By RK.08 10 2021
കഥ
കരുവാങ്കുന്നിലെ തുന്നല്‍ക്കാരന്‍
അനൂപ് അന്നൂര്‍
' I want to transform reality into something less real '
Kiki Dimoula
ചിങ്ങമാസത്തിലെ നല്ല നിലാവുള്ള ഒരു രാത്രിയിലായിരുന്നു വര്‍ദ്ധമാനകന്‍ എന്നുപേരുള്ള തുന്നല്‍ക്കാരന്‍ കരുവാങ്കുന്നില്‍ കാലുകുത്തുന്നത്. കരുവാങ്കുന്നിന്റെ കീഴേയുള്ള ചെമ്മാങ്കടവില്‍ തോണിയിറങ്ങി, ഒരു ഷര്‍ട്ടടിച്ചിടുന്ന വേഗതയില്‍ വര്‍ദ്ധമാനകനും ശിങ്കിടികളും കുന്നുകയറി.
നിലാവില്‍ കുളിച്ച പകല്‍ സമാനമായ ഒരു രാവായിരുന്നിട്ടും ആ വരവ് ആരുടേയും കണ്ണില്‍പ്പെട്ടില്ല. തലവര തന്നെ തെറ്റിക്കിടക്കുന്ന ഒരു നാടിനെങ്ങനെയാണ് അല്ലെങ്കില്‍ തന്നെ ഇത്തരം വരുത്തുപ്പോക്കുകള്‍ തിരിച്ചറിയാനാകുക.
കരുവാങ്കുന്ന് ഒരു വലിയ പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുകയായിരുന്നു. പണ്ഡിതന്മാര്‍ ഒരു വട്ടമേശയ്ക്ക് ചുറ്റുമിരുന്ന് വെള്ളമടിച്ച് പരിഹരിക്കേണ്ട ഒരു സിമ്പിള്‍ ഭാഷാവിഷയമായിരുന്നു പ്രശ്നങ്ങളുടെ കാതല്‍. തികച്ചും അക്കാദമികം. അതിനെയാണ് വിഷം കയറ്റി വഷളാക്കിയിരിക്കുന്നത്.
കരുവായ (മര്‍മ്മം) കുന്നാണ് കരുവാങ്കുന്നെന്നും അതല്ല ആരുടെയോ കൈയ്യിലെ കരുവാകാന്‍ (ആയുധം) പിറന്ന കുന്നാണ് കരുവാങ്കുന്നെന്നുമായിരുന്നു തര്‍ക്കം. ഭാഷാപണ്ഡിതന്‍മാര്‍ കുലച്ചുനിര്‍ത്തിയ സമസ്യയെ കരുവാങ്കുന്നിലെ രാഷ്ട്രീയ- സാംസ്‌കാരിക പ്രമാണിമാര്‍ എടുത്തുയര്‍ത്തിയതോടെ സംഗതി പിടിച്ചാല്‍കിട്ടാത്ത നിലയിലായി. പട്ടിണിപ്പാവങ്ങളുടെ ഉണങ്ങിവരണ്ട ഞരമ്പുകള്‍ പോലും തര്‍ക്കവിതര്‍ക്കങ്ങളേറ്റ് ഇപ്പം പൊട്ടുമെന്ന മാതിരി വലിഞ്ഞുമുറുകി എഴുന്നുനിന്നു.
കരുവാങ്കുന്ന് മനസ്സുകൊണ്ടും ശരീരം കൊണ്ടും രണ്ടായി പകുക്കപ്പെട്ടു. മര്‍മ്മപക്ഷമെന്നും ആയുധപക്ഷമെന്നും. ആകയാല്‍ കരുവാങ്കുന്നുകാരുടെ ശ്രദ്ധ മറ്റൊന്നിലേക്കുമായി പാളിപ്പോകാതെ ദേശപ്പേര് എന്ന ഒറ്റ ലക്ഷ്യത്തിലേക്ക് മാത്രമായി മുനകൂര്‍പ്പിച്ച് ഉന്നംപിടിച്ചുനിന്നു.
നേരം വെട്ടം വീഴുന്നതിനുമുമ്പേ വര്‍ദ്ധമാനകനും സംഘവും കുന്നിന്റെ നെറുകയിലെത്തി. സംഘമെന്നു പറഞ്ഞാല്‍ വര്‍ദ്ധമാനകനുള്‍പ്പെടെ ഏഴ് തുന്നല്‍ക്കാര്‍. എണ്ണത്തില്‍ കുറവെങ്കിലും അവരുടെ നടപ്പിലുള്ള ചടുലതയും ഇറ്റുവീഴുന്ന വിയര്‍പ്പുതുള്ളികളിലെ ഗാഢതയും രുചിച്ചറിഞ്ഞ കരുവാങ്കുന്നിന്റെ മണ്ണ് ഒരു ദീര്‍ഘനിശ്വാസം വലിച്ചുവിട്ടു. ചെടികളും മരങ്ങളും ഉലഞ്ഞു. ചെമ്മാങ്കടവും കൈവഴികളും കലങ്ങിമറിഞ്ഞു. ദീര്‍ഘനിശ്വാസത്തില്‍ വിങ്ങുന്ന പൊരുളിനെ ചില്ലകളിലെ പക്ഷികളും കൂട്ടിലെ മൃഗങ്ങളും പരാവര്‍ത്തനം ചെയ്ത് കരുവാങ്കുന്നിനെ ബോധവത്കരിക്കാന്‍ പണിപ്പെട്ടു. എന്നാല്‍ ആ വിലാപഗീതങ്ങളിലെ ആശങ്കാസന്ദേശമൊന്നും സംഗ്രഹിച്ചെടുക്കാനുള്ള ത്രാണി കരുവാങ്കുന്നിലെ മാനവര്‍ക്കുണ്ടായിരുന്നില്ല. അവര്‍ അപ്പോഴും സംവാദഭൂമിയില്‍ പോരുകോഴികളെപ്പോലെ തങ്ങളുടെ വാദമുഖങ്ങളുമായി ചിറകിട്ടടിക്കുകയായിരുന്നു.
വെയില്‍ പരക്കുന്നതിനുമുമ്പു തന്നെ വര്‍ദ്ധമാനകന്റെ ശിങ്കിടികള്‍ ചെണ്ടകൊട്ടി വരവറിയിച്ചു. വാടകയ്ക്കെടുത്ത നാലഞ്ച് നാട്ടുകാരേയും കൂടെചേര്‍ത്ത് ഒരു ചെറു ജാഥപോലെ തോന്നിച്ച വിളംബരയാത്ര ഇങ്ങനെ പ്രഘോഷിച്ചു.
'കരുവാങ്കുന്നില്‍ ഒരു പുതിയ തുന്നല്‍ശാല കൂടി, വ്യാളീവിലാസം തുന്നല്‍ശാല' .
ചെണ്ട കൊട്ട് അത്യുച്ചത്തില്‍ കൊട്ടിക്കയറി ആളേക്കൂട്ടി.
പാല്‍ക്കാരി സരോജയക്കന്റെ ജംഗ്ഷനിലുള്ള ഒറ്റമുറിക്കടയായിരുന്നു വ്യാളീവിലാസത്തിനായി വര്‍ദ്ധമാനകന്‍ തെരെഞ്ഞെടുത്തത്. തുന്നല്‍ക്കടകളുടെ പ്രസക്തി തന്നെ ചോദ്യചിഹ്നമായി നില്‍ക്കുന്ന ഒരു ഗ്രാമമായിരുന്നു കരുവാങ്കുന്ന്. കരുവാങ്കുന്നിലെ ആമ്പിറന്നവന്മാര്‍ മേല്‍ക്കുപ്പായം ധരിക്കാറില്ല. അര്‍ദ്ധനഗ്‌നരായ ഫക്കീറുകള്‍ എന്നാണ് സ്വയം വിശേഷിപ്പിച്ച് അഭിമാനിക്കുക. പുരോഗമനവാദികളായ ചില ചെറുപ്പക്കാര്‍ മാത്രം യാഥാസ്ഥിതികന്മാരെ വല്ലപ്പോഴുമൊക്കെ ഒന്നു പിടിച്ചുലയ്ക്കാനായി അതും വിശേഷാവസരങ്ങളില്‍ മാത്രം മേല്‍ക്കുപ്പായം തയ്പ്പിച്ചിട്ടു. പെണ്ണുങ്ങളാകട്ടെ ഒറ്റമുണ്ടും മുലക്കച്ചയാലും നാണം മറച്ചു. മുലക്കച്ച നിര്‍ബന്ധമായിരുന്നില്ല. പൂര്‍ണ്ണമായും മുലകളുടെ സ്വാതന്ത്ര്യം സ്ത്രീകള്‍ക്കു തന്നെയായിരുന്നു. അത് കച്ചകള്‍ അപഹരിച്ചിരുന്നില്ല. മാറുമറയ്ക്കല്‍, മാറുതുറക്കല്‍ സംവാദങ്ങള്‍ക്കൊന്നും യാതൊരു സ്‌കോപ്പുമില്ലാത്ത ഒരു അറുപിന്തിരിപ്പന്‍ നാട്.
മുണ്ടിനും ചുട്ടിതോര്‍ത്തിനും വിളുമ്പടിക്കുക, കച്ച മുറിച്ചു നല്‍കുക, പിഞ്ചിപ്പോയത് തുന്നിപ്പിടിപ്പിക്കുക തുടങ്ങിയ കരുവാങ്കുന്നുകാരുടെ ലളിതമായ വസ്ത്രാലങ്കാര സ്വപ്നങ്ങളെ നിവര്‍ത്തിച്ചു കൊടുക്കുവാന്‍ കെല്പുള്ള നാല് തുന്നല്‍ക്കടകള്‍ അപ്പോള്‍തന്നെ കരുവാങ്കുന്നിലുണ്ടായിരുന്നു. ജോലിഭാരം നിമിത്തമല്ല മറിച്ച് തൊഴിലില്ലായ്മ മൂലമുണ്ടാകുന്ന വരുമാനത്തിലുള്ള ഇടിവിനാല്‍ ആസ്ഥാന തുന്നല്‍ക്കാരുടെ കവിളുകള്‍ ചടച്ച് സൂചിമുനകള്‍ പോലെയായി. തദ്ഫലമായി സൂചിമുഖികള്‍ എന്ന വട്ടപ്പേരു വിളിപോലും അലങ്കാരത്തുന്നല്‍ പോലെ ആ പാവം തുന്നല്‍ജീവികളുടെ പേരിനൊപ്പം തുന്നിപ്പിടിപ്പിക്കപ്പെട്ടു.
അങ്ങനെയുള്ള കരുവാങ്കുന്നിലാണ് ഒരു പുതിയ തുന്നല്‍ക്കട കൂടി നാടമുറിക്കുവാന്‍ പോകുന്നത്...!
വാര്‍ത്ത കേട്ടവര്‍ കേട്ടവര്‍ പരദേശിയുടെ മണ്ടത്തരത്തിന് തലയില്‍ കൈവെച്ച്, പൊട്ടിച്ചിരിച്ച് പരിഹാസത്തോടെ ആണേഷ് വിളിച്ചു.
'ഈ വരുത്തന് വേറൊരിടം കിട്ടിയില്ലേ, അതും കരുവാങ്കുന്നേല്... എവന്‍ കൊറച്ച് തച്ച് ഒണ്ടാക്കും'
പക്ഷേ വര്‍ദ്ധമാനകന്‍ എന്ന തുന്നല്‍ക്കാരന്‍ അതുകൊണ്ടൊന്നും തളര്‍ന്നുപോയില്ല. തീയില്‍കുരുത്തവന്‍ വെയിലത്തുവാടില്ലല്ലോ!.
കരുവാങ്കുന്നിലെ ആബാലവൃദ്ധന്മാരെയും കൈയ്യിലെടുക്കുവാനുള്ള മായാവിദ്യകള്‍ അയാളുടെ പക്കലുണ്ടായിരുന്നു.
ആദ്യമായി വര്‍ദ്ധമാനകന്‍ ചെയ്തത് ഒറ്റമുറിയെ രണ്ടായി വിഭജിക്കുകയായിരുന്നു. പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും വെവ്വേറെ തുന്നല്‍ശാലകള്‍. വിഭജിച്ചു ഭരിക്കുക എന്നതായിരുന്നു സായ്പ്പിന്റെ കുശിനിക്കാരനായി ദീര്‍ഘനാള്‍ സേവനമനുഷ്ഠിച്ച വര്‍ദ്ധമാനകന്റെ നയവും പരിപാടിയും.
ലേഡീസ് ഫസ്റ്റ് നിബന്ധനയില്‍ ആദ്യത്തെ മുറി നാരീജനങ്ങള്‍ക്കും രണ്ടാമത്തേത് പുരുഷാധിപത്യത്തിനുമായി അധികാരപ്പെടുത്തി. ഇരുജാതികളുടെയും ലളിതകാമനകളെ തൊങ്ങല്‍ ചാര്‍ത്തുന്ന രീതിയില്‍ പെണ്ണിടങ്ങളെയും ആണിടങ്ങളെയും മോടിപിടിപ്പിച്ചു. വിവേചനങ്ങളില്ലാതെ പങ്കകളും പാട്ടുപെട്ടികളും സ്ഥാപിച്ചു. മുറികളാകെ നീളന്‍ കണ്ണാടികളാല്‍ അലങ്കരിച്ചു. ഒരുതരം കാലിഡോസ്‌ക്കോപ്പിക് അനുഭൂതിയുടെ വിഭ്രാന്തിയില്‍ ഉപഭോക്താവിനെ തളച്ചിടുകയായിരുന്നു ഉദ്ദേശം.
കാഴ്ചകളെ പെരുപ്പിച്ചെടുക്കുന്നതില്‍ അതിസമര്‍ത്ഥനായിരുന്നു വര്‍ദ്ധമാനകന്‍.
വ്യാളീവിലാസത്തിന്റെ പ്രവേശനകവാടമായിരുന്നു ഏറ്റവും സവിശേഷമാര്‍ന്നത്. കാരിരുമ്പിനാല്‍ തീര്‍ക്കപ്പെട്ട 'ഇരുപത്തൊന്നേകാല്‍ എടുപ്പുകുതിര' പോലുള്ള കവാടം. കവാടത്തിന്റെ മുകളില്‍ വൈരക്കണ്ണുള്ള തീ തുപ്പുന്ന വ്യാളീമുഖം. വ്യാളീമുഖത്തില്‍ നിന്നും ചുരന്നൊഴുകുന്ന പ്രകാശവീചികളില്‍ മിന്നിത്തെളിയുന്ന പരസ്യപ്പലകകള്‍ മാന്യ ഉപഭോക്താക്കള്‍ക്ക് സ്വാഗതമരുളി.
'പ്രിയ ഉടല്‍പ്രേമികളേ ഇതിലേ........ ഇതിലേ....... ചുരിദാര്‍, കുര്‍ത്ത, നൈറ്റി, ഷര്‍ട്ട്, പാന്റ്സ്, ഷോര്‍ട്സ്, റ്റീ- ഷര്‍ട്ട് അനുയോജ്യമായത് തെരഞ്ഞെടുത്ത് അണിയൂ ഉടല്‍ സൗന്ദരത്തിന്റെ മാറ്റ് കൂട്ടൂ. തുണിയും തയ്യല്‍ക്കൂലിയും തികച്ചും സൗജന്യം. ഉടല്‍ സ്നേഹികളേ, കടന്നുവരൂ കടന്നുവരൂ'.
ആദ്യം ഒന്ന് അറച്ചുനിന്നെങ്കിലും കരുവാങ്കുന്നുകാര്‍ വ്യാളിയെ ഒന്നു തൊട്ടറിയുവാനും പരിചയപ്പെടാനുമൊക്കെയായി വ്യാളീവിലാസത്തിലേക്ക് കുതിച്ചു. ആഗതരില്‍ ഒരാളെപ്പോലും വ്യാളീവിലാസം നിരാശപ്പെടുത്തിയില്ല. തന്റെ ആതിഥേയമര്യാദയും കച്ചവടത്തിലെ മാന്യതയും കൊണ്ട് വ്യാളി കരുവാങ്കുന്നുകാരെ പൂണ്ടടക്കം വരിഞ്ഞുമുറുക്കി.
പാന്റ്സും ഷര്‍ട്ടും സാരിയും ചുരിദാറുകളുമൊക്കെ അണിഞ്ഞ സുന്ദരരൂപങ്ങളെ നീളന്‍ കണ്ണാടികളില്‍ ദര്‍ശിച്ച് കരുവാങ്കുന്നുകാര്‍ അന്ധാളിച്ചുപോയി
'കരുവാങ്കുന്നിലപ്പോ ഉടുപുടവകള്‍ക്ക് ഇത്രത്തോളം മനുഷ്യരെ മാറ്റാന്‍ കഴിയ്യോ'. മുഴുവന്‍ കാളയുടെ പുറത്തിരിക്കുന്ന നഗ്‌നനായ കല്‍വിഗ്രഹത്തിന് മിണ്ടാട്ടം മുട്ടിപ്പോയി.
മൂന്നുമാസങ്ങള്‍ക്കുള്ളില്‍ കരുവാങ്കുന്നില്‍ ഒരു ഫാഷന്‍ തരംഗം തന്നെ അലയടിച്ചു. കരുവാങ്കുന്നിന്റെ നഗ്‌നത മറച്ച് പ്രാകൃതരായ ജനങ്ങളെ പരിഷ്‌കാരരഥ്യകളിലേക്കു നയിച്ച വര്‍ദ്ധമാനകനെ ഗ്രാമമുഖ്യന്‍ ഒരു പ്രത്യേക ചടങ്ങ് തന്നെ സംഘടിച്ചിച്ച് അഭിനന്ദിച്ചു. ആത്മാര്‍ത്ഥമായ കരഘോഷങ്ങളാലും അഭിനന്ദനപ്രവാഹങ്ങളാലും വര്‍ദ്ധമാനകന്‍ വാഴ്ത്തപ്പെട്ടവനായി.
അതിനിടയില്‍ മറ്റൊരു സംഭവമുണ്ടായി. കരുവാങ്കുന്നിലെ നാല് സ്വദേശി തുന്നല്‍പ്രസ്ഥാനക്കാരുടെ സ്ഥിതി അര്‍ദ്ധപട്ടിണിയില്‍ നിന്നും മുഴുപട്ടിണിയിലേക്ക് പരിവര്‍ത്തനപ്പെട്ടു. ഒരു നായ്ക്കുഞ്ഞുപോലും അവരുടെ മാടക്കടകളിലേക്ക് ഒന്ന് എത്തിനോക്കുവാന്‍ കൂട്ടാക്കിയില്ല. സൂചിമുഖികള്‍ പരിഭവങ്ങളും പരാതികളും എഴുതി ഉപന്യാസം ചമച്ച് പൊതിഞ്ഞുകെട്ടി തോമസ്മാഷിന്റെ തൃക്കരങ്ങളില്‍ അര്‍പ്പിച്ചു.
'തോമസ് മാഷേ രക്ഷിക്കണം വര്‍ദ്ധമാനകനെന്ന ഒരുമ്പെട്ടവനെ ഈ നാട്ടില്‍ നിന്നുതന്നെ പായിച്ചാലേ ഞങ്ങള് രക്ഷപ്പെടൂ....
കരുവാങ്കുന്ന് മൊത്തത്തില്‍ രക്ഷപ്പെടൂ'
തോമസ് മാഷ് കരുവാങ്കുന്നിന്റെ ക്ലീന്‍ഷേവ് മുഖമാണ്. പത്താംക്ലാസ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി പള്ളി സ്‌കൂളില്‍ അധ്യാപകനായ ഏക കരുവാങ്കുന്നുകാരന്‍. മനുഷ്യമനസ്സുകളെ എടുത്തു അമ്മാനമാടുന്ന നാടക രചയിതാവും സംവിധായകനും. പോരാത്തതിന് നാലാളറിയുന്ന ബുദ്ധിജീവിയും.
കലാകാരന്‍മാര്‍ക്കും ബുദ്ധിജീവികള്‍ക്കും മനുഷ്യദു:ഖങ്ങള്‍ എളുപ്പത്തില്‍ ഇഴപിരിച്ചെടുക്കാനുള്ള ബുദ്ധിയുണ്ട്. അങ്ങനെയൊരു വിചാരവുമായിട്ടായിരുന്നു സുചിമുഖികള്‍ ബുദ്ധിജീവിയുടെ മടയിലേക്ക് പറന്നുവന്നത്. പക്ഷേ ആ മോഹം ബര്‍ലിന്‍ മതില്‍പോലെ പൊളിഞ്ഞു നിലംപൊത്തിയത് സൂചിമുഖികളെ അമ്പരപ്പിച്ചു.
ബുദ്ധിജീവി സൂചിമുഖികളുടെ നേര്‍ക്ക് കുരച്ചു:
'പോയിനെടാ മോഴകളെ, നിന്നെയൊക്കെ എന്തിനുകൊള്ളാം നാട്ടില് ഒരു കൊമ്പന്‍ തച്ച് വാഴട്ടെടാ'.
വാര്‍ത്തയറിഞ്ഞ വര്‍ദ്ധമാനകന്‍ തന്റെ മാംസനിബദ്ധമായ ഉടല്‍കുലുക്കി ആര്‍ത്തുചിരിച്ചു. 'ബലേഭേഷ് അപ്പോ കരുവാങ്കുന്നില്‍ വിവരമുള്ള പന്നികളുമുണ്ട്'.
അന്ന് സായാഹ്നത്തില്‍ തന്നെ വ്യാളീവിലാസം തുന്നല്‍ശാലയുടെ മുമ്പില്‍ വര്‍ണ്ണപ്പന്തല്‍ ഉയര്‍ന്നു.
'തോമസ് മാഷിന് കരുവാങ്കുന്നിന്റെ സ്നേഹാദരം'.
സ്വര്‍ണ്ണനൂലില്‍ നെയ്തെടുത്ത നല്ല ഒന്നാന്തരം ഒറിജിനല്‍ പൊന്നാടയണിയിച്ച് വര്‍ദ്ധമാനകന്‍ തോമസ് മാഷിനെ പൊതുസമക്ഷം ആദരിച്ചു സിംഹാസനത്തിലിരുത്തി. പൊതുജനപങ്കാളിത്തം കണ്ടറിഞ്ഞ തോമസ് മാഷ് അന്തംവിട്ടുപോയി. 'ഇവരെല്ലാം എന്റെ ആരാധകരോ അതോ തുന്നല്‍കാരന്റെയോയോ?' അങ്ങനെ കുറേനേരം ഉത്പ്രേഷിച്ച് തോമസ് മാഷ് ഉറങ്ങിപ്പോയി. സിംഹാസനത്തില്‍ ഈളുവാ പരന്നു. കൂര്‍ക്കംവലി പൊങ്ങി സംതൃപ്തിയുടെ മഴവില്ല് ഒരു പുഞ്ചിരിയായി അപ്പോഴും എല്ലായ്പ്പോഴുമായി തോമസ് മാഷിന്റെ ചുണ്ടില്‍ ഉദിച്ചുവന്നു. പിന്നെയൊരിക്കലും തോമസ് മാഷ് ഉണര്‍ന്നില്ല. നടക്കുമ്പോള്‍, ഇരിക്കുമ്പോള്‍, ചിരിക്കുമ്പോള്‍, ഉണ്ണുമ്പോള്‍ എന്നുവേണ്ട വെളിക്കിറങ്ങുമ്പോള്‍ പോലും അയാള്‍ ഉറങ്ങികൊണ്ടേയിരുന്നു.
ചിരി പടരുന്ന, പടര്‍ത്തുന്ന നിദ്രാസുഖം! യോഗനിദ്ര!.
വര്‍ദ്ധമാനകന്റെ വളര്‍ച്ച അതിവേഗത്തിലായിരുന്നു. കച്ചവടം ഒന്ന് ഉത്സാഹപ്പെട്ടതോടെ സൗജന്യങ്ങള്‍ പൂര്‍ണ്ണമായും നിര്‍ത്തലാക്കി. വ്യാളീവിലാസത്തെ വാടകശീട്ടില്‍ നിന്നും സ്വതന്ത്രമാക്കി സ്വന്തംപേരില്‍ കരംകൂട്ടി തീര്‍ത്തു. പാല്‍ക്കാരി സരോജയക്കന്റെ അപ്പന്‍ മണ്‍കട്ടകളില്‍ മെനഞ്ഞെടുത്ത കടമുറികള്‍ പൊളിച്ചുകളഞ്ഞ് സിമന്റ് കല്ലും മാര്‍ബിള്‍ ഫലകങ്ങളും പാകി ബഹുനിലകെട്ടിടം പടുത്തുയര്‍ത്തി. ജെന്റ്സ്, ലേഡീസ്, കിഡ്സ് എന്നീ ബോര്‍ഡുകള്‍ നിരത്തി. ഓരോ വിഭാഗത്തിനുമായി പ്രത്യേക ഷോറുമുകള്‍ വേര്‍തിരിച്ചു നല്‍കി. വിഭജനം പുതിയ മാനങ്ങളിലേക്ക് ലിഫ്റ്റുകയറി. കരുവാങ്കുന്നിന്റെ വിവിധ ഭാഗങ്ങളിലും അയല്‍ഗ്രാമങ്ങളിലും വ്യാളികള്‍ പിറവികൊണ്ടു.
സ്വദേശി തുന്നല്‍ക്കാര്‍ ഈനേരം വെറുതെയിരുന്നില്ല. അവര്‍ തങ്ങളുടെ പൊട്ടബുദ്ധിയുടെ ചുറ്റളവില്‍ കിട്ടാവുന്ന സകലമാന ആയുധങ്ങളും സ്വരുക്കൂട്ടി വ്യാളീവിലാസത്തിനെതിരെ പ്രവര്‍ത്തിച്ചു. അതുവരെയില്ലാത്ത ഒരു ഐക്യബോധം പൊതുശത്രുവിനെതിരെ അതിരൂക്ഷമായി അണപ്പൊട്ടിയൊഴുകി. ചില തൊഴിലാളി നേതാക്കന്‍മാരെ കൂട്ടികൊണ്ട് വന്ന് കടയടപ്പ് പോലുള്ള സമരാഭാസങ്ങള്‍ നടത്തുവാന്‍ ശ്രമിച്ചു. അത് കരുവാങ്കുന്നുകാര്‍ അപ്പോള്‍തന്നെ പൊളിച്ചടുക്കി. പിന്നെ ആ പ്രതികാരദാഹികള്‍ ചെയ്തത് പട്ടണത്തില്‍ നിന്നും റെയിമെയിഡ് വസ്ത്രങ്ങള്‍ വരുത്തി നാമമാത്രമായ കമ്മീഷനെടുത്തുകൊണ്ട് വീടുകയറി ഇന്‍സ്റ്റാള്‍മെന്റ് വ്യവസ്ഥയില്‍ കൊടുക്കുകയായിരുന്നു. പക്ഷേ ആ എര്‍പ്പാടും കരുവാങ്കുന്നിന്റെ മണ്ണില്‍ വിലപോയില്ല. മറ്റുള്ളവര്‍ മരത്തില്‍ കാണുമ്പോള്‍ മനസ്സില്‍ കാണുന്ന വെളവന്‍ പുള്ളിയായിരുന്നു വര്‍ദ്ധമാനകന്‍.
മൂക്കള ഒലിപ്പിച്ചുകൊണ്ടു നടക്കുന്ന ചെക്കന്മാര്‍ മുതല്‍ ചാവാന്‍ കിടക്കുന്ന തള്ളച്ചിമാര്‍ വരെ വ്യാളീവിലാസത്തിനുവേണ്ടി പരസ്യമോഡലുകളാകും.
'കൊണോം മണോം ഉള്ള തുണി ഇടണോ അത് നമ്മടെ വര്‍ദ്ധന്‍..... വര്‍ദ്ധമാനകന്‍ തന്നെ തയ്ക്കണം. വ്യാളീവിലാസത്തിലെ പൊടവകള് ചുറ്റണം. എന്നാലെ നാലാള് കണ്ടാ ചേലുണ്ടാവൂ'.
വര്‍ദ്ധമാനകന് കരുവാങ്കുന്നിന്റെ മെയ്യും മനവും ഉള്ളംകൈയ്യിലെ രേഖകള്‍ പോലെ ഹൃദിസ്ഥമായിരുന്നു. വ്യാളീവിലാസം തുന്നല്‍ശാലയില്‍ തുന്നിയെടുത്ത വസ്ത്രങ്ങള്‍ മാത്രമേ ഇപ്പോള്‍ കരുവാങ്കുന്നുകാരും അയല്‍ഗ്രാമവാസികളും ധരിക്കാറുള്ളു. വ്യാളീവിലാസം തുന്നല്‍ശാലയും വര്‍ദ്ധമാനകന്‍ എന്ന തുന്നല്‍ക്കാരനും കരുവാങ്കുന്നുകാരുടെ സംസ്‌കാരത്തിന്റേയും എന്തിന് ശ്വാസതന്മാത്രകളുടെ വരെ ഭാഗമായിമാറിയെന്ന് പറഞ്ഞാല്‍പ്പോലും അതിശയോക്തിയാകില്ല. കരുവാങ്കുന്നിന്റെ സകലമൂലകളിലേക്കും വ്യാളീവിലാസം വിജയഗാഥകള്‍ വിളംബരം ചെയ്യുന്ന നെടുങ്കന്‍ ഫ്ളെക്സുകളും വീരഗാഥകള്‍ ചൊല്ലുന്ന തെങ്ങേപ്പാട്ടുകളും നിരന്നുനിറഞ്ഞു. കരുവാങ്കുന്നിന്റെ പഞ്ചേന്ദ്രിയങ്ങളിലേക്കും ആറാമതൊരു ഇന്ദ്രിയമുണ്ടെങ്കില്‍ അതിലേക്കും വ്യാളീവിലാസം ഒരു ലഹരിയായി നുരഞ്ഞുകയറി.
'മാറ്റമെന്ന പദമൊഴികെ ബാക്കി എല്ലാം മാറ്റപ്പെടുമെന്ന പ്രാപഞ്ചിക സത്യത്തെ അന്വര്‍ത്ഥമാക്കുന്നതില്‍ നിന്നും കരുവാങ്കുന്നിനും മാറിനില്‍ക്കാനാകില്ലല്ലോ. അതിന് ചില നിമിത്തങ്ങള്‍ വന്നുഭവിക്കുന്നത് ഈശ്വരനിശ്ചയം. അങ്ങനേ കരുതാവൂ തന്റെ വരവും പിന്നീടുണ്ടായിട്ടുള്ള സംഭവവികാസങ്ങളും'.
അഭിനന്ദനയോഗങ്ങളിലെല്ലാം വര്‍ദ്ധമാനകന്‍ വിനയാന്വിതനായി. പക്ഷേ കരുവാങ്കുന്നിനെ പണ്ട് കണ്ടിട്ടുള്ളവര്‍ ഇപ്പോള്‍ വന്നുകണ്ടാല്‍ അതിശയിച്ച് മൂക്കത്ത് വിരല്‍വെച്ച് തുണിക്കടയിലെ പ്രതിമകള്‍ പോലെ നിന്നുപോകും. അത്രയ്ക്കുണ്ട് മാറ്റങ്ങള്‍!
ഒരു കാലത്ത് വസ്ത്രങ്ങളോട് അറപ്പും വെറുപ്പും പുലര്‍ത്തിപ്പോന്നിരുന്ന ഒരു ജനത ഇന്ന് തന്റെ വ്യക്തിത്വത്തിന്റേയും അഭിമാനത്തിന്റേയും വെന്നിക്കൊടിയായിട്ടാണ് വസ്ത്രങ്ങളെ മാനിക്കുന്നത്. കുറഞ്ഞത് ഓരോ ദിവസമെങ്കിലും വ്യത്യസ്തമായ നിറത്തിലും ഫാഷനിലുമുള്ള ഉടുപുടവകളണിയാന്‍ അവര്‍ ദത്തശ്രദ്ധരായിരുന്നു. അതില്‍ അഴുക്ക്, പൊടി, വിയര്‍പ്പുതുള്ളി മുതലായ മാലിന്യങ്ങള്‍ വന്നുപെടാതിരിക്കാന്‍ അതീവജാഗ്രത പുലര്‍ത്തി. അഥവാ വന്നുപെട്ടുപോയാല്‍ അപ്പോള്‍തന്നെ ദേഹത്തുനിന്നും ഉരിഞ്ഞെടുത്ത് വ്യാളീവിലാസം വാഷിംഗ്പൗഡറില്‍ അലക്കി, വ്യാളീവിലാസം കഞ്ഞിപ്പശയില്‍ മുക്കി അശയില്‍ തോരാനായി നിവര്‍ത്തിയിടുമായിരുന്നു. മണ്ണില്‍ സ്പര്‍ശിക്കുന്നത് തന്നെ അലര്‍ജിയായി മാറി. മണ്ണിനെ സ്പര്‍ശിക്കാതിരിക്കാന്‍ അവര്‍ വ്യാളീവിലാസം പാദരക്ഷകള്‍ വാങ്ങി ഉപയോഗിച്ചു. ഒന്നിനും ഒരിടത്തേക്കും പോകേണ്ടതില്ല. എല്ലാം വ്യാളീവിലാസമെന്ന ഒറ്റക്കുടക്കീഴില്‍ തന്നെയുണ്ടായിരുന്നു.
പാടങ്ങളും പറമ്പുകളും കരുവാങ്കുന്നുകാരന്റെ പാദസ്പര്‍ശമേല്‍ക്കാതെ നിര്‍ബന്ധിത വന്ധ്യക്കരണത്തിന് വിധേയരായ അഭയാര്‍ത്ഥികളെപ്പോലെ ഒരു തുള്ളി ദാഹനീരിനായി ആകാശംനോക്കി കിടന്നു. വിളകള്‍ ഉണങ്ങി ശുഷ്‌കിച്ച് ഭൂമി കരുവാങ്കുന്നുകാരന്റെ ഹൃദയം പോലെ ഊഷരമായി. കടുത്ത സാമ്പത്തിക അരാജകത്വത്തിലേക്കാണ് കരുവാങ്കുന്ന് കേറിച്ചെല്ലാന്‍ പോകുന്നതെന്ന് പുരോഗമനവാദികള്‍ കവലകളില്‍ ചെണ്ടകൊട്ടി പ്രസംഗിച്ചു നടന്നു. അത് കേള്‍ക്കുമ്പോള്‍ കരുവാങ്കുന്നുകാരന്റെ ചുണ്ടില്‍ ചിരിപൊട്ടും. 'താളവട്ടം' സിനിമയില്‍ ജഗതി ശ്രീകുമാറിന്റെ കഥാപാത്രം പറയുന്നതുപോലെ- 'രവീന്ദ്രാ ഒരു മൈക്കും സൈക്കിളുമെടുത്ത് ഞാനിറങ്ങാന്‍ പോകുവാ'- അത്തരത്തിലുള്ള ഡയലോഗുകളും കോമഡിരംഗങ്ങളുമാകും അവര്‍ക്ക് അപ്പോള്‍ ഓര്‍മ്മവരിക.
കരുവാങ്കുന്നുകാര്‍ അങ്ങനെ വെടിവട്ടം പറഞ്ഞും വ്യാളീവിലാസം പുതുതായി ഇറക്കിയ സിഗരറ്റും മദ്യവും ആവോളം ആസ്വദിച്ചും ജീവിതത്തെ ആഘോഷിച്ചുപോന്നു. അതിനിടയിലേക്കാണ് ചുരുണ്ടമുടികളും തിളക്കമുള്ള കണ്ണുകളുമായി ശ്യാമവര്‍ണ്ണനായ ദന്തിലന്‍ എന്ന ചെറുപ്പക്കാരന്‍ ഉജ്ജ്വല പ്രഭാഷണങ്ങളുമായി കടന്നുവന്നത്.
കവലകളില്‍, നാട്ടിടവഴികളില്‍ ദന്തിലന്റെ ശബ്ദം മുഴങ്ങി.
'പ്രിയരേ, സാധാരണക്കാരന്റെ ദൈനംദിന ജീവിതത്തില്‍ നേരിട്ട് ഇടപഴകുന്ന ജംഗമങ്ങളിലൂടെയാണ് വ്യാളികള്‍ നമ്മെ തേടിയെത്തുക. ജംഗമങ്ങളില്‍ അവ ഒളിച്ചുപാര്‍ക്കുന്നതിനാല്‍ ഉപഭോഗ സംസ്‌കാരത്തില്‍ പരിലസിക്കുന്ന ആധുനിക പരീക്ഷിത്തുകളുടെ സാദാ കാഴ്ചയ്ക്ക് അത് വെളിവാകണമെന്നില്ല. നാം ഉടുക്കുകയും ഉണ്ണുകയുമൊക്കെ ചെയ്യുന്ന സകലമാന വസ്തുക്കളിലും വ്യാളിയുടെ ബീജാവാപങ്ങള്‍ നടന്നിട്ടുണ്ട്. അധികം വിദൂരത്തല്ലാതെ അവ വിരിഞ്ഞ് ഭീമാകാരന്‍ വ്യാളികളായി ചിറകുവിടര്‍ത്തി, വാ പിളര്‍ത്തി കരുവാങ്കുന്നിനെ പൂര്‍ണ്ണമായും വിഴുങ്ങുന്നതായിരിക്കും'.
അവസാനത്തെ സൈറണ്‍വിളിയുടെ പ്രകമ്പനമുണ്ടായിരുന്നു ആ വാക്കുകള്‍ക്ക്. പക്ഷേ വ്യാളീവിലാസം പുകയിലച്ചൂരിലും മദ്യത്തിലും അകപ്പെട്ടുപോയ കരുവാങ്കുന്നുകാര്‍ അതൊന്നും വകവച്ചുകൊടുക്കത്തേയില്ല.
വ്യാളീവിലാസം തുന്നല്‍ശാലയുടെ തിരുമുമ്പില്‍ കയറിനിന്ന് പ്രഭാക്ഷണം നടത്തിയ രാത്രിയില്‍, അത്താഴത്തിന് ശേഷം ദന്തിലന്‍ ഈ ഭൂലോകത്തുനിന്നും അപ്രത്യക്ഷനായി. കുറച്ചുനാളുകള്‍ക്കുശേഷം ചെമ്മാങ്കടവില്‍ നിന്നും മനുഷ്യന്റെ അസ്ഥികള്‍ക്കു സമാനമായ എല്ലിന്‍കഷ്ണങ്ങള്‍ കണ്ടുകിട്ടിയെന്നുള്ള വാര്‍ത്ത പരന്നു. പക്ഷേ, അത് ചെന്നായ്ക്കള്‍ വേട്ടയാടി കടിച്ചുകീറിയ ദന്തിലന്‍ എന്ന പോത്തിന്റേതായിരുന്ന് എന്ന് ബൗദ്ധികസേന സ്ഥിരീകരിച്ചു.
കരുവാങ്കുന്നിന്റെ കാര്യത്തില്‍ ഒരു തീരുമാനമായെന്ന് ഗണിച്ചറിഞ്ഞത് സാക്ഷാല്‍ വര്‍ദ്ധമാനങ്ങള്‍ തന്നെയായിരുന്നു. അയാളുടെ തലച്ചോറിനുള്ളില്‍ അക്കങ്ങള്‍ പെരുക്കപ്പട്ടികയിലേക്ക് ഗോവണി കയറി ഒരു ഭീമാകാരന്‍ സംഖ്യയായി സമപ്പെട്ടു.
പൊടുന്നനെ വര്‍ദ്ധമാനകന്റെ വ്യാപാരശാലകളുടെ വാര്‍ത്താപത്രികകളില്‍ ഒരു പരസ്യം സ്ഥാനം പിടിച്ചു.
'മാന്യമഹാജനങ്ങളെ,
ജീവിതപ്രയാസങ്ങള്‍, അസ്തിത്വഭാരങ്ങള്‍... ജീവിതത്തിന്റെ രസം കെടുത്തുന്ന ദുഃഖകാരിണികള്‍. അവയെ ആട്ടിപ്പായിക്കുവാന്‍ കെല്പ്പുള്ള ഒരു മാന്ത്രികക്കുപ്പായം വ്യാളിവിലാസം തുന്നല്‍ശാലയില്‍ ഊടുംപാവുമണിയുന്നു. മാന്ത്രികക്കുപ്പായം ധരിയ്ക്കുന്നതോടെ വിശപ്പില്ലാതാകും, ബുദ്ധി തെളിയും, മനസ്സില്‍ അകൈതവമായ ശാന്തി പുലരും. അതോടെ വേല ചെയ്യാതെ, ശരീരം വിയര്‍ക്കാതെ സ്രഷ്ടാവ് ദാനം ചെയ്ത ഉടല്‍പുണ്യത്തെ കാത്തുസൂക്ഷിച്ച്, ജീവിതാസക്തികളില്‍ രമിച്ച് ദീര്‍ഘനാള്‍ ഈ ഭൂമിയില്‍ ജീവിക്കാനിടവരും. അത്ഭുതകുപ്പായം ആഗ്രഹിക്കുന്ന പൂജനീയര്‍ എത്രയും വേഗം അവരുടെ മുഴുവന്‍ സമ്പാദ്യങ്ങളും വ്യാളീവിലാസം തുന്നല്‍ശാലയുടെ മുമ്പില്‍ സ്ഥാപിച്ചിട്ടുള്ള ഭണ്ഡാരപ്പെട്ടിയില്‍ ഉപേക്ഷിക്കുക. മാന്ത്രിക കുപ്പായം നേടൂ..... ജീവിതത്തെ ആനന്ദതുന്ദിലമാക്കൂ.
ഓര്‍ഡറുകല്‍ പരിമിതം
ശുഭസ്യ ശീഘ്രം....!'
വാര്‍ത്ത വളരെ വേഗത്തില്‍ കരുവാങ്കുന്നിലാകെ പടര്‍ന്നുപിടിച്ചു. കരുവാങ്കുന്നുകാര്‍ പെട്ടിയും പ്രമാണവുമായി കേട്ടപാതി, കേള്‍ക്കാത്ത പാതി ഓടിച്ചെന്ന് സര്‍വ്വതും വ്യാളീവിലാസം ഭണ്ഡാരപ്പെട്ടിയില്‍ നിക്ഷേപിച്ചു. മോക്ഷപ്രാപ്തിക്കായി കൈകൂപ്പി നിന്നു.
മൂന്ന് ദിവസത്തെ സമയദൈര്‍ഘ്യമായിരുന്നു വര്‍ദ്ധമാനകന്‍ ആവശ്യപ്പെട്ടത്. കൈവല്യമാകാന്‍ പോകുന്നത് അസുലഭ സൗഭാഗ്യമാണ്. അതിനാല്‍ ആ സമയദൈര്‍ഘ്യം അവരെ വേവലാതിപിടിപ്പിച്ചില്ല. അത്രയ്ക്ക് കേമമായ സംഗതിയാണല്ലോ കരഗതമാകാന്‍ പോകുന്നത്!.
കരുവാങ്കുന്നുകാര്‍ അച്ചടക്കത്തോടെ തങ്ങളുടെ ഊഴത്തിനായി കാത്തുനിന്നു.
ആത്മസമര്‍പ്പണത്തിന്റെ, ആത്മസംയമനത്തിന്റെ നീണ്ട ക്യൂ.
മൂന്ന് ദിവസങ്ങളെ ചവിട്ടിയരച്ച് സമയചക്രം നാലാമത്തേതിലേക്ക് ഉരുണ്ടുകയറി.
ഇരുള്‍ വിടവാങ്ങാന്‍ മടിച്ചുനിന്നു.
സൂര്യന്‍ വലിയ ഉത്സാഹങ്ങളൊന്നുമില്ലാതെ മങ്ങി മങ്ങി വളരെ വൈകിയാണെത്തിയത്.
നെറ്റിക്ക് മേലേ കൈപൊന്തിച്ച് കരുവാങ്കുന്നുകാര്‍ ഒന്നടങ്കം വിണ്ണിലേക്ക് നോട്ടമെയ്തു. കാലാവസ്ഥാ നിരീക്ഷണത്തിലേര്‍പ്പെട്ടു. ഗതികെട്ട് മഴദൈവങ്ങളോട് കേണു.
'പൊന്നുദൈവങ്ങളെ, മഴപെയ്യാതെ അടിയങ്ങളെ കാത്തോണേ'
മഴവീണ് കുതിര്‍ന്ന് മാന്ത്രിക കുപ്പായത്തിന്റെ ശക്തി പൊയ്പ്പോയാലോ! അതായിരുന്നു ഭയം! പ്രാര്‍ത്ഥിയ്ക്കാന്‍ ഓരോരോ ഭയങ്ങള്‍ !
കാലരാഹുവിനെപ്പോലെ കരിമേഘങ്ങള്‍ വന്നു വെളിച്ചത്തെ മൂടി.
ഇരുള്‍.... ഇരുള്‍ മാത്രം.
'മഴയത്തും വെയിലത്തും വാടാത്ത ഉഗ്രന്‍ കുപ്പായമായിരിക്കും. നിങ്ങള് നോക്കിക്കോ.....!'
ഒരു ഉത്പതിഷ്ണു ശുഭാപ്തി വിശ്വാസം പരത്തി.
'നിന്റെ നാക്ക് പൊന്നാകട്ടെ കുഞ്ഞേ'
എമ്പതുകഴിഞ്ഞ രൈരുവേട്ടനാണ് അങ്ങനെ പ്രതിവചിച്ചത്.
'വര്‍ത്താനം പറഞ്ഞ് നിന്നാ മതിയോ. ദെവസം നാലായിട്ടും കട തൊറക്കുന്നില്ലല്ലോ'.
ആരോ തൊടുത്തുവിട്ട ആകാംക്ഷ എല്ലാവരുടെയും ആശങ്കയായി മാറാന്‍ പിന്നെ അധികനേരമൊന്നും വേണ്ടി വന്നില്ല. ഭയം ഒരു വിഷപ്പാമ്പിനെപ്പോലെ കരുവാങ്കുന്നുകാരുടെ ചിത്തങ്ങളില്‍ നിന്നും ഇഴഞ്ഞ് ഉച്ചിയിലെത്തി ഫണം വിടര്‍ത്തിയാടി.
നേരം ഉച്ചയായതോടെ കരുവാങ്കുന്നുകാര്‍ ഒരു തീരുമാനത്തിലെത്തി.
'ചവിട്ടി തൊറക്ക തന്നെ'
ആകാശം അപ്പോഴും മുഖം വീര്‍പ്പിച്ചു നിന്നു. ഒന്നുരണ്ടു തുള്ളികള്‍ മണ്ണിലേക്ക് അടര്‍ന്നു വീണു. കണ്ണീര്‍കണങ്ങള്‍ പോലെ ഉപ്പുംനനവും ഉള്ളത്!
ആദ്യം പ്രവേശനകവാടം, പിന്നെ ഷട്ടര്‍, ശേഷം വാതിലുകള്‍ എന്നീ ക്രമത്തില്‍ വ്യാളീവിലാസത്തിന്റെ കവചങ്ങള്‍ പൊളിഞ്ഞുവീണു.
യുദ്ധാനന്തര ഭൂമിയെപ്പോലെയുള്ള അപാരമായ ശൂന്യതയിലേക്കായിരുന്നു അവര്‍ പടികയറി ചെന്നത്. വ്യാളിവിലാസം തുന്നല്‍ശാല വിറുങ്ങലിച്ച് നിന്നു. യുദ്ധക്കളത്തില്‍ അറ്റുവീണ ഉടല്‍ഭാഗങ്ങളെപ്പോലെ കുറച്ച് തുന്നിക്കീറുകളല്ലാതെ അവിടെ യാതൊന്നും ശേഷിച്ചിരുന്നില്ല.
വളരെ വിദഗ്ദ്ധമായി തങ്ങള്‍ കൊള്ളയടിക്കപ്പെട്ടിരിക്കുന്നു എന്ന വിചാരം കരുവാങ്കുന്നുകാരെ ഭ്രാന്തുപിടിപ്പിച്ചു. അവര്‍ക്ക് എന്താണ് പറയേണ്ടതെന്നോ, ചെയ്യേണ്ടതെന്നോ അറിയാന്‍ പറ്റാതായി. കൈയ്യില്‍ കിട്ടിയതെല്ലാം വാരിവലിച്ചെറിഞ്ഞും പരസ്പരം കലഹിച്ചും അടിച്ചും തൊഴിച്ചും വെട്ടിയും കുത്തിയും കരുവാങ്കുന്ന് അക്ഷരാര്‍ത്ഥത്തില്‍ ഒരു ചോരക്കളമായി മാറി.
മൂടിക്കെട്ടിയ ആകാശം പൊട്ടിക്കരയാന്‍ തുടങ്ങി. കരുവാങ്കുന്നിന്റെ കണ്ണുനീരിലേക്കും ചോരയിലേക്കും ആ മഹാദുഃഖം ഒരു പേമാരിയായി പെയ്തുവീണു.
പ്രളയജലത്തില്‍ വ്യാളീവിലാസം നിലംപൊത്തി. വ്യാളീമുഖമേന്തിയ പ്രവേശനകവാടം ഒരു അനാഥപ്രേതം പോലെ ജലത്തിനുമീതേ ഒഴുകി നടന്നു. പൊടുന്നനെ ഒരു കൂറ്റന്‍വ്യാളി ആഴങ്ങളില്‍ നിന്നും ഉയര്‍ന്നുവന്നു. വ്യാളീമുഖത്തെ കിരീടമായി ശിരസ്സില്‍ അലങ്കരിച്ച് ചിറകുവിടര്‍ത്തി, തീ തുപ്പി അകലേക്ക് ഒഴികിമാഞ്ഞു.
കരുവാങ്കുന്നിന്റെ ആത്മഗതം കുമിളകളായി പൊന്തിവന്നു ജലോപരിതലത്തിനു മീതേ വീര്‍ത്തുപൊട്ടി.
'ഇനി മറ്റൊരു ദേശം, മറ്റൊരു കാലം, മറ്റൊരു രൂപം