അറിയണം, ഡോ.പി.രവീന്ദ്രനെ; കേരളത്തിലെ ശ്വാസകോശരോഗ ചികിത്സയുടെ പിതാവിനെ

By Web Desk.02 05 2021

imran-azhar

 


ഡോ. എം. ജോഷി

 


പ്രമുഖ ശ്വാസകോശരോഗ വിദഗ്ധനും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മുന്‍ വൈസ് പ്രിന്‍സിപ്പലുമായ ഡോ. പി. രവീന്ദ്രന്‍ വിടപറഞ്ഞു.

 

അദ്ദേഹവുമായി 1972 മുതലുള്ള ബന്ധമാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അദ്ദേഹം അസിസ്റ്റന്റ് പ്രൊഫസറായി എത്തുമ്പോള്‍, ഞാന്‍ അവിടെ ട്യൂട്ടറാണ്. അദ്ദേഹത്തിന്റെ സൗഹൃദവും ക്ലിനിക്കല്‍ മെഡിസിനിലുള്ള നൈപുണ്യവും എന്നെ ഏറെ ആകര്‍ഷിച്ചു. പെട്ടെന്നു തന്നെ അദ്ദേഹം എന്റെ ഔദ്യോഗിക ജീവിതത്തിലെ ഫിലോസഫറും വഴികാട്ടിയുമായി.

 

അദ്ദേഹത്തിന്റെ കഠിനാദ്ധ്വാനം, ദീര്‍ഘവീക്ഷണം, മുതിര്‍ന്ന സഹപ്രവര്‍ത്തകരുമായും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായുള്ള സ്വാധീനവും മെഡിക്കല്‍ കോളേജില്‍ ഒരു ചികിത്സാ വിഭാഗത്തിന്റെ തുടക്കത്തിനു കാരണമായി. ആദ്യം ട്യൂബര്‍കുലോസിസ് ആന്‍ഡ് റെസ്പിറേറ്ററി ഡിസിസ് വിഭാഗവും പിന്നീട് പള്‍മനറി ആന്‍ഡ് ക്രിട്ടിക്കല്‍ കെയര്‍ വിഭാഗവുമായി മാറിയ സ്പെഷ്യാലിറ്റിയുടെ തുടക്കമായിരുന്നു അത്. അദ്ദേഹത്തിന് പൂര്‍ണ്ണ പിന്തുണയുമായി ഞാനും ഒപ്പമുണ്ടായിരുന്നു. കേരളത്തിലെ മറ്റു മെഡിക്കല്‍ കോളേജുകളിലും ഇതുപോലെ ചികിത്സാവിഭാഗം തുടങ്ങാന്‍ വകുപ്പുമേധാവികളോട് അദ്ദേഹം നിര്‍ദേശിച്ചു. അതിനുള്ള എല്ലാ സഹായവും അദ്ദേഹം വാഗ്ദാനം ചെയ്തു.

 

എന്റെ ഔദ്യോഗിക ജീവിതത്തിലുടനീളം അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ എനിക്ക് സാധിച്ചു. അദ്ദേഹത്തിന്റെ നിരന്തര പരിശ്രമത്തിന്റെ ഫലമായാണ് 1984 ല്‍ ബിരുദാനന്തര ബിരുദ കോഴ്സുകളും തുടങ്ങിയത്. തുടര്‍ന്ന് ഡിപ്പാര്‍ട്ട്മെന്റിനെ ആധുനിക വത്കരിക്കാനും അദ്ദേഹത്തിനു സാധിച്ചു. അധ്യാപനവും ഗവേഷണവും അദ്ദേഹത്തിന് ഒരുപോലെ പ്രിയപ്പെട്ടതായിരുന്നു. അദ്ദേഹത്തിന്റെ ക്ലാസുകള്‍ ഏറെ പ്രശംസിക്കപ്പെട്ടു. ലോകത്താകമാനം ഉയര്‍ന്ന സ്ഥാനങ്ങളില്‍ അദ്ദേഹത്തിന്റെ ശിഷ്യന്മാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

 

ഔദ്യോഗിക ജീവിതത്തിലുടനീളം ഇന്ത്യയിലും വിദേശത്തുമുള്ള പ്രശസ്തമായ സ്ഥാപനങ്ങളില്‍ അദ്ദേഹം പരിശീലനം നേടി. ഡയറക്ടര്‍, പ്രൊഫസര്‍, ഹെഡ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച് ഡിപ്പാര്‍ട്ട്മെന്റിനെ അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തി. മറ്റു സര്‍വകലാശാലകളില്‍ നിന്നും വിദേശത്തു നിന്നും വിദ്യാര്‍ത്ഥികള്‍ ഇവിടെ പരിശീലനത്തിനെത്തി. ഇന്ത്യയില്‍ ആദ്യമായി, തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ക്ലിനിക്കല്‍ എപ്പിഡെമോളജി റിസോഴ്സ് ആന്‍ഡ് ട്രെയിനിംഗ് സെന്റര്‍ തുടങ്ങി. മെഡിക്കല്‍ കോളേജിലെ അധ്യാപകരുടെ ഗവേഷണങ്ങള്‍ക്കായി എംഫില്‍ കോഴ്സും ആരംഭിച്ചു.

 

കേരളത്തിലെ ശ്വാസകോശരോഗ ചികിത്സയുടെ പിതാവായി കരുതുന്ന ഡോ. പി. രവീന്ദ്രനെത്തേടി നിരവധി ബഹുമതികളും എത്തി. കേരളത്തിലും ഇന്ത്യയിലും ശ്വാസകോശ വിഭാഗവുമായി ബന്ധപ്പെട്ട വിവിധ സംഘടകള്‍ തുടങ്ങുന്നതിലും അദ്ദേഹം നിമിത്തമായി.
ഞങ്ങളുടെ കുടുംബങ്ങള്‍ തമ്മിലും അടുത്ത ബന്ധമാണുള്ളത്. കുടുംബങ്ങള്‍ ഒരുമിച്ച് ഇന്ത്യയിലും വിദേശത്തും നടത്തിയ യാത്രകള്‍ ഓര്‍മ്മയില്‍ പച്ചപിടിച്ചുനില്‍ക്കുന്നു. വളരെ കുറച്ചുമാത്രമേ അദ്ദേഹം സംസാരിക്കുമായിരുന്നുള്ളൂ. എന്നാല്‍, അദ്ദേഹത്തിന്റെ മനസ്സ് നിറയെ സുഹൃത്തുക്കളോടും സഹപ്രവര്‍ത്തകരോടുമുള്ള സ്നേഹവും വാത്സല്യവുമായിരുന്നു.

 

മലപ്പുറത്തെ ഒരു കുലീന കുടുംബത്തില്‍ 1942 ജൂണ്‍ 20 നാണ് ജനനം. മിടുക്കനായ വിദ്യാര്‍ത്ഥിയായിരുന്നു അദ്ദേഹം.


അദ്ദേഹത്തിന്റെ സഹധര്‍മ്മിണി കെ എം ലക്ഷ്മി ദേവി. രണ്ടു മക്കളാണ്. മൂത്തമകന്‍ ഡോ. കെ മധു, അച്ഛന്റെ പാത പിന്തുടര്‍ന്ന് ഇപ്പോള്‍ പള്‍മനോളജി ആന്‍ഡ് ക്രിട്ടിക്കല്‍ കെയര്‍ സീനിയര്‍ കണ്‍സള്‍ട്ടന്റും ഇന്റന്‍സിവിസ്റ്റുമാണ്. ബയോപ്രോഡക്ട്സ് ആന്‍ഡ് ഡയഗ്‌നോസ്റ്റിക്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറാണ് ഇളയമകന്‍ ഡോ. കെ ഗോവിന്ദ്.

 


(ഡോ. എം. ജോഷി എംഡി, എഫ്സിസിപി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മുന്‍ വൈസ് പ്രിന്‍സിപ്പലും ശ്വാസകോശരോഗ വിഭാഗം മുന്‍ ഡയറക്ടറും പ്രൊഫസറും കിംസ് ആശുപത്രിയിലെ സീനിയര്‍ കണ്‍സള്‍ട്ടന്റുമാണ്)

 

 

 

OTHER SECTIONS