കോവിഡിനെ ഏറ്റവും നന്നായി കൈകാര്യം ചെയ്യുന്ന രാജ്യമാണ് കൊറിയ, അവിടെ നാലാം തരംഗം വന്നുകഴിഞ്ഞു; മുരളി തുമ്മാരുകുടി എഴുതുന്നു

By Web Desk.25 05 2021

imran-azhar

 


മുരളി തുമ്മാരുകുടി

 


കോവിഡിന്റെ രണ്ടാമത്തെ തരംഗം കേരളത്തില്‍ താഴേക്ക് വരികയാണ്. പ്രതിദിന മരണങ്ങളുടെ എണ്ണം ഇപ്പോഴും നൂറില്‍ മുകളില്‍ ആണെങ്കിലും കേസുകളുടെ എണ്ണം കുറയുന്നത് ആശ്വാസകരം തന്നെയാണ്. കാരണം ആശുപത്രിയിലെ ബെഡുകള്‍, ഐ സി യു, വെന്റിലേറ്റര്‍, ഓക്‌സിജന്‍ ഇതിന്റെ ഒക്കെ ആവശ്യം കുറഞ്ഞു വരുമല്ലോ. അത് കോവിഡ് ചികിത്സയേയും മറ്റു ചികിത്സകളേയും സഹായിക്കും.


പക്ഷെ കേരളത്തില്‍ കോവിഡ് കുറയുന്നത് ശക്തമായ ലോക്ക്ഡൗണ്‍ നടപടികള്‍ കൊണ്ടാണ്. ആളുകള്‍ പരസ്പരം സമ്പര്‍ക്കം ഉണ്ടാകുന്നത് കുറയുന്നു, പകരുന്ന നിരക്ക് (റീപ്രൊഡക്ഷന്‍ റേറ്റ്) ഒന്നിന് താഴേക്ക് വരുന്നൂ.

 

ലോക്ക്ഡൗണ്‍ റിലാക്‌സ് ചെയ്താല്‍ വീണ്ടും ആളുകള്‍ പരസ്പര സമ്പര്‍ക്കത്തില്‍ വരും, റീപ്രൊഡക്ഷന്‍ റേറ്റ് ഒന്നിന് മുകളിലേക്ക് പോകും, ചിലപ്പോള്‍ രണ്ടിന് മുകളില്‍ ആകും, കേസുകള്‍ അതിവേഗത്തില്‍ കൂടും.

 

കേരളത്തില്‍ കഴിഞ്ഞ തരംഗത്തിന് ശേഷം നടത്തിയ ആന്റിജന്‍ സര്‍വ്വേ അനുസരിച്ച് പതിനൊന്ന് ശതമാനം ആളുകള്‍ക്കാണ് അറിഞ്ഞോ അറിയാതെയോ രോഗം ഉണ്ടായി പോയത്. ഈ തരംഗത്തില്‍ അടുത്ത പതിനഞ്ചു ശതമാനത്തിന് കൂടി വന്നു എന്ന് കരുതുക, അതിനും പുറമെ വാക്‌സിന്‍ എടുത്ത ഏതാണ്ട് ഇരുപത് ശതമാനം കൂടി കൂട്ടിയാലും കേരളത്തിലെ ആളുകളില്‍ പകുതിയും ഇപ്പോഴും കൊറോണക്ക് അല്പം പോലും പ്രതിരോധം ഇല്ലാത്തവര്‍ ആണ്.

 

 

അതുകൊണ്ടുതന്നെ, വീണ്ടും ഒരു തരംഗം ഉണ്ടാകാനുള്ള എല്ലാ സാധ്യതയും ഉണ്ട്. ഏറ്റവും നന്നായി കൊറോണയെ കൈകാര്യം ചെയ്യുന്ന ഒരു രാജ്യമാണ് കൊറിയ. അവിടെ നാലാമത്തെ തരംഗം വന്നു കഴിഞ്ഞു.



ഇവിടെ അതുണ്ടാകാതിരിക്കണമെങ്കില്‍ ഒരു മാര്‍ഗ്ഗമേ ഉള്ളൂ. സമൂഹത്തില്‍ ഒരു അന്‍പത് ശതമാനത്തിനെങ്കിലും വാക്‌സിനേഷന്‍ എത്തുന്നത് വരെ രോഗം പകരുന്ന നിരക്ക് ഒന്നിന് താഴെ നിറുത്തുക.

 

ഇത് ലോക്ക്ഡൗണ്‍ ഇല്ലാതെ ചെയ്യാന്‍ നമ്മുടെ സമൂഹത്തിന് അച്ചടക്കം ഉണ്ടാകുമോ എന്നതാണ് വിഷയം. ഇതിന് മുന്‍പിലത്തെ പരിചയം വച്ചാണെങ്കില്‍ ലോക്ക്ഡൗണ്‍ പിന്‍വലിച്ചാല്‍ വളരെ പെട്ടെന്ന് ആളുകള്‍ പഴയ നിലയിലേക്ക് പുറത്തിറങ്ങി തുടങ്ങും.

 

അനവധി ആളുകള്‍ക്ക് സാമ്പത്തികമായി വേറെ മാര്‍ഗ്ഗം ഇല്ല. അപ്പോള്‍ അവര്‍ക്ക് ലോക്ക്ഡൗണ്‍ കഴിഞ്ഞാല്‍ പുറത്തിറങ്ങിയേ പറ്റൂ.

 

 

പക്ഷെ സാമ്പത്തികമായി മാര്‍ഗ്ഗം ഉള്ളവര്‍ പോലും മാനസികമായി തളര്‍ന്നു വരികയാണ്. ലോക്ക്ഡൗണ്‍ മാറിയാല്‍ വേഗത്തില്‍ പുറത്തിറങ്ങുന്നതിന് അവരെ കുറ്റം പറയാന്‍ പറ്റില്ല.

 

നമ്മുടെ കുട്ടികളുടെ കാര്യമാണ് ഏറ്റവും കഷ്ടം. രണ്ടാമത്തെ സ്‌കൂള്‍ വര്‍ഷവും ഓണ്‍ലൈന്‍ ആയി തുടങ്ങുന്നു. ഈ വര്‍ഷമെങ്കിലും സുഹൃത്തുക്കളെ കാണാന്‍ പറ്റുമോ എന്ന് അവര്‍ സങ്കടപ്പെടുന്നു. ഇതൊക്കെ വലിയ മാനസിക ബുദ്ധിമുട്ട് കുട്ടികള്‍ക്ക് ഉണ്ടാക്കുന്നുണ്ട്. അതിന് സമൂഹം ഏറെ നാള്‍ വില കൊടുക്കേണ്ടി വരും.

 

ഇതൊക്കെക്കൊണ്ട് ലോക്ക്ഡൗണില്‍ പതുക്കെ പതുക്കെ ഇളവുകള്‍ കൊണ്ട് വന്നേ പറ്റൂ. അതേ സമയം കേസുകള്‍ കൂടിയാല്‍ കാര്യങ്ങള്‍ പഴയ പാടി ആകും, ആശുപത്രി സംവിധാനങ്ങളുടെ പരിധിയുടെ അടുത്തേക്ക് കാര്യങ്ങള്‍ പോകും, കേസുകള്‍ കൂടുമ്പോള്‍ മരണങ്ങള്‍ കൂടും. ആശുപത്രിയുടെ പരിധി വിട്ടാല്‍ മരണ നിരക്ക് പെട്ടെന്ന് കൂടും.

 

അപ്പോള്‍ എന്താണ് ഒരു പോം വഴി.


ഏറ്റവും വേഗത്തില്‍ ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍ നടത്തുക എന്നതാണ് പ്രധാന മാര്‍ഗ്ഗം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പറ്റുന്നതിന്റെ പരമാവധി ചെയ്യുന്നുണ്ട്. കൂടുതല്‍ ആളുകള്‍ക്ക് വാക്സിനേഷന്‍ മൂലവും രോഗം മൂലവും കൊറോണയോട് പ്രതിരോധശേഷി വന്ന യു കെ യില്‍ എങ്ങനെയാണ് കേസുകള്‍ മൊത്തമായി താഴേക്ക് പോയത് എന്ന് നോക്കൂ.

 

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കുറഞ്ഞാലും നമ്മള്‍ സ്വയം പരമാവധി നിയന്ത്രണങ്ങള്‍ നിലനിറുത്തുക എന്നതാണ് അടുത്ത കാര്യം.


വേണ്ടി വന്നാല്‍ വീണ്ടും ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുമെന്നും, എത്ര വേഗത്തില്‍ രോഗം പറക്കുമ്പോഴാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതെന്ന് മുന്‍കൂര്‍ ആളുകളോട് പറയുകയും ചെയ്യുന്നതാണ് ശരിയായ കാര്യം. അപ്പോള്‍ ആ സ്ഥിതി വരാതിരിക്കുന്നതില്‍ ആളുകള്‍ക്ക് അല്പം താല്പര്യം കാണും.

 

വാക്‌സിനേഷന്‍ ബഹുഭൂരിപക്ഷത്തിനും എത്തുന്നത് വരെ 'സാധാരണ സ്ഥിതി' ഉണ്ടാകില്ല എന്നും തരംഗങ്ങളും ലോക്ക് ഡൗണുകളും വീണ്ടും ഉണ്ടാകുമെന്നും സ്വയം മനസ്സിലാക്കി അതിന് മാനസികമായി തയ്യാറെടുക്കുക എന്നതുമാണ് നമുക്ക് വ്യക്തിപരമായി ചെയ്യാവുന്ന ഒരു കാര്യം.


രണ്ടാമത്തെ ലോക്ക്ഡൗണ്‍ രണ്ടു തവണ നീട്ടിയതിന് ശേഷം ഈ തരംഗം ഒന്ന് അവസാനിച്ചിട്ട് അല്പം സമാധാനമായിരിക്കാന്‍ ആഗ്രഹിക്കുന്നവരോട് വീണ്ടും മൂന്നാമത് തരംഗം ഉണ്ടാകാം എന്ന് പറയുന്നത് ഒട്ടും സന്തോഷമുള്ള കാര്യമല്ല എന്നെനിക്ക് അറിയാം. പക്ഷെ സത്യം അതാണ്.

 

പക്ഷെ കൂടുതല്‍ സന്തോഷം പകരുന്ന മറ്റൊരു കാര്യം പറയാം. കൊറോണയെ വാക്‌സിനേഷന്‍ കൊണ്ട് ചെറുത്ത് തോല്‍പ്പിച്ച രാജ്യങ്ങള്‍ ഇപ്പോള്‍ തന്നെ ഉണ്ട്. അവിടങ്ങളില്‍ സ്‌കൂളുകള്‍ തുറക്കുന്നുണ്ട്. അവിടെയൊക്കെ സമ്പദ്വ്യവസ്ഥ വളരെ വേഗത്തില്‍ പഴയ നിലയിലേക്ക് പോയിക്കൊണ്ടിരിക്കുന്നുണ്ട്. അവിടെയൊക്കെ ആളുകള്‍ക്ക് വലിയ തോതില്‍ തൊഴില്‍ ഉണ്ടാകുന്നുണ്ട്, ശമ്പളം കൂടുന്നുണ്ട്. ഈ കൊറോണയുടെ തുരങ്കത്തിനപ്പുറം വെളിച്ചം ഉണ്ട്, ഉറപ്പാണ്. നാട്ടിലേതിലും മോശമായ സ്ഥിതിയും, മരണ നിരക്കും, കര്‍ശനമായ നിയന്ത്രണങ്ങളും ഉണ്ടായിരുന്ന യൂറോപ്പില്‍ പലയിടത്തും ആ വെളിച്ചം ഞാന്‍ കാണുന്നുണ്ട്. തുരങ്കം കടന്നു ജീവനോടെ പുറത്തു വരിക എന്നതാണ് പ്രധാനം.

 

ക്ഷമയോടെ ഇരിക്കുക, സുരക്ഷിതരായിരിക്കുക

 

 

 

OTHER SECTIONS