ഒറ്റത്തൂണില്‍ വിസ്മയമായി റെയില്‍വെ തൂക്കുപാലം; കൊടുങ്കാറ്റിലും കുലുങ്ങില്ല!

By web desk.30 04 2023

imran-azhar

 

 

 

വിസ്മയമായി ഒരു റെയില്‍പാലം. ഇന്ത്യന്‍ റെയില്‍വെയുടെ ചരിത്രത്തില്‍ ആദ്യമായി നിര്‍മിച്ച കേബിള്‍ റെയില്‍പാലമാണ് ശ്രദ്ധേയമാകുന്നത്. ജമ്മുകശ്മീരിലാണ് പാലം നിര്‍മിച്ചത്. 11 മാസം കൊണ്ടാണ് പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയായത്. പാലത്തിന്റെ നിര്‍മാണഘട്ടം ഉള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവ് ട്വിറ്ററില്‍ പങ്കുവച്ചു.

 

 

 

പുത്തന്‍ മാതൃകയില്‍ നിര്‍മിച്ചിട്ടുള്ള പാലം കട്‌റയെയും റേസി ജില്ലയെയുമാണ് ബന്ധിപ്പിക്കുന്നത്. റെയില്‍വെയുടെ ഉദംപുര്‍-ശ്രീനഗര്‍-ബാരാമുള്ള റെയില്‍ ലിങ്ക് പദ്ധതിയുടെ ഭാഗമായാണ് പാലം നിര്‍മിച്ചത്. ഹിമാലയന്‍ പര്‍വത നിരകള്‍ക്കിടയിലൂടെയുള്ള പാലം എന്‍ജിനീയറിംഗ് വിസ്മയമാണ്.

 

പാലത്തിന്റെ നിര്‍മാണത്തിനായി ഐഐടി റൂര്‍ക്കി, ഐഐടി ഡല്‍ഹി എന്നിവയുടെ നേതൃത്വത്തില്‍ വിശദമായ പഠനങ്ങള്‍ നടത്തി. ഇറ്റാലിയന്‍ റെയില്‍വെയുടെ കീഴിലുള്ള കമ്പനിയാണ് പാലത്തിന്റെ രൂപകല്‍പ്പന നടത്തിയത്.

 

 

ഒറ്റത്തൂണില്‍ 96 കേബിളുകളിലാണ് ഈ പാലം സ്ഥിതി ചെയ്യുന്നത്. 653 കിലോമീറ്ററാണ് പാലത്തിനായി ഉപയോഗിച്ച കേബിളുകളുടെ നീളം.

 

പാലത്തിന്റെ ആകെ നീളം 473.25 മീറ്ററാണ്. കേബിളുകള്‍ താങ്ങുന്ന പാലം നാലു ഭാഗങ്ങളായാണ് പൂര്‍ത്തിയാക്കിയത്. റേസില്‍ നിന്ന് 120 മീറ്റര്‍ നീളത്തില്‍ ആദ്യത്തെ അനുബന്ധ ഘട്ടം പൂര്‍ത്തിയാക്കി. ഇതുപോലെ 38 മീറ്റര്‍ കട്‌റ ഭാഗത്തും നിര്‍മിച്ചു. തുടര്‍ന്നാണ് പാലത്തിന്റെ നിര്‍മാണം തുടങ്ങിയത്.

 

 

റെയില്‍പാലത്തിന് അനുബന്ധമായി 3.75 മീറ്റര്‍ വീതിയില്‍ സര്‍വീസ് റോഡും ഇരുവശങ്ങളിലും 1.5 മീറ്റര്‍ വീതിയില്‍ നടപ്പാതയും ഉണ്ട്.

 

കൊടുങ്കാറ്റില്‍ പോലും പാലം കുലുങ്ങാതെ നില്‍ക്കും. കൊടുങ്കാറ്റ് പോലുള്ള പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കുന്ന വിധത്തിലാണ് പാലത്തിന്റെ നിര്‍മാണം. നിരീക്ഷണത്തിനായി പാലത്തില്‍ സെന്‍സറുകളും സ്ഥാപിച്ചിട്ടുണ്ട്.

 

 

 

 

OTHER SECTIONS