By santhisenanhs.21 02 2022
കുതിച്ചുയരുന്ന നിർമാണസാമഗ്രികളുടെ വില, വീടുപണിയാൻ ഉദ്ദേശിക്കുന്നവരെ ആശങ്കാകുലരാക്കുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ ചെലവുകുറഞ്ഞ ഭവനനിർമാണ രീതികൾക്ക് ഇന്ന് ഏറെ പ്രചാരം ലഭിക്കുകയും ചെയ്യുന്നു. അവയിൽ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ് ഫെറോസിമെന്റ് ഉപയോഗിച്ചുള്ള നിർമാണം. ഏറ്റവും കുറഞ്ഞ ചെലവിൽ പാർപ്പിട നിർമാണത്തിന് അനു യോജ്യമായ ടെക്നോളജിയാണ് ഇത്.
ഫെറസ് എന്നാൽ ഇരുമ്പ് എന്നാണ് അർഥം. ഫെറോസിമെന്റ് എന്നാൽ കുറഞ്ഞ കനത്തിൽ ഉപയോഗിക്കാവുന്ന റീ ഇൻഫോഴ്സ്ഡ് കോൺക്രീറ്റാണ്. സിമെന്റ് (ബൈൻഡിങ് മെറ്റീരിയൽ), മണൽ (ഫൈൻ അഗ്രിഗേറ്റ്സ്), കുറഞ്ഞ വ്യാസമുള്ളതും തുടർച്ചയുള്ളതുമായ ഒന്നിലധികം പാളി വലകൾ (റീഇൻഫോഴ്സ്മെന്റ്) എന്നിവയാണ് ഇതിന്റെ പ്രധാന ചേരുവകൾ. കോഴ്സ് അഗ്രിഗേറ്റ്സ് ഉപയോഗിക്കുന്നില്ല എന്നുള്ളതിലും റീ ഇൻഫോഴ്സിങ് എലമെന്റുകൾ എങ്ങനെ സജ്ജീകരിച്ചിരിക്കുന്നു എന്നതിലുമാണ് ഫെറോസിമെന്റും റീ ഇൻഫോഴ്സ്ഡ് കോൺക്രീറ്റും തമ്മിൽ വ്യത്യാസമുള്ളത്.
ഏറ്റവും കൂടുതൽ ലഭ്യമായതും പുനരുപയോഗം സാധ്യമായതുമായ ഇരുമ്പാണ് ഫെറോസിമെന്റിലെ പ്രധാന ഘടകം. ആറ്റുമണൽ, നിര്‍മിത മണൽ, ഫ്ളൈ ആഷ് തുടങ്ങിയ ഫൈന്‍ അഗ്രിഗേറ്റ്സ് ഫെറോസിമെന്റിൽ ഉപയോഗിക്കാം. ഏത് ആകൃതിയിലും നിർമിച്ചെടുക്കാം എന്നതിനാൽ രൂപകൽപനയിൽ ആർക്കിടെക്റ്റിന് പരമാവധി സ്വാതന്ത്ര്യം ലഭ്യമാക്കുന്ന സാങ്കേതികവിദ്യയാണ് ഫെറോ ടെക്നോളജി. വളരെ സങ്കീർണമായ യന്ത്രസാമഗ്രികൾ ഫെറോസിമെന്റ് നിർമാണപ്രക്രിയയിൽ ആവശ്യമായി വരുന്നില്ല. മാത്രമല്ല, നിർമിതിയിൽ ഉണ്ടായേക്കാവുന്ന തകരാറുകൾ അനായാസം റിപ്പയർ ചെയ്യാനും സാധിക്കും.
ചെറിയ യൂണിറ്റുകൾ അല്ലെങ്കിൽ ഇഷ്ടികകൾ ഒന്നിനു മുകളിൽ ഒന്നായി ഒട്ടിച്ചെടുത്തു നിർമിക്കുന്ന സാധാരണ ഭിത്തികളേക്കാള്‍ തിരശ്ചീനമായ തള്ളൽ അഥവാ സമ്മർദ്ദത്തെ അതിജീവിക്കുവാൻ ഫെറോസിമെന്റ് ഭിത്തികൾക്ക് കഴിവുണ്ട്. സ്ഥല ലഭ്യതയാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. താരതമ്യേന കനം കുറവായതിനാൽ ഫെറോസിമെന്റ് ഭിത്തികളിൽ നിർമിക്കപ്പെടുന്ന വീടുകളുടെ മൊത്തം തറ വിസ്തീർ ണത്തിൽ ഗണ്യമായ കുറവുണ്ടാകുന്നു.
വെർട്ടിക്കലായോ ഹൊറിസോണ്ടലായോ ഉള്ള ഭാരവഹനശേഷി ഫെറോസിമെന്റ് ഫ്രെയിം സ്ട്രക്ചറിൽ നിർമിക്കുന്ന വീടുകൾക്ക് സാധാരണ വീടുകളേക്കാൾ കൂടുതലാണ്. കോളം– ബീം സ്ട്രക്ചറിൽ സാധാരണ കെട്ടിടങ്ങൾ രൂപകൽപ്പന ചെയ്യുമ്പോൾ ലഭിക്കുന്നതിനേക്കാള്‍ കൂടുതൽ സ്പെയ്സും ഫെറോ സിമെന്റ് വീടുകൾക്ക് ലഭിക്കും. മറ്റു നിർമാണരീതികളെ അപേക്ഷിച്ച് നോക്കുമ്പോൾ ഫെറോസിമെന്റ് രീതിയിലുള്ള നിർമാണത്തിന് ചെലവ് കുറവാണ്. മാത്രമല്ല, ഇത്തരം വീടുകൾ പെട്ടെന്ന് പണിതുയർത്താൻ കഴിയും. സാധാരണ വീടിനേ ക്കാൾ 30% ചെലവ് കുറവ്, നല്ല ഉറപ്പുള്ളതിനാല്‍ ലീക്കേജിനെ പ്രതിരോധിക്കും, കോൺക്രീറ്റ് വീടുകളെ അപേക്ഷിച്ച് രാത്രികാലങ്ങളിലെ ചൂടു കുറവ് തുടങ്ങിയ ഗുണങ്ങളും ഫെറോസിമെന്റ് വീടുകൾക്കുണ്ട്.
ഫെറോസിമെന്റ് നിർമാണച്ചെലവ് മറ്റു നിർമാണരീതിയുമായി താരതമ്യം ചെയ്യുമ്പോൾ 30% വരെ കുറവുണ്ട്. പ്ലിന്ത് ഏരിയ, കാർപെറ്റ് ഏരിയ എന്നിവയുടെ അനുപാതത്തിൽ വരുന്ന വ്യത്യാസമാണ് ചെലവു കുറയ്ക്കുന്ന പ്രധാന ഘടകം. ഫെറോസിമെന്റ് നിർമാണത്തിൽ സ്ഥല വിന്യാസം കുറവാണ്. സാധാരണ നിർമാണ രീതിയിൽ 1000 സ്ക്വയർ ഫീറ്റ് പ്ലിന്ത് ഏരിയയുള്ള വീട് അത്രതന്നെ കാർപെറ്റ് ഏരിയയോടെ 800–900 സ്ക്വയർഫീറ്റ് പ്ലിന്ത് ഏരിയയുള്ള ഫെറോസിമെന്റ് വീടായി നിർമിക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ ചുരുങ്ങി യ ദിവസങ്ങൾ കൊണ്ട് പണി തീർക്കാൻ സാധിക്കും എന്നുള്ള തിനാൽ ലേബർ കോസ്റ്റ് നല്ലൊരു ശതമാനം കുറയുന്നു.
വീടുപണിക്ക് ആകെ ആവശ്യമായി വരുന്ന നിർമാണ സാമഗ്രികളുടെ അളവിൽ വരുന്ന കുറവും ചെലവ് ലാഭിക്കാൻ സഹായിക്കും. അതായത് ഫെറോസിമെന്റ് ടെക്നോളജിയിൽ നാലു വീടുകൾ നിർമിക്കുമ്പോൾ സാധാരണ വീടുകളുമായി താരതമ്യം ചെയ്തു നോക്കിയാൽ അഞ്ചാമതൊരു വീടുകൂടി നിർമിക്കാനുള്ള നിർമാണ സാമഗ്രികൾ നമുക്ക് മിച്ചം വയ്ക്കാനാവും. ഈ സാങ്കേതികവിദ്യ പരിസ്ഥിതി സൗഹാർദപരമാണെന്നു പറയുന്നതിന്റെ കാരണവും ഇതുതന്നെയാണ്.
ഫെറോ സിമെന്റിന്റെ അടിസ്ഥാന ഘടകമാണ് വയർമെഷ് അഥവാ വലരൂപത്തിലുള്ള റീ ഇൻഫോഴ്സ്മെന്റ്. ഇത് വെൽഡ് ചെയ്യപ്പെട്ടതോ നെയ്യപ്പെട്ടതോ ആവാം. കൈകാര്യം ചെയ്യാനും വശങ്ങളിലും മൂലകളിലും അനായാസം പാകാൻ കഴിയുന്ന വിധത്തിൽ ഫ്ളെക്സിബിൾ ആയതുമായിരിക്കണം ഇവ എന്നു മാത്രം. കമ്പിയും വയർമെഷും അടങ്ങുന്ന റീ ഇൻഫോഴ്സ്മെന്റിന് പ്രധാനമായും രണ്ടു ധർമങ്ങളാണുള്ളത്.
1. പ്ലാസ്റ്ററിങ്ങിന്റെ ആദ്യ ഘട്ടത്തിൽ സിമെന്റ് മണൽ മിശ്രിതത്തിന് ആവശ്യമായ ഫോം വർക്കും സപ്പോർട്ടും നൽകുക.
2. സിമെന്റ് ചാന്ത് (മോർട്ടാർ) സെറ്റായതിനുശേഷം അതിനു മേൽ വരുന്ന ടെൻസൈൽ സ്ട്രെസ്സിനെ ഉൾക്കൊണ്ട് തുല്യ മായി വിതരണം ചെയ്യുക.
ഇരുമ്പ് സ്ട്രക്ചറുകളായ ആംഗിൾ ISMB ISMC, ഫ്ലാറ്റ് റോഡ് തുടങ്ങിയവ ഉൾപ്പെടുന്ന ഒരു ചട്ടക്കൂടാണ് സ്കെലട്ടൽ സ്റ്റീൽ ഫെറോ സിമെന്റ് കെട്ടിടങ്ങളിലെ പ്രാഥമികമായ ലോഡ് ബെയറിങ് എലമെന്റ്. അതായത്, കെട്ടിടത്തിന്റെ ഭാരത്തെ താങ്ങി നിർത്തുന്നത് ഈ ചട്ടക്കൂടാണ് എന്നു ചുരുക്കം. ഒരു സ്ട്രക്ചറൽ എൻജിനീയറുടെ നിർദേശപ്രകാരം ഇത് തയാറാക്കപ്പെടണം. മണ്ണിന്റെ ഘടന, കെട്ടിടത്തിന്റെ ഉയരം, മുറികളുടെ വലുപ്പം, ഉപയോഗം തുടങ്ങിയ ഘടകങ്ങൾക്കനുസരിച്ച് സ്െകലട്ടൽ സ്റ്റീൽ ഡിസൈനും വ്യത്യാസപ്പെടുന്നു.
ശ്രദ്ധിക്കേണ്ടത്
പഴക്കമില്ലാത്തതും കട്ടകളില്ലാത്തതും സമാനസ്വഭാവത്തോടു കൂടിയതുമായ നിലവാരമുള്ള സിമെന്റാണ് ഫെറോസിമെന്റ് നിർമിതിയിൽ ഉപയോഗിക്കേണ്ടത്. സാധാരണ നിർമിതികളിലേതിനേക്കാൾ ഫെറോസിമെന്റ് നിർമിതിയിൽ സിമെന്റിന്റെ അളവ് കൂടുതലായിരിക്കും. എന്നാൽ ആകെ ഉപഭോഗം കുറവായിരിക്കും. അനുയോജ്യമായ ഗ്രേഡിങ്ങിലുള്ള നിർമിത മണലോ ആറ്റുമണലോ ഫൈൻ അഗ്രിഗേറ്റ്സായി ഉപയോഗിക്കാം. എന്നാൽ ജൈവ അജൈവ മാലിന്യങ്ങൾ, ചെളി, ഉപ്പ് എന്നിവയുടെ സാന്നിധ്യം ഉണ്ടാകാൻ പാടില്ല.
ഫെറോ സിമെന്റിന്റെ നിർമ്മിതിയിലും തുടർന്ന് ക്യൂറിംഗിനും (ഉണങ്ങാനും) ഉപയോഗിക്കുന്ന വെള്ളം ലവണാംശമോ മറ്റ് മാലിന്യങ്ങളോ ഇല്ലാത്ത ശുദ്ധജലമായിരിക്കണം. വാട്ടർ സിമെന്റ് അനുപാതം നിലനിർത്തിക്കൊണ്ടുതന്നെ, കൂടുതൽ പ്രവർത്തനക്ഷമതയും ഉറപ്പും ലഭ്യമാക്കുന്നതിന് ഫെറോസി മെന്റിൽ ചില രാസവസ്തുക്കൾ ചേർക്കാറുണ്ട്. ഗാൽവനൈ സ്ഡ് മെഷും സിമെന്റും തമ്മിലുള്ള പ്രതിപ്രവർത്തനം കുറയ്ക്കാൻ രാസവസ്തുക്കൾ സഹായിക്കുന്നു. തുരുമ്പിനെ പ്രതിരോധിക്കാൻ സ്കെൽട്ടൻ സ്റ്റീലിൽ പ്രത്യേകം കോട്ടിങ് ഉപയോഗിക്കുന്നുണ്ട്. ഇത് കേരളത്തിലെ ഈർപ്പം കൂടിയ കാലാവസ്ഥയിൽ തുരുമ്പിനെ പ്രതിരോധിക്കാൻ ഏറെ ഫലപ്രദമാണ്.