നിയമപഠന രംഗത്തെ അതികായന്‍, ഡോ. എന്‍ നാരായണന്‍ നായരുടെ വിയോഗത്തിന് രണ്ടു വര്‍ഷം

By Web Desk.14 04 2023

imran-azhar

 

 


കേരളത്തിലെ നിയമപഠന രംഗത്തെ ശ്രദ്ധേയ വ്യക്തിത്വമായിരുന്ന ഡോ. എന്‍. നാരായണന്‍ നായരുടെ വിയോഗത്തിന് 2023 ഏപ്രില്‍ 14 ന് രണ്ടു വര്‍ഷം. കേരളത്തിലെ ആദ്യ സ്വാശ്രയ വിദ്യാഭ്യാസ കേന്ദ്രമായ കേരള ലോ അക്കാദമിയാണ് അദ്ദേഹം കേരളത്തിന് നല്‍കിയ ഏറ്റവും വലിയ സംഭാവന.

 

1927 ജൂണ്‍ 30ന് കോലിയക്കോട് കണ്ണങ്കര കുടുംബത്തില്‍ നീലകണ്ഠന്‍പിള്ളയുടേയും ലക്ഷ്മിക്കുട്ടിയമ്മയുടേയും മൂത്ത മകനായാണ് നാരായണന്‍ നായരുടെ ജനനം. വെഞ്ഞാറമൂട്, നെടുമങ്ങാട് എന്നിവിടങ്ങളിലായായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തുടര്‍ന്ന് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ ബിഎസ്സി ഗണിതം ഫസ്റ്റ് ക്ലാസോടെ പാസായി. അതിന് ശേഷമാണ് അദ്ദേഹം നിയമത്തിന്റെ വഴി തെരഞ്ഞെടുത്തത്. എറണാകുളം ലോ കോളജില്‍ നിയമ പഠനം പൂര്‍ത്തിയാക്കിയ ശേഷം ബാര്‍ കൗണ്‍സില്‍ പരീക്ഷ റാങ്കോടുകൂടി പാസായി. 1955 ല്‍ നിയമത്തില്‍ ഒന്നാം റാങ്കോടുകൂടി ബിരുദാനന്തര ബിരുദം കരസ്ഥമാക്കി.

 

1950ന്റെ തുടക്കത്തിലാണ് നാരായണന്‍ നായര്‍ കമ്മ്യൂണിസ്റ്റ് നേതാക്കളുമായി അടുത്ത് ഇടപഴകുന്നത്. പിന്നീട് 1952 ല്‍ മാണിക്കല്‍ പഞ്ചായത്തില്‍ ആദ്യമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഗ്രൂപ്പ് രൂപീകരണത്തിന് നേതൃത്വം നല്‍കുകയും അതില്‍ അംഗമാകുകയും ചെയ്തു. 1959 ല്‍ സിപിഐയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന കാലത്ത്് തിരുവനന്തപുരം ലോ കോളജില്‍ അധ്യാപകനായി നിയമിതനായി.

 

നിയമസഭാ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ചുവെന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിച്ചിരുന്ന കാലഘട്ടത്തില്‍ എ. കെ ഗോപാലന് സ്വീകരണം നല്‍കാനായി ലോ കോളജില്‍ പണപ്പിരിവ് നടത്തിയെന്നും ചൂണ്ടിക്കാട്ടി 1960 ല്‍ അധ്യാപക സ്ഥാനത്തുനിന്നും പിരിച്ചുവിട്ടു. ഈ ഉത്തരവ് പിന്നീട് ഹൈക്കോടതി റദ്ദാക്കി. എന്നാല്‍ അധ്യാപകനായി തുടരാന്‍ അദ്ദേഹം തയ്യാറായില്ല.

 

പിന്നീട് രാഷ്ട്രീയത്തില്‍ സജീവമായ നാരായണന്‍ നായര്‍, അധ്യാപനത്തില്‍ നിന്ന് തന്നെ നിയമ വിരുദ്ധമായി പുറത്താക്കിയതില്‍ പ്രചോദനം ഉള്‍ക്കൊണ്ട് 1966 ല്‍ കേരള ലോ അക്കാദമി എന്ന പബ്ലിക് ചാരിറ്റബിള്‍ സൊസൈറ്റി രൂപീകരിച്ചു.

 

അതിന് ശേഷം 1968 ല്‍ കേരള സര്‍വകലാശാലയില്‍ നിന്ന് നിയമത്തില്‍ ഡോക്ടറേറ്റ് നേടി. നിയമത്തില്‍ കേരള സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് ലഭിക്കുന്ന ആദ്യ വ്യക്തി കൂടിയാണ് നാരായണന്‍ നായര്‍.

 

കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റിലും സെനറ്റിലും ഏറ്റവും കൂടുതല്‍ കാലം അംഗമായതിനുള്ള അംഗീകാരവും അദ്ദേഹത്തിന് ലഭിച്ചു. 1987 മുതല്‍ 2016 വരെ തുടര്‍ച്ചയായി 30 കൊല്ലം ബാര്‍ കൗണ്‍സില്‍ അംഗമായിരുന്നു അദ്ദേഹം. ഈ കാലഘട്ടത്തിലെ ആറ് ബാര്‍ കൗണ്‍സിലുകളില്‍ അദ്ദേഹം സജീവ സാന്നിധ്യമായി. നിരവധി ലേഖനങ്ങളും പുസ്തകങ്ങളും അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

 

 

 

OTHER SECTIONS