By priya.30 07 2022
കാല്‍ പാദങ്ങള്‍ വരണ്ടിരിക്കുന്ന അവസ്ഥ നേരിടുന്ന ഒരുപാട് പേരുണ്ടാകും.പാദങ്ങള്‍ വരണ്ടിരിക്കുന്നവര്‍ക്ക് ഇഷ്ടപ്പെട്ട ചെരിപ്പുകള്‍ ധരിക്കാന്‍ കഴിയാതെ പോകുന്ന അവസ്ഥയുണ്ടാകുന്നു. പകരം അത്തരക്കാര്‍ കാല്‍പാദങ്ങള്‍ മറയ്ക്കുന്ന ചെരിപ്പുകള്‍ ധരിക്കാന്‍ നിര്‍ബന്ധിതരാകുന്നു.
ആരെങ്കിലും തന്റെ കാലിലേക്ക് നോക്കുകയോ, വരണ്ടിരിക്കുന്നത് കാണുകയോ ചെയ്യുമോ എന്ന ആശങ്ക എപ്പോഴുമുണ്ടാകും. കാലുകള്‍ വരളുന്നതിന് ചില കാരണങ്ങള്‍ ഉണ്ട്. മികച്ച ശ്രദ്ധയും പരിചരണവും ലഭിച്ചാല്‍ ഈ വരള്‍ച്ച കുറയ്ക്കാനും കാല്‍പാദങ്ങളുടെ സൗന്ദര്യം വീണ്ടെടുക്കാനും സാധിക്കും.
ചെയ്യേണ്ട കാര്യങ്ങള്‍:
കുളി കഴിഞ്ഞ് മൂന്നു മിനിറ്റിനുള്ളില്‍ മോയിസ്ചറൈസര്‍ പുരട്ടുക. ജലാംശമുള്ളപ്പോള്‍ തന്നെ പുരട്ടുന്നത് കൂടുതല്‍ ഫലം നല്‍കും.
സോപ്പിന്റെ ഉപയോഗിക്കുന്നത് പരമാവധി കുറയ്ക്കുക. ന്യൂട്രല്‍ സോപ്പുകളോ, സോപ്പ് ഫ്രീ സൊല്യൂഷനുകളോ ഉപയോഗിച്ചാല്‍ വരള്‍ച്ച കുറയ്ക്കാം.
കുളി കഴിഞ്ഞ് മോയിസ്ച്വറൈസര്‍ പുരട്ടാന്‍ കഴിയാത്തവര്‍ക്ക് വെളിച്ചെണ്ണ ഉപയോഗിക്കണം. കുളിക്കുന്നതിനു മുമ്പ് വെളിച്ചെണ്ണ തേച്ചാലും കുളി കഴിഞ്ഞ് പുരട്ടണം.
ഉപ്പൂറ്റിയില്‍ വിണ്ടുകീറല്‍ ഉണ്ടെങ്കില്‍ ചെറു ചൂടുവെള്ളത്തില്‍ ഉപ്പിട്ട് കാലുകള്‍ 20 മിനിറ്റു നേരം അതില്‍ മുക്കി വയ്ക്കുക. ഇതിനുശേഷം കാല്‍ തുടച്ച് മോയിസ്ചറൈസര്‍ പുരട്ടാം.
വരള്‍ച്ച രൂക്ഷമാണെങ്കില്‍ ഡോക്ടറുടെ സേവനം തേടേണ്ടതാണ്. അവര്‍ നിര്‍ദേശിക്കുന്ന ഓയിന്റ്‌മെന്റുകളും ലോഷനുകളും ഉപയോഗിക്കുന്നത് വരള്‍ച്ച തടയാന്‍ സഹായിക്കും.
വൃത്തിയാക്കാനായി കാല്‍ കല്ലില്‍ ഉരയ്ക്കുന്നവരുണ്ട്. ഇതു ശരിയായ പ്രവണതയല്ല. കാല്‍ പാദം പരുക്കനാകാനേ ഇത് സഹായിക്കൂ. ഈ ശീലമുണ്ടെങ്കില്‍ അതൊഴിവാക്കാം.