ഫോണ്‍ പൊട്ടിത്തെറി ഒഴിവാക്കാം; ഈ സൂചനകള്‍ ശ്രദ്ധിക്കാം

By Web Desk.26 04 2023

imran-azhar

 

 


സ്മാര്‍ട്ട് ഫോണ്‍ പൊട്ടിത്തെറിച്ച് തൃശൂരില്‍ എട്ടു വയസ്സുകാരി മരിച്ച സംഭവം ഏറെ ഞെട്ടലുണ്ടാക്കി. സുരക്ഷിതമെന്ന് കരുതുന്ന ഫോണുകള്‍ കുഞ്ഞുങ്ങള്‍ വരെ കൈവശം വയ്ക്കുന്നു. ഇത്തരം സംഭവങ്ങള്‍ ഫോണ്‍ ശ്രദ്ധയോടെ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

 

പൊട്ടിത്തെറിക്കാന്‍ പോകുന്നു എന്നതിന്റെ ചില സൂചനകള്‍ ഫോണ്‍ പ്രകടിപ്പിച്ചേക്കാം. അമിതമായി ചൂടാകുക, ഫോണില്‍ നിന്ന് പൊട്ടലും ചീറ്റലും പോലുള്ള ശബ്ദങ്ങള്‍ വരിക, പ്ലാസ്റ്റിക്കോ രാസവസ്തുക്കളോ കത്തുമ്പോഴുണ്ടാകുന്ന ഗന്ധം അനുഭവപ്പെടുക, ഫോണിന്റെ ആകൃതിയില്‍ വ്യത്യാസം വരിക എന്നിവ സംഭവിച്ചാല്‍ ഫോണില്‍ നിന്ന് സുരക്ഷിതമായ അകലം പാലിക്കണം.

 

ഫോണ്‍ ചാര്‍ജ്ജ് ചെയ്യുമ്പോള്‍ ഉപയോഗിക്കരുത്. തുടര്‍ച്ചയായി മണിക്കൂറുകളോളം ഉപയോഗിക്കുന്നതും ഒഴിവാക്കണം. ഫോണ്‍ സൂക്ഷിക്കുമ്പോള്‍ സൂര്യപ്രകാശം നേരിട്ട് തട്ടാതെ ശ്രദ്ധിക്കണം, അമിത തണുപ്പിലും ഫോണ്‍ സൂക്ഷിക്കരുത്.

 

ഫോണ്‍ പൊട്ടിത്തെറിക്കാന്‍ നിരവധി കാരണങ്ങളുണ്ട്. മിക്കപ്പോഴും ബാറ്ററിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് അതിനു കാരണം. ഫോണ്‍ അമിതമായി ചൂടാകുന്ന അവസരങ്ങള്‍ ഒഴിവാക്കണമെന്നും ചൂടായാല്‍ ഫോണ്‍ ഉപയോഗിക്കുന്നത് നിര്‍ത്തണമെന്നും വിദഗ്ധര്‍ പറയുന്നു.

 

സ്മാര്‍ട് ഫോണുകളില്‍ ലിഥിയം-അയണ്‍ ബാറ്ററികളാണ് ഉപയോഗിക്കുന്നത്. ഈ ഫോണുകള്‍ ചൂടാകുന്നത് പൊട്ടിത്തെറിക്കു കാരണമാകും. ഉപകരണത്തിന്റെ അമിത ഉപയോഗം, ചാര്‍ജിങ് പോര്‍ട്ടിന്റെ തകരാറുകള്‍, നിലവാരം കുറഞ്ഞ ചാര്‍ജറുകള്‍, ഷോര്‍ട്ട് സര്‍ക്യൂട്ട് എന്നിവയെല്ലാം ഫോണ്‍ ബാറ്ററി പൊട്ടിത്തെറിക്കുന്നതിലേക്കു നയിച്ചേക്കാം.

 

കാറിന്റെ ഡാഷ്ബോര്‍ഡ്, കിച്ചണ്‍ സ്റ്റൗ മുതലായ ചൂടുള്ള ഇടങ്ങളില്‍ ഫോണുകള്‍ സൂക്ഷിക്കുന്നതും സുരക്ഷിതമല്ല.

 

ഫോണ്‍ അമിതമായി ചൂടാകും, ബാറ്ററി വീര്‍ക്കുന്നു, അസുഖകരമായ ഗന്ധത്തോടെ പുക, ഫോണില്‍ നിന്നു ദ്രാവക ചോര്‍ച്ച എന്നിവയെല്ലാം ഫോണിനോ ബാറ്ററിക്കോ കേടുപാടു വന്ന് പൊട്ടിത്തെറിക്കു മുമ്പു പ്രത്യക്ഷപ്പെടുന്ന സൂചനകളാണ്.

 

രാത്രി മുഴുവന്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്ന ശീലം ഒഴിവാക്കേണ്ടതാണ്. ഉറങ്ങുമ്പോള്‍ മൊബൈല്‍ ഫോണ്‍ തലയിണകള്‍ക്കടിയില്‍ സൂക്ഷിക്കരുത്. സിഗ്നല്‍ ദുര്‍ബലമാകുമ്പോഴോ ഉയര്‍ന്ന വേഗത്തില്‍ വാഹനത്തില്‍ സഞ്ചരിക്കുമ്പോഴോ ഫോണ്‍ ഉപയോഗിക്കുന്നതും പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്.

 

 

 

OTHER SECTIONS