ഓണ്‍ലൈന്‍ പഠനം: കുട്ടികളില്‍ പെരുമാറ്റ പ്രശ്‌നങ്ങള്‍, ഉറക്കക്കുറവ്; ജാഗ്രത വേണം

By Health Desk.27 04 2021

imran-azhar

 


ഡോ. അരുണ്‍ ബി. നായര്‍
അസോസിയേറ്റ് പ്രൊഫസര്‍, സൈക്യാട്രി
മെഡിക്കല്‍ കോളേജ് , തിരുവനന്തപുരം

 


കൊച്ചുകുട്ടികളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു വശമായ സാമൂഹികവല്‍ക്കരണം കൊറോണ വന്നതോടെ ഇല്ലാതായിക്കഴിഞ്ഞു. വിദ്യാഭ്യാസത്തിന് രണ്ട് വശങ്ങളുണ്ട്. ഒന്ന് വിജ്ഞാനം ആര്‍ജിക്കലാണെങ്കില്‍ മറ്റൊന്ന് പരസ്പരം ഇടപെട്ടുകൊണ്ടുള്ള വ്യക്തിത്വ രൂപീകരണമാണ്. അതിനുള്ള അവസരം പൂര്‍ണമായും ഇല്ലാതായ അവസ്ഥയാണിപ്പോള്‍.മറ്റൊരു പ്രധാനവിഷയം ഡിജിറ്റല്‍ വിദ്യാഭ്യാസത്തിലേയ്ക്ക് കുട്ടികള്‍ മാറിയതോടെ പെരുമാറ്റത്തിലും പഠനരീതിയിലും ഒരുപാട് പ്രശ്‌നങ്ങള്‍ വന്നതാണ്. ഓണ്‍ലൈന്‍ വിദ്യാഭ്യാസം വന്നതോടെ കുട്ടികള്‍ കൂടുതല്‍ സമയം മൊബൈല്‍ ഉപയോഗിക്കുന്നുണ്ട്. ഇത് കുട്ടികളെ മൊബൈല്‍ അടിമത്തത്തിലേയ്ക്ക് എത്തിക്കും.

 

ചില കുട്ടികളെങ്കിലും ഓണ്‍ലൈന്‍ ക്ലാസില്‍ ലോഗിന്‍ ചെയ്തിട്ട് സമാന്തരമായി മറ്റൊരു വിന്‍ഡോ തുറന്ന് ഗെയിമുകള്‍ കളിക്കുകയോ അശ്ലീല സൈറ്റുകള്‍ ഉപയോഗിക്കുകയോ സാമൂഹ്യമാദ്ധ്യമ ചാറ്റുകള്‍ നടത്തുകയോ ചെയ്യുന്നു. പലപ്പോഴും ഇവര്‍ അസൈന്‍മെന്റ് കൊടുക്കാനുണ്ട് തുടങ്ങിയ പല കാരണങ്ങള്‍ പറഞ്ഞ്് രാത്രി വൈകിയും ഫോണ്‍ ഉപയോഗിക്കും. അതവരുടെ ഉറക്കത്തെ താറുമാറാക്കുന്നു. ഇതേതുടര്‍ന്ന് പല കുട്ടികളുടെയും സ്വഭാവത്തില്‍ പലതരം പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുണ്ട്.


നിസാരകാര്യങ്ങള്‍ക്ക് പൊട്ടിത്തെറിക്കുക, അടങ്ങിയിരിക്കാന്‍ ബുദ്ധിമുട്ടനുഭവിക്കുക, ശ്രദ്ധക്കുറവ്, ഓര്‍മ്മക്കുറവ് ഇങ്ങനെ നിരവധി ലക്ഷണങ്ങള്‍ ഉണ്ടാകുന്നു. ചില കുട്ടികളില്‍ ദീര്‍ഘകാലം ഉറക്കം നഷ്ടപ്പെടുന്നത് കാരണം വിഷാദത്തിന്റെ ലക്ഷണങ്ങളും ചെറിയൊരു ശതമാനം കുട്ടികളില്‍ ആത്മഹത്യാ പ്രവണതയും പ്രത്യക്ഷപ്പെടുന്നു.

 

കോളേജ് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ചെറുപ്പക്കാരായ ആളുകള്‍, അവരുടെ യൗവ്വനത്തിന്റെ നല്ലൊരു കാലഘട്ടം ഒന്നും ചെയ്യാനാകാതെ ബുദ്ധിമുട്ടുകയാണ്. ഇതേത്തുടര്‍ന്ന് അവര്‍ക്കും പലതരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുണ്ട്. പ്രണയബന്ധങ്ങളുള്ളവര്‍ക്ക് ആ ബന്ധം നിലനിര്‍ത്തിക്കൊണ്ട് പോകാന്‍ കഴിയാത്ത വിധം സങ്കീര്‍ണതകള്‍ വരും. നേരിട്ട് ആളിനെക്കാണാതെ സാമൂഹ്യമാദ്ധ്യമങ്ങള്‍ വഴി അനാരോഗ്യകരമായ ബന്ധങ്ങളില്‍ ചെന്നുചാടി അതിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കുന്നു.

 

ഈ മഹാമാരിക്കാലത്ത് പുതിയ സ്വാഭാവികത (new normal) എന്നൊരു ജീവിത വ്യവസ്ഥിതിയിലേയ്ക്ക് പോകണമെന്ന് പറയാറുണ്ട്. അതിന്റെ ഭാഗം തന്നെയാണ് ഓണ്‍ലൈന്‍ വിദ്യാഭ്യാസം. ലോകത്തിന്റെ പലഭാഗത്തും ഇത് നടക്കുന്നുമുണ്ട്. പക്ഷേ, സമ്പൂര്‍ണമായ ഒരു ഓണ്‍ലൈന്‍ വിദ്യാഭ്യാസ രീതിയിലേയ്ക്ക് എടുത്തുചാടാന്‍ നമ്മുടെ വിദ്യാഭ്യാസ വ്യവസ്ഥിതി തയാറെടുത്തിട്ടില്ലായിരുന്നു. അപ്രതീക്ഷിതമായി സംഭവിച്ചതായിരുന്നു അത്. കഴിഞ്ഞ വര്‍ഷമുണ്ടായ അത്രയും പ്രതിസന്ധികള്‍ ഇത്തവണ ഉണ്ടാകണമെന്നില്ല, കാരണം ആളുകള്‍ക്ക് കുറച്ചുകൂടി പരിചയം വന്നു.

 

എന്നാലും ചില നിയന്ത്രണങ്ങള്‍ ആവശ്യമാണ്. എത്ര വയസ്സ് മുതലാകണം ഡിജിറ്റല്‍ വിദ്യാഭ്യാസം തുടങ്ങേണ്ടത് എന്നതാണ് ആദ്യം തീരുമാനിക്കേണ്ടത്. രണ്ടുവയസ്സുവരെയുള്ള കുട്ടികള്‍ക്ക് ഒരുതരം ദൃശ്യമാദ്ധ്യമങ്ങളും കൊടുക്കുന്നത് നല്ലതല്ല. കാരണം മൂന്നു വയസ്സാകുമ്പോഴാണ് കുഞ്ഞുങ്ങള്‍ക്ക് കാര്യങ്ങളെ ദൃശ്യങ്ങളുടെ രൂപത്തില്‍ ഓര്‍ത്തുവയ്ക്കാന്‍ കഴിയുന്ന ദൃശ്യസ്മൃതി എന്ന കഴിവ് വികസിക്കുന്നത്. മൂന്നു വയസ്സ് മുതല്‍ അഞ്ചുവയസ്സുവരെയുള്ള കുട്ടികള്‍ക്ക് ഒരു ദിവസം പരമാവധി ഒരു മണിക്കൂര്‍ ഡിജിറ്റല്‍ ഉപകരണങ്ങള്‍ കൊടുക്കാം.അഞ്ചു വയസ്സിന് മുകളിലുള്ളവര്‍ക്ക് കഴിയുന്നത്ര പരിമിതപ്പെടുത്തി നല്‍കുക. പകല്‍ ഒരു നിശ്ചിത സമയം ഓണ്‍ലൈന്‍ വിദ്യാഭ്യാസം നടപ്പാക്കാം. പക്ഷേ അസൈന്‍ മെന്റുകളും ഹോം വര്‍ക്കുകളും ഓണ്‍ലൈന്‍ പ്രതലത്തിലൂടെ തന്നെ ചെയ്യേണ്ടിവരുന്നു എന്നതാണ് വലിയൊരു പ്രതിസന്ധി. ഇത്തരം കാര്യങ്ങളിലാണ് മാറ്റം വരേണ്ടത്. അസൈന്‍മെന്റുകള്‍ ഒരുമിച്ച് ആഴ്ചയിലൊരിക്കല്‍ കൊടുക്കുന്ന രീതിയിലോ അസൈന്‍മെന്റ് എഴുതിയ രൂപത്തില്‍ പിന്നീടെപ്പോഴെങ്കിലും സ്‌കൂളില്‍ എത്തിച്ചുകൊടുക്കുന്ന രീതിയിലോ മാറ്റുന്നത് നല്ലതാണ്.

 

ഓണ്‍ലൈന്‍ പഠനം നടക്കുമ്പോള്‍ത്തന്നെ ഓഫ് ലൈനെന്നോണം പ്രകൃതിയോടിണങ്ങി സഞ്ചരിക്കാന്‍ കുട്ടികള്‍ക്ക് അവസരങ്ങള്‍ ഒരുക്കണം. ഒരു മണിക്കൂറെങ്കിലും കായികവ്യായാമത്തിന് കുട്ടികളെ നിര്‍ബന്ധിക്കണം. കൃഷിയും പൂന്തോട്ട പരിപാലനവുമെല്ലാം പഠിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും വേണം. ഒരു ചെടി വളര്‍ത്തുക എന്നത് ഒരു കുഞ്ഞിനെ വളര്‍ത്തുന്നതിന് തുല്യമാണ്. ഒരു വ്യക്തിയുടെ അനുതാപം വളരാന്‍ അത് സഹായിക്കും.

 

 

 

OTHER SECTIONS