അധിക പരിചരണം ആവശ്യമില്ല; സ്‌നേക്ക് പ്ലാന്റ് വീടിനുള്ളില്‍ വളര്‍ത്താം

By Lekshmi.27 07 2023

imran-azhar

 

വീടിനകത്തും പുറത്തുമായി വളര്‍ത്താവുന്ന സ്‌നേക്ക് പ്ലാന്റുകള്‍ക്ക് ആരാധകര്‍ ഏറെയാണ്. അധിക പരിചരണം ആവശ്യമില്ലാതെ ഭംഗിയില്‍ വളരുന്നത് കൊണ്ടുതന്നെ ഇന്ന് ഒട്ടുമിക്ക വീടുകളിലും ഇവ ഇടം പിടിക്കുന്നുമുണ്ട്. എന്നാല്‍ കാഴ്ചയിലെ ഭംഗിക്ക് പുറമേ ഇവ വളര്‍ത്തുന്നതിന് മറ്റുചില ഗുണങ്ങള്‍ കൂടിയുണ്ട്.

 

അന്തരീക്ഷത്തിലെ പല വിഷാംശങ്ങളും വലിച്ചെടുക്കാന്‍ കഴിവുള്ളവയാണ് സ്‌നേക്ക് പ്ലാന്റുകള്‍. അതിനാല്‍ ഇവ വീടിനുള്ളില്‍ വളര്‍ത്തുന്നത് അകത്തളത്തിലെ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ സഹായകമാണ്. എന്നാല്‍ ഗുണഫലങ്ങള്‍ ലഭിക്കാന്‍ ഇവ കൃത്യമായ സ്ഥാനത്ത് വളര്‍ത്താനും ശ്രദ്ധിക്കേണ്ടതുണ്ട്. വീട്ടിലേയ്ക്ക് സമൃദ്ധിയും ആരോഗ്യവും ഐശ്വര്യവും ആകര്‍ഷിക്കാനുള്ള കഴിവും സ്‌നേക്ക് പ്ലാന്റുകള്‍ക്ക് ഉണ്ടെന്നാണ് ചൈനീസ് വാസ്തു സമ്പ്രദായമായ ഫെങ് ഷൂയി പറയുന്നത്. എന്നാല്‍ ഗുണഫലങ്ങള്‍ ലഭിക്കാന്‍ ഇവ കൃത്യമായ സ്ഥാനത്ത് വളര്‍ത്താനും ശ്രദ്ധിക്കേണ്ടതുണ്ട്.

 

ഫെങ് ഷൂയി പ്രകാരം വീടിന്റെ പ്രവേശന കവാടമാണ് സ്‌നേക്ക് പ്ലാന്റുകള്‍ വളര്‍ത്താന്‍ ഏറ്റവും യോജിച്ച ഇടം. പ്രതികൂല ഊര്‍ജം വീടിനകത്തേക്ക് പ്രവേശിക്കാതെ തടയാനും ഇവയുടെ സാന്നിധ്യം സഹായിക്കും. വീടിന്റെ തെക്കുഭാഗം കിഴക്കുഭാഗം അല്ലെങ്കില്‍ തെക്കു കിഴക്കേ മൂല എന്നിവിടങ്ങളാണ് സ്‌നേക്ക് പ്ലാന്റുകള്‍ വളര്‍ത്താന്‍ ഏറ്റവും ഉചിതം. ലിവിങ് റൂമിലും, ബാത്‌റൂമുകളില്‍, ഓഫീസ് റൂമിലും സ്‌നേക്ക് പ്ലാന്റുകള്‍ വളര്‍ത്താന്‍ പാടില്ല. ഫെങ് ഷൂയി പ്രകാരം പല കാരണങ്ങള്‍ കൊണ്ട് ഇത് വിപരീതഫലമാണ് നല്‍കുന്നത്.

 

ജലാംശം അധികമായി തങ്ങിനില്‍ക്കാത്ത രീതിയില്‍ വേണം സ്‌നേക്ക് പ്ലാന്റുകള്‍ വളര്‍ത്താന്‍. അതിനു യോജിച്ച മണ്ണ് തന്നെ തിരഞ്ഞെടുക്കുക. അല്ലാത്തപക്ഷം വേഗത്തില്‍ വേരുകള്‍ അഴുകി പോകാന്‍ കാരണമാകും. സ്‌നേക്ക് പ്ലാന്റുകള്‍ അകത്തളത്തിലാണ് വളര്‍ത്തുന്നതെങ്കില്‍ അല്പസമയം നേരിട്ടുള്ള വെളിച്ചം നല്‍കാന്‍ ശ്രമിക്കുക. പുതിയ ശിഖരങ്ങള്‍ ഉണ്ടാകുന്നതിന് ഇത് ആവശ്യമാണ്.

 

സ്‌നേക്ക് പ്ലാന്റുകള്‍ക്ക് പൊതുവേ അല്പം വെള്ളം മതിയാകും. മാസത്തില്‍ ഒന്നോ രണ്ടോ തവണ വെള്ളം ഒഴിക്കേണ്ട ആവശ്യമേയുള്ളൂ. വെള്ളമൊഴിക്കുന്നതിനു മുന്‍പ് നട്ടിരിക്കുന്ന മണ്ണ് പൂര്‍ണമായും ഉണങ്ങിയ നിലയിലാണെന്ന് ഉറപ്പുവരുത്തുക.

 

OTHER SECTIONS