.
ലൈംഗികാസക്തി കുറവ്
ലൈംഗിക ബന്ധത്തോടുള്ള താത്പര്യം പുരുഷന്മാരില്‍ കൂടിയും കുറഞ്ഞുമൊക്കെ ഇരിക്കും. എന്നാല്‍ ദീര്‍ഘനാളത്തേക്കുള്ള ലൈംഗികാസക്തിക്കുറവ് ഗൗരവത്തോടെ എടുക്കേണ്ട പ്രശ്നമാണ്. ശരീരത്തിലെ കുറഞ്ഞ ടെസ്റ്റോസ്റ്റെറോണ്‍ തോതും ആന്റി ഡിപ്രസന്റുകള്‍ പോലുള്ള ചില മരുന്നുകളും ഇതിനു കാരണമാകാറുണ്ട്.
ഹോര്‍മോണ്‍ കുറവ്
50 വയസ്സിന് മുകളിലുള്ള പുരുഷന്മാരില്‍ ടെസ്റ്റോസ്റ്റെറോണ്‍ ഹോര്‍മോണ്‍ തോത് കുറഞ്ഞു വരും. ഇത് ക്ഷീണത്തിനും കുറഞ്ഞ ലൈംഗികചോദനയ്ക്കും പേശികളുടെ സാന്ദ്രതക്കുറവിനും ഉദ്ധാരണപ്രശ്നത്തിനുമൊക്കെ കാരണമാകും. നിത്യവുമുള്ള വ്യായാമവും ആരോഗ്യകരമായ ഭക്ഷണശീലങ്ങളും വണ്ണം കുറയ്ക്കാന്‍ മാത്രമല്ല ലൈംഗികശേഷി വര്‍ധിപ്പിക്കാനും സഹായകമാണെന്ന് ഡോ. വിനീത് മല്‍ഹോത്ര ചൂണ്ടിക്കാട്ടുന്നു.
ആന്റിഓക്സിഡന്റുകള്‍ ധാരാളമടങ്ങിയ കൊഞ്ച്, ഞണ്ട്, റെഡ് മീറ്റ്, ബീന്‍സ്, പപ്പായ, ബെറി പഴങ്ങള്‍, സിട്രസ് പഴങ്ങള്‍, ട്യൂണ, ചിക്കന്‍ തുടങ്ങിയവയെല്ലാം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും ലൈംഗികശേഷി മെച്ചപ്പെടുത്തും.ആരോഗ്യകരമായ ലൈംഗിക ജീവിതത്തിന് പുകവലി ഉപേക്ഷിക്കണമെന്നും മദ്യപാനം പരിമിതപ്പെടുത്തണമെന്നും ഡോ. മല്‍ഹോത്ര കൂട്ടിച്ചേര്‍ത്തു. ജീവിതത്തിലെ സമ്മര്‍ദം അകറ്റുന്നതും ലൈംഗിക ശേഷി നിലനിര്‍ത്താന്‍ സഹായിക്കും. ഏതെങ്കിലും തരത്തിലുള്ള ലൈംഗിക രോഗങ്ങള്‍ ഉണ്ടെങ്കില്‍ കൃത്യ സമയത്ത് ചികിത്സ തേടേണ്ടത് സുപ്രധാനമാണെന്നും ഡോക്ടര്‍ അടിവരയിടുന്നു.