ചൂതുകളി

By ഡോ: അജയ് നാരായണൻ.05 05 2021

imran-azhar

 

 

പരിശുദ്ധ റൂഹായെ

സാക്ഷിയാക്കി

ഞായറാഴ്ചകളിൽ

ഉച്ചമയക്കം കഴിഞ്ഞു

ചൂതുകളിക്കിരിക്കും

ദൈവം, സാത്താനൊപ്പം…

അന്നു മാത്രമേ ദൈവത്തിനു

അവധി കിട്ടുമായിരുന്നുള്ളു.

 

പാവം സാത്താൻ,

മനുഷ്യമനസ്സിലെന്നും

വിളക്കെണ്ണയിട്ടു

വികാരവിക്ഷോഭങ്ങൾക്കു

തിരികൊളുത്തുന്ന തിരക്കിൽ

ഒഴിവില്ലാതിരുന്നിട്ടും

വക്രബുദ്ധിയോടെ

ഞായറാഴ്ചക്കളിക്കായി

കാത്തിരിക്കും

ജയിക്കാനുള്ള ത്വരയോടെ…

എന്നിട്ടും നിരന്തരം

തോറ്റുകൊണ്ടേയിരുന്നു!

 

പ്രതികാരബുദ്ധിയോ

നിവൃത്തികേടോ

ദൈവത്തിന്റെ പറുദീസയിൽ

വളരുന്ന

കിട്ടാക്കനി കട്ടെടുത്തു

ഹവ്വയുടെ ഉദരത്തിൽ

നിക്ഷേപിച്ചുവത്രേ

സാത്താൻ,

ആദം പോലുമറിയാതെ!

 

അങ്ങനെയല്ലേ

മനുഷ്യപുത്രന്മാർ

ഭൂമിയിൽ

മണൽത്തരികളെപ്പോലെ

വരണ്ടമനസ്സുമായ്

ജനിച്ചത്!

 

പിന്നീടൊരിക്കലും

പരിശുദ്ധാത്മാവ്

ചൂതുകളി

കാണാനിരുന്നിട്ടില്ല!

നിഷേധജന്മങ്ങളതു പക്ഷെ

നിയമവിധേയമാക്കിയിട്ടുണ്ട്…

 

OTHER SECTIONS