By Web Desk.13 11 2022
ഡോ. പി. കെ. ജബ്ബാര്‍
ഡയറക്ടര്‍
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഡയബറ്റിസ്
പുലയനാര്‍കോട്ട, തിരുവനന്തപുരം
ജീവിതശൈലി രോഗങ്ങള്‍ ലോകമെമ്പാടും വര്‍ദ്ധിച്ചുവരികയാണ്. ഇതില്‍ത്തന്നെ പ്രമേഹം മഹാമാരിയായി വളരുന്നു. ലോകത്ത് 463 മില്ല്യണ്‍ പ്രമേഹരോഗികളുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഐസിഎംആറിന്റെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ മാത്രം 77 മില്ല്യണ്‍ ആളുകള്‍ പ്രമേഹ ബാധിതരാണ്. ഏറ്റവും കൂടുതല്‍ പ്രമേഹരോഗികളുള്ള രാജ്യങ്ങളില്‍ ഇന്ത്യ രണ്ടാം സ്ഥാനത്താണ്. എന്നാല്‍, പ്രമേഹം മൂലമുള്ള മരണങ്ങളില്‍ ഇന്ത്യ ഒന്നാമതാണ്. പത്തു ലക്ഷത്തിലധികം മരണങ്ങളാണ് ഓരോ വര്‍ഷവും പ്രമേഹവും അനുബന്ധ രോഗങ്ങളും കാരണം ഇന്ത്യയിലുണ്ടാകുന്നത്.
പകുതിയിലധികം പ്രമേഹ രോഗികള്‍ക്കും തങ്ങളുടെ രോഗത്തെപ്പറ്റി ധാരണയില്ല എന്നതാണ് ഏറ്റവും ആശങ്കയുണര്‍ത്തുന്ന കാര്യം. അതുകൊണ്ടുതന്നെ, കൃത്യസമയത്തുള്ള രോഗനിര്‍ണയം വളരെ പ്രധാനപ്പെട്ടതാണ്.
കേരളത്തില്‍ അടുത്തിടെ നടത്തിയ ഐസിഎംആര്‍ പഠനത്തില്‍ പതിനെട്ടു വയസ്സിനു മുകളിലുള്ളവരില്‍ 23.6 ശതമാനം പ്രമേഹ രോഗികളാണെന്നാണ് കണ്ടെത്തിയത്.
ഇന്ത്യന്‍-ഏഷ്യന്‍ സമൂഹത്തിന് പാശ്ചാത്യ സമൂഹങ്ങളെക്കാള്‍ പ്രമേഹരോഗ സാധ്യത കൂടുതലാണെന്നു പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. പൊണ്ണത്തടി, ഭക്ഷണരീതി, വ്യായാമമില്ലാത്ത ജീവിതരീതിയും പ്രമേഹത്തിന്റെ പ്രധാന കാരണങ്ങളാണെങ്കിലും ഇന്ത്യന്‍ സമൂഹത്തില്‍ കുറഞ്ഞ പ്രായക്കാര്‍ക്കും ശരീരഭാരം കുറഞ്ഞവരിലും ടൈപ്പ് 2 പ്രമേഹം കണ്ടുവരുന്നു. പ്രമേഹവുമായി ബന്ധപ്പെട്ട സങ്കീര്‍ണതകളും ഇന്ത്യക്കാരില്‍ കൂടുതലാണ്.
പ്രമേഹത്തെ കീഴടക്കാനുള്ള ആദ്യ പടി അത് ആരംഭത്തില്‍ത്തന്നെ തിരിച്ചറിയുകയും അതിനു ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കലുമാണ്. പ്രമേഹത്തിന്റെ തുടക്കത്തില്‍ ലക്ഷണങ്ങള്‍ കുറവായതിനാല്‍ ഗ്ലൂക്കോസ് സെന്‍സിറ്റിവിറ്റി എന്ന അവസ്ഥ എത്തുമ്പോഴോ സങ്കീര്‍ണതകള്‍ പ്രകടമാകുമ്പോഴോ ആണ് രോഗികള്‍ ഡോക്ടറുടെ അടുത്തെത്തുന്നത്. അമിത വിശപ്പും ദാഹവും അമിതമായി മൂത്രമൊഴിക്കാന്‍ തോന്നുന്നതും തൂക്കം കുറയുക, മുറിവുകള്‍ ഉണങ്ങാനുള്ള ബുദ്ധിമുട്ട് എന്നിവയാണ് പ്രമേഹത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. ഈ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും പെട്ടെന്ന് വേണ്ട ടെസ്റ്റുകള്‍ ചെയ്യേണ്ടത് അത്യാവശ്യമാണ്.