എച്ചഐവി ബാധിതയില്‍ കൊറോണ വൈറസ് നിന്നത് 216 ദിവസം; അപകടകരമായ നിരവധി വകഭേദങ്ങളും

By Web Desk.06 06 2021

imran-azhar

 


കേപ് ടൗണ്‍: എച്ച്ഐവി ബാധിതയായ ദക്ഷിണാഫ്രിക്കന്‍ യുവതിയില്‍ കോവിഡിനു കാരണമായ കൊറോണ വൈറസിന് അപകടകരമായ നിരവധി വകഭേദങ്ങള്‍ ഉണ്ടായതായി കണ്ടെത്തല്‍. 216 ദിവസത്തോളം വൈറസ് സാന്നിധ്യം നിലനിന്ന 36 കാരിയില്‍ കോവിഡ് വൈറസിന് മുപ്പതിലധികം വ്യതിയാനങ്ങള്‍ സംഭവിച്ചതായി മെഡിക്കല്‍ ജേണല്‍ മെഡ്ആര്‍ക്കൈവ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

 

2006 ലാണ് ക്വാസുലു നതാല്‍ സ്വദേശിയായ യുവതിയ്ക്ക് എച്ച്ഐവി ബാധ സ്ഥിരീകരിച്ചത്. 2020 സെപ്റ്റംബറില്‍ കോവിഡ് ബാധിച്ച യുവതിയില്‍ വൈറസിന്റെ സ്വഭാവത്തിന് മാറ്റം വരുത്തക്ക വിധത്തില്‍ പതിമൂന്ന് വകഭേദങ്ങളും പത്തൊമ്പത് മറ്റ് ജനികതവ്യതിയാനങ്ങളും സംഭവിച്ചു. അപകടശേഷി കൂടിയ വൈറസ് വകഭേദങ്ങളായ ആല്‍ഫ വകഭേദത്തില്‍പ്പെടുന്ന ഇ484കെ, ബീറ്റ വകഭേദത്തില്‍പ്പെടുന്ന എന്‍510വൈ എന്നിവയും ഇവയില്‍ ഉള്‍പ്പെടുന്നു.

 

എച്ച്‌ഐവി ബാധിതര്‍ക്ക് കോവിഡ് പിടിപെടാനുള്ള സാധ്യതയ്ക്കും അത് മൂലം ഗുരുതരപ്രത്യാഘാതങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയ്ക്കുമുള്ള തെളിവുകള്‍ കുറവാണ്. എങ്കിലും ഗുരുതര എച്ച്‌ഐവി ബാധിതര്‍ വൈറസ് വകഭേദങ്ങളുടെ ഫാക്ടറിയായി തീരാമെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.

 

പ്രതിരോധ ശേഷി കുറഞ്ഞവരില്‍ കോവിഡ് വൈറസിന് ദീര്‍ഘകാലം തുടരാനാവുമെന്ന് റിപ്പോര്‍ട്ട് തയ്യാറാക്കിയ ജെനിറ്റിസിസ്റ്റ് ട്യുലിയോ ഡി ഒലിവൈറ പറയുന്നു. പഠനം നടത്തിയ യുവതിയില്‍ കോവിഡിന്റെ നേരിയ ലക്ഷണങ്ങള്‍ മാത്രമാണ് പ്രകടമായിരുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

 

 

 

 

OTHER SECTIONS