ഡോക്ടര്‍, പുകയില ഇല്ലാതെ വെറ്റില മുറുക്കിയാല്‍ കുഴപ്പമുണ്ടോ?

By Health desk.31 05 2021

imran-azhar

 

 

ഡോ. മണികണ്ഠന്‍ ജി. ആര്‍.

 

മറ്റൊരു ലോക പുകയില വിമുക്തദിനം കൂടി. പുകയില ഉപേക്ഷിക്കൂ, ജീവിതത്തില്‍ വിജയിക്കൂ എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം. ഈ മഹാമാരിക്കാലത്ത് പുകയില വിമുക്ത ദിനത്തിന് കൂടുതല്‍ പ്രസക്തിയുണ്ട്. പുകയില ശരീരത്തിലെ എല്ലാ വ്യൂഹങ്ങളെയും സാരമായി ബാധിക്കുന്നു. ശ്വാസകോശാര്‍ബുദത്തിനും വായിലെ അര്‍ബുദത്തിനും പ്രധാന കാരണം പുകയിലയുടെ ഉപയോഗമാണ്. പുകയില കാരണം നിരവധി ദന്താരോഗ്യപ്രശ്നങ്ങളും ഉണ്ടാകുന്നുണ്ട്. പുകയിലയുമായി ബന്ധപ്പെട്ടുള്ള പ്രധാന സംശയങ്ങള്‍:

 

1. പുകയില ഉണ്ടാക്കുന്ന ദന്താരോഗ്യപ്രശ്നങ്ങള്‍ ഏതൊക്കെ?

 

പുകയില കാരണം നിരവധി ദന്താരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാവുന്നു. വായിലെ അര്‍ബുദം, മോണരോഗങ്ങള്‍, വായ്നാറ്റം, വായ വരണ്ടുണങ്ങല്‍, പല്ലുകളില്‍ കറയുണ്ടാവുക, വായിലെ അസ്ഥിയുടെ ത്വരിതവേഗത്തിലുള്ള ക്ഷയം, പല്ലെടുക്കുമ്പോഴോ വായിലെ ശസ്ത്രക്രിയകളോ കഴിഞ്ഞ് മുറിവുണങ്ങാന്‍ കാലതാമസം നേരിടുക എന്നിവയാണ് അവയില്‍ പ്രധാനം.

 

2. പുകയില ഇല്ലാതെ അടയ്ക്കയും ചുണ്ണാമ്പും വെറ്റിലയും ചേര്‍ത്ത് മുറുക്കുന്നതില്‍ കുഴപ്പമുണ്ടോ?

ഈ നാലു പദാര്‍ത്ഥങ്ങളില്‍ കൂടുതല്‍ ഹാനികരം പുകയില ആണെങ്കിലും ബാക്കിയുള്ളവയുടെ ഉപയോഗവും ദോഷം തന്നെയാണ്. അടയ്ക്കയിലുള്ള ചില സംയുക്തങ്ങള്‍ വായിലെ അര്‍ബുദത്തിന് മുന്നോടിയായി പൂര്‍വാര്‍ബുദ അവസ്ഥകള്‍ സൃഷ്ടിക്കുന്നു. വായിലെ പേശികളെ സാരമായി ബാധിച്ച് വായ തുറക്കാന്‍ ബുദ്ധിമുട്ട് നേരിടുന്ന സബ് മ്യൂക്കസ് ഫൈബ്രോസിസ് എന്ന അവസ്ഥയുണ്ടാക്കും. അതുപോലെ ചുണ്ണാമ്പും വെറ്റിലയും വായിലെ അര്‍ബുദം വര്‍ദ്ധിപ്പിക്കുന്നവയാണ്. അതിനാല്‍, ഇതു നാലും ഒഴിവാക്കണം.

 

3. വായിലെ ക്യാന്‍സര്‍ നേരത്തെ തിരിച്ചറിയാനാവുമോ?

പല്ലുതേയ്ക്കുമ്പോള്‍ നാവിന്റെ വശങ്ങള്‍, അടിഭാഗം, മുകള്‍ഭാഗം ചുണ്ട്, മോണ, അണ്ണാക്ക് എന്നിവിടങ്ങള്‍ പരിശോധിക്കുക. കൂര്‍ത്ത പല്ലുകള്‍ തട്ടി മുറിയുന്നുണ്ടെങ്കില്‍ അവ രാകി മിനുസപ്പെടുത്തുക. മൂന്നാഴ്ചയില്‍ കൂടുതലായി ഉണങ്ങാതെ നില്‍ക്കുന്ന മുറിവുകള്‍, ചുരണ്ടിയാലും കഴുകിയാലും മായാത്ത വെളുത്തതോ ചുവന്നതോ ആയ പാടുകളോ കല്ലിപ്പോ കണ്ടാല്‍ ദന്തരോഗ വിദഗ്ദ്ധനെ കാണിക്കുക.

 

4. പുകവലിക്കുന്നുണ്ടെങ്കിലും മോണയില്‍ നിന്ന് രക്തം വരികയോ മോണ ചുവപ്പോ ഇല്ല. അതെന്താണ്?

മോണരോഗത്തിന്റെ ലക്ഷണങ്ങളാണ് മോണയിലെ വര്‍ദ്ധിച്ച ചുവപ്പുനിറവും മോണയില്‍ നിന്നുള്ള രക്തസ്രാവവും. എന്നാല്‍, പുകയിലയിലെ നിക്കോടിന്‍ രക്തക്കുഴലുകളെ സങ്കോചിപ്പിക്കുന്നതിനാല്‍ ഈ ലക്ഷണങ്ങള്‍ പ്രകടമാകാറില്ല. മോണരോഗം മൂര്‍ച്ഛിച്ച് അസ്ഥിഭ്രംശം വന്ന് പല്ലുകള്‍ക്ക് ഇളക്കം സംഭവിക്കുമ്പോഴായിരിക്കും പുകയില ഉപയോഗിക്കുന്നവര്‍ ഇത് മനസിലാക്കുക. അതിനാല്‍, വര്‍ഷത്തില്‍ രണ്ടു തവണ കര്‍ശനമായും ദന്തപരിശോധന നടത്തണം.

 

5. കോവിഡില്‍ പുകയിലയുടെ ഉപയോഗം വായിലെ പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുമോ?

പുകയിലയുടെ അമിത ഉപയോഗം മോണരോഗം ത്വരിതപ്പെടുത്തുന്നു. ഇത് ശരീരത്തില്‍ നീര്‍വീക്കം വര്‍ദ്ധിക്കാനും സൈറ്റോക്കൈന്‍ സ്റ്റോം എന്ന രോഗപ്രതിരോധ വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്ന സ്ഥിതി സംജാതമാവാനും കാരണമാവും. പുകയില ഉമിനീര്‍ ഗ്രന്ഥികളെ ബാധിക്കുമ്പോള്‍ വായ വരണ്ടുണങ്ങുന്നു. ഇതിന്റെ ഫലമായി വായ്നാറ്റം വര്‍ദ്ധിക്കാനും വായിലെ പൂപ്പല്‍ ബാധ, അതായത് ഇപ്പോള്‍ കേള്‍ക്കുന്ന വൈറ്റ് ഫംഗസ് അഥവാ കാന്‍ഡിഡയുടെ ഗണ്യമായ വളര്‍ച്ചയ്ക്കും കാരണമാവും. അതിനാല്‍, പുകയില ഉപേക്ഷിക്കേണ്ടത് വളരെ അത്യാവശമാണ്.


(കൗണ്‍സില്‍ ഓണ്‍ ഡെന്റല്‍ ഹെല്‍ത്ത്, ഇന്ത്യന്‍ ദന്തല്‍ അസോസിയേഷന്‍, തിരുവനന്തപുരം കണ്‍വീനര്‍ ആണ് ലേഖകന്‍)

 

OTHER SECTIONS