By Shyma Mohan.01 02 2023
ട്രാന്‍സ് കപ്പിളായ സിയയും സഹദും സ്വന്തം കുഞ്ഞ് എന്ന സ്വപ്‌നത്തിലേക്ക് നടന്നടുക്കുകയാണ്. സഹദിന്റെ ഉദരത്തില്‍ കുഞ്ഞിന്റെ മിടിപ്പുകള്‍ അലയടിക്കുമ്പോള്‍ പിഞ്ചോമനയെ മാറോടണയ്ക്കാനായി കാത്തിരിക്കുകയാണ് അമ്മ സിയ.
കോഴിക്കോട് സ്വദേശനി സിയയുടെയും തിരുവനന്തപുരം സ്വദേശി സഹദിന്റെയും പ്രണയം പൂവിട്ടത് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്, സൗഹൃദം പ്രണയത്തിലേക്ക് വഴിമാറിയപ്പോള്‍ ഇരുവരും ഒന്നിച്ച് ജീവിക്കാന്‍ തുടങ്ങി. സഹദിന്റെ വീട്ടില്‍ നിന്ന് പൂര്‍ണ്ണ പിന്തുണയുണ്ടെങ്കിലും സിയയുടെ വീട്ടില്‍ നിന്ന് ബന്ധുവായൊരു സഹോദരിയും പാര്‍ട്ണറും മാത്രമാണ് പിന്തുണ നല്‍കുന്നത്. നൃത്താധ്യാപികയാണ് സിയ. കോഴിക്കോട് സ്വകാര്യ സ്ഥാപനത്തിലെ അക്കൗണ്ടന്റാണ് സഹദ്.
ഞങ്ങളുടെ ജീവിതത്തിന് അര്‍ത്ഥം വരാനായി ഒരു കുഞ്ഞുകൂടെ വേണമെന്ന തോന്നല്‍ ഞങ്ങള്‍ രണ്ടാള്‍ക്കും ശക്തമായി വന്നത് കൊണ്ടാണ് ഇങ്ങനെയൊരു തീരുമാനത്തിലേക്ക് എത്തിയത്. നടക്കുമോ ഇല്ലയോ എന്നൊന്നും അറിയില്ല ഞങ്ങള്‍ ആഗ്രഹിക്കാന്‍ തുടങ്ങിയെന്നും കുഞ്ഞിനായുള്ള കാത്തിരിപ്പിനെക്കുറിച്ച് സിയ പറയുന്നു.
രണ്ടാമത്തെ ഗര്‍ഭധാരണമാണ് വിജയിച്ചത്. ആദ്യത്തെ പരാജയപ്പെട്ടപ്പോള്‍ മാനസികമായി തകര്‍ന്നു പോയി രണ്ടാമത്തേത് ശരിയായപ്പോള്‍ ഒത്തിരി സന്തോഷമായി. ഇതാരോടുമുള്ള വാശി തീര്‍ക്കലല്ല ഞങ്ങളുടെ കുഞ്ഞ് ജീവിതത്തിന്റെ സന്തോഷമാണെന്നാണ് ദമ്പതികള്‍ ഒരേ സ്വരത്തില്‍ പറയുന്നത്. ഈ പ്രക്രിയയ്ക്ക് വളരെ റിസ്‌ക്കുണ്ട്, ആദ്യമേ അറിയാമായിരുന്നുവെന്ന് സഹദ് പറഞ്ഞു.
മുലപ്പാല്‍ നല്‍കുന്നത് പറ്റില്ല. എന്നാല്‍ മില്‍ക്ക് ബാങ്ക് വഴി മുലപ്പാല്‍ കുട്ടിക്കായി എത്തിക്കാനുള്ള ഏര്‍പ്പാടുണ്ടാക്കാമെന്നാണ് വിചാരിക്കുന്നത്. എ
ല്ലാം നല്ല രീതിയില്‍ തന്നെ വരുമെന്നാണ് വിശ്വാസമെന്നും സഹദ് പറയുന്നു.
എന്റെ വീട്ടില്‍ ആദ്യം പേടിയായിരുന്നു. അവരെയാരെയും ഞാന്‍ കുറ്റം പറയില്ല. സാധാരണക്കാരായ മത്സ്യതൊഴിലാളി കുടുംബമാണ് എന്റേത്. ഞാന്‍ പറയുന്നത് ഒന്നും അവര്‍ക്ക് പൂര്‍ണ്ണമായി മനസിലാവുന്നു
ണ്ടോയെന്ന് എനിക്കറിയില്ല. പക്ഷേ അവര്‍ക്കെന്നില്‍ വിശ്വാസമുണ്ട്. ആ വിശ്വാസമാണ് എന്റെ ശക്തി - സഹദ് പറയുന്നു.
കുഞ്ഞ് വളര്‍ന്ന് വരുമ്പോള്‍ നേരിടേണ്ടി വന്നേക്കാവുന്ന കളിയാക്കലുകളെ കുറിച്ച് ഇരുവര്‍ക്കും ആകുലതകളുണ്ട്. എന്നാല്‍ കുഞ്ഞ് തങ്ങളെ മനസിലാക്കി ഒപ്പം നില്‍ക്കുമെന്ന് തന്നെയാണ് ഇവരുടെ വിശ്വാസം. ഈ സമൂഹത്തില്‍ തലയുയര്‍ത്തി തന്നെ ഞങ്ങളുടെ കുഞ്ഞ് ജീവിക്കണമെന്നും സിയയും സഹദും പറയുന്നു.