രക്തത്തിലെ പഞ്ചസാര എത്രവരെയാകാം? നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട മാര്‍ഗ്ഗനിര്‍ദേശം

By Web Desk.14 11 2022

imran-azhar

 

അമേരിക്കന്‍ ഡയബറ്റിസ് അസോസിയേഷന്റെ മാര്‍ഗ്ഗനിര്‍ദ്ദേശ പ്രകാരം ഫാസ്റ്റിംഗ് ഷുഗര്‍ 126 mg/dl ല്‍ കൂടുതല്‍, പോസ്റ്റ് പ്രാണ്ടിയല്‍ ഷുഗര്‍ 200 mg/dl ല്‍ കൂടുതല്‍, മേല്‍പ്പറഞ്ഞ ലക്ഷണങ്ങളോടു കൂടി റാന്‍ഡം ഷുഗര്‍ 200 mg/dl ല്‍ കൂടുതല്‍, എച്ച് ബി എ വണ്‍ സി 6.5 ശതമാനത്തില്‍ കൂടുതല്‍ ഇതിലേതെങ്കിലും ഒന്നുണ്ടെങ്കില്‍ പ്രമേഹ രോഗ നിര്‍ണയം നടത്താം. രോഗം നിര്‍ണയിച്ചാല്‍ പ്രമേഹ സംബന്ധമായ മറ്റു സങ്കീര്‍ണതകള്‍ ഇല്ല എന്ന് ഉറപ്പു വരുത്തേണ്ടതും അത്യാവശ്യമാണ്. ഇതിനായി ബ്ലഡ് പ്രഷര്‍, ഫണ്ടോസ്‌കോപി (കണ്ണുപരിശോധന), രക്തത്തിലെ ക്രിയാറ്റിനിന്‍, കൊളസ്‌ട്രോള്‍, ബയോതീസിയോമെട്രി, മൂത്രത്തിലെ ആല്‍ബുമിന്‍ അളവ് തുടങ്ങിയ ടെസ്റ്റുകള്‍ നടത്താറുണ്ട്.

 

പ്രമേഹം നിര്‍ണയിച്ചാല്‍, അതു വരാനിടയായ സാഹചര്യം കൂടി അന്വേഷിക്കേണ്ടത് അനിവാര്യമാണ്. താരതമ്യേന പ്രായം കുറഞ്ഞവരില്‍ കാണപ്പെടുന്ന ടൈപ്പ് വണ്‍ ഡയബറ്റിസ്, പാന്‍ക്രിയാറ്റിക് ഗ്രന്ഥിയില്‍ നിന്ന് ഇന്‍സുലിന്‍ എന്ന ഹോര്‍മോണ്‍ ഉല്പാദിപ്പിക്കപ്പെടാത്ത അവസ്ഥയാണ്. എന്നാല്‍, കൂടുതല്‍ ആളുകളില്‍ കാണപ്പെടുന്നതും താരതമ്യേന പ്രായം കൂടിയവരില്‍ കാണുന്നതുമായ ടൈപ്പ് ടു ഡയബറ്റിസ് ആവശ്യത്തിനുള്ള ഇന്‍സുലിന്‍ ഉല്പാദിപ്പിക്കാത്തതിനാലോ ഇന്‍സുലിന്‍ വേണ്ട വിധം ഉപയോഗപ്പെടുത്താന്‍ ശരീരത്തിനു കഴിയാത്തതിനാലോ ആവാം. ഇവ രണ്ടുമാണ് പ്രധാനപ്പെട്ട പ്രമേഹ രോഗങ്ങള്‍. ഇതു കൂടാതെ ജനിതക വ്യതിയാനം, സ്റ്റിറോയ്‌ഡോ, അതുപോലുള്ള മരുന്നുകളും പ്രമേഹരോഗം ഉണ്ടാക്കാറുണ്ട്.

 

മറ്റു അസുഖങ്ങളുടെ ഭാഗമായും പ്രമേഹം കണ്ടുവരാറുണ്ട്. അതുകൊണ്ടുതന്നെ വിശദമായ രോഗവിവരണവും ശാരീരിക പരിശോധനയും ഒഴിച്ചുകൂടാന്‍ പറ്റാത്തതാണ്. ഏതുതരം പ്രമേഹമാണെന്നു തിരിച്ചറിയാനുള്ള ടെസ്റ്റുകളും ലഭ്യമാണ്.

 

ഓരോ രോഗിയെയും കേന്ദ്രീകരിച്ചുള്ള ചികിത്സയാണ് അമേരിക്കന്‍ ഡയബറ്റിക് അസോസിയേഷന്‍ പ്രമേഹരോഗത്തിനു നിര്‍ദ്ദേശിക്കുന്നത്. രോഗിയുടെ പ്രായം രോഗദൈര്‍ഘ്യം, മറ്റ് അസുഖങ്ങള്‍ എന്നിവ കൂടാതെ മാനസിക പ്രതിസന്ധികളും സാമൂഹിക പിന്തുണയും കണക്കിലെടുത്തു വേണം ചികിത്സ ക്രമീകരിക്കാന്‍.

 

 

 

 

 

OTHER SECTIONS