കോവല്‍ പാമ്പും രാജമല്ലികയും

By RK.17 10 2021

imran-azhar

കഥ

 

കോവല്‍ പാമ്പും രാജമല്ലികയും

 

ശ്രീകണ്ഠന്‍ കരിക്കകം

 

ഉത്കണ്ഠയിലാണ് രാജമല്ലിക പരമാനന്ദം കണ്ടെത്തിയിരുന്നത്. ഭര്‍ത്താവ് ഓഫീസില്‍ നിന്നും വരാന്‍ അല്പം വൈകിയാല്‍, കുട്ടി ചെറുതായൊന്ന് തുമ്മിയാല്‍, അര മണിക്കൂര്‍ കറന്റ് പോയാല്‍ അവള്‍ ഒരു കുരുക്കിലേറിയ കോഴിയെ പോലെ പിടയ്ക്കാന്‍ തുടങ്ങും.

 

'മനോജേ..... നീയെന്താ വൈകുന്നേ നിന്റെ ആ നശിച്ച ബൈക്ക് പഞ്ചറായോ, എവിടെയെങ്കിലും മറിഞ്ഞോ? ആരെയെങ്കിലും മുട്ടിയോ?'
നുള്ളിയെറിഞ്ഞ ഒരു ചീന്ത് ചന്ദനം പോലെ അത്രകേട്ടാല്‍ മതി, അവന്‍ വെറുതെ പോകുന്ന ഒരു നായയുടെ മേല്‍ ബൈക്ക് ഇരച്ച് കയറ്റും!
അല്ലെങ്കില്‍ അവിചാരിതമായ ഒരു ബ്രേക്ക് ചവിട്ടലില്‍ അടപടലം തെന്നി വീഴും
എന്നാലോ മനോജ് ആ വേദനയില്‍ മാടന്‍ അടിച്ചതുപോലെ കിടന്ന് ഞരങ്ങിയാലും അവള്‍ തിരിഞ്ഞ് നോക്കില്ല!


'നീ എന്റെ കൈയ്യിലെ മുറിവു കണ്ടോ? കാലിലെ ചതവ് കണ്ടോ?'
എന്നൊക്കെ ദീനതയോടെ അവന്‍ ചോദിക്കുമ്പോള്‍ അവള്‍ രണ്ടാഴ്ച മുന്‍പ് അവളുടെ വിരല്‍ കറിക്കത്തി കൊണ്ട് പോറിയത് ഉണങ്ങിയോ എന്ന് തിരക്കാത്തതില്‍ പരിഭവിച്ച് ഒരു മതില്‍ക്കെട്ടിന്റെ ഉറപ്പോടെ വലതുവശം തിരിഞ്ഞു കിടക്കും. വിസ്താരമുള്ള പിന്‍ഭാഗത്ത് തൊട്ടാല്‍ മുക്കറയിട്ട് ഇടതുകാലുകൊണ്ട് തൊഴിക്കും.

 

പിന്നീട് എണീറ്റിരുന്ന് സ്‌നേഹം എന്നാല്‍ തേച്ചുകുളി കഴിഞ്ഞാലും ശേഷിക്കുന്ന മണമാണെന്നും അല്ലാതെ കഴുകിക്കളയുമ്പോള്‍ ഒലിച്ചുപോകുന്ന പതയല്ലെന്നും പറഞ്ഞ് മൂക്കു ചീറ്റുന്ന വേദാന്തിയാകും. പോരാത്തതിന് തന്റെ തോന്നലുകളൊരിക്കലും തെറ്റാറില്ലെന്നും അതിനെ പരിഹസിച്ച് കുറ്റപ്പെടുത്തുന്നവര്‍ക്ക് അതിന്റെ ഫലം ഇങ്ങനെ കൈയ്യുടനെ കിട്ടുമെന്നും വെളിച്ചപ്പെടും.

 

' ഉപേക്ഷ കാണിക്കല്ലേ, മനോജേ, കൊച്ചിന്റെ ഈ തുമ്മല്‍ ഒരു ടൈഫോയിഡിന്റെ തുടക്കമല്ലെന്നാരു കണ്ടു?' സ്‌കൂളില്‍ നിന്നും കുട്ടിയേയും കൂട്ടി വരുന്ന ചില 'വൈകുന്നേരങ്ങളില്‍ ഒരു ചെറിയ തുമ്മല്‍ മതി.അവളാകെ തകിടം മറിയാന്‍.
'അയ്യോ, എടീ, അത് ഇന്ന് റോഡില്‍ മുഴുവന്‍ വല്ലാത്ത പൊടിയായിരുന്നതുകൊണ്ടാ....''
'ഓ.... എനിക്കറിയാത്തതല്ലേ, ഈ റോഡ്! റോഡില്‍ ഇന്നു മാത്രമല്ലല്ലോ പൊടി? നിങ്ങള്‍ക്ക് ഈ വണ്ടിയൊന്നൊതുക്കി, ആ കൃഷ്ണാ ഹോസ്പിറ്റലില്‍ ഒന്ന് കയറാന്‍ മടി. അത്രേം പറഞ്ഞാല്‍ മതിയല്ലോ.... കൊച്ചിനിനി എന്തു വന്നാലും നിങ്ങള്‍ തന്നെ കൊണ്ടോടിക്കോണം. എന്നെ കിട്ടൂല്ലാ. '


'ആയിക്കോട്ടെ, മഞ്ഞപ്പിത്തവും ന്യുമോണിയയുമൊക്കെ വരട്ടെ.അങ്ങനെയെങ്കില്‍, ഞാന്‍ തന്നെ കൊണ്ടു പൊയ്‌ക്കൊള്ളാം.'
മനോജ് പിന്നെ മറുമുറയൊന്നും പയറ്റാന്‍ നില്‍ക്കാതെ കുളിമുറിയില്‍ കയറി സ്വസ്ഥതയുടെ രണ്ട് പുകയെടുക്കും.

 

ചില ദിവസങ്ങളില്‍ ആരേയും ഇളക്കിമറിക്കാന്‍ കിട്ടിയില്ലെങ്കില്‍ അവള്‍ രാത്രി പത്തു മണിയോടെ ബാങ്കിലെ രാകേന്ദുവിനെയോ കൃഷ്ണപ്രിയയേയോ വിളിക്കും. സ്‌ട്രോംങ് റൂമിലെ ലോക്കര്‍ ഇരട്ട പൂട്ടിട്ട് പൂട്ടിയോ എന്നും താക്കോല്‍ മാനേജറുടെ മേശവലിപ്പില്‍ തന്നെ ഇട്ടുവോ എന്നും പതറിയ ഒച്ചയില്‍ ചോദിക്കും.അതോടെ അവരുടെ സമാധാനം ഇരുട്ടിവെളുക്കും വരെ ആ ഒറ്റ പൂട്ടിലും ഇരട്ട പൂട്ടിലുമാകും. ഇറങ്ങുന്ന നേരം മൂന്നുവട്ടം മേശ തുറന്ന് നോക്കിയതിന്റെ ബലത്തില്‍ രാജമല്ലിക ആ രാത്രിയിലും ഒരു പെരുമ്പാമ്പിന്റെ ചുരുളലില്‍ സുഖമായുറങ്ങും. അടുത്ത ദിവസം അവരിലാരെങ്കിലും 'എന്റെ ചേച്ച്യേ ഇന്നലെ നിങ്ങളെന്നെ ഉറക്കിയില്ലല്ലോ..... ' എന്നു ചോദിച്ചാല്‍ അവള്‍ 'ഉത്തരവാദിത്വമുള്ളവര്‍ക്കേ വീട്ടില്‍ കിടന്നാലും ഉറക്കം വരില്ല ' എന്ന താപമാപിനി വച്ച ഗൗരത്തിലേക്ക് ഉയരും.


ആരെങ്കിലും ഒരു പുതിയ സാരിയുടത്തു കണ്ടാല്‍ ഉടന്‍ അത് മറ്റാരക്കൊയോ ഉടുത്ത് കണ്ടതായി പറയുക.അതിലെ നിറങ്ങള്‍ കഴുകുമ്പോള്‍ അഴിഞ്ഞഴിഞ്ഞ് പോകുമെന്ന് പ്രവചിക്കുക. വാതില്‍പ്പിടിയിലോ മേശവലിപ്പിലോ അതിന്റെ കുഞ്ചലം കുരുങ്ങി അത് കീറരുതേ... എന്ന് കിറുകിറുപ്പോടെ ഓര്‍മ്മപ്പെടുത്തുക. അങ്ങനെ അവള്‍ മറ്റുള്ളവര്‍ക്ക് മേല്‍ എറിയാന്‍ പാകത്തില്‍ ഒന്നിലേറെ പടക്കങ്ങളുമായി എവിടെയും എന്നും ഓടി നടന്നു.
ഉണങ്ങിയ ചില്ല ഒടിയുമെന്നും മുറ്റത്ത് ഇല തൊഴിയുന്നു എന്നെല്ലാം പറഞ്ഞ് അവള്‍ അയല്‍വീട്ടിലെ കോട്ടൂര്‍ക്കോണം വരിക്കമാവും തേന്‍വരിക്ക പ്ലാവുമൊക്കെ അവര്‍ക്ക് ഒട്ടും സമാധാനം കൊടുക്കാതെയാണ് മുറിപ്പിച്ചത്. ആദ്യമൊക്കെ എതിര്‍പ്പു പറഞ്ഞവരെ അനുനയിപ്പിക്കാനും ഓണ്‍ലൈന്‍ വഴി മരം മുറിപ്പുകാരെ തരപ്പെടുത്തിക്കൊടുത്തതുമെല്ലാം അവളായിരുന്നു.

 

വണ്ടി വരുന്ന വഴിയില്‍ നില്‍ക്കുന്ന വീടുകളിലെ തെങ്ങില്‍ തേങ്ങ പഴുക്കുന്നതും വഴിയില്‍ പോച്ച വളര്‍ന്നതുമെല്ലാം ആദ്യം കണ്ടെത്തിയിരുന്നതും അവളായിരുന്നു.
' കഷ്ടകാലത്തിന് തേങ്ങ തലയില്‍ വീണാലും മതി, അത്രയൊക്കെയേയുള്ളൂ, മനുഷ്യന്റെ കാര്യം! ഇവര്‍ക്കൊക്കെ ഇതൊക്കെ ഒന്ന് നോക്കി വെട്ടിച്ചു കൂടെ?' അവള്‍ ആശങ്കപ്പെട്ടു.

 

' വല്ലപ്പോഴും വണ്ടിയുമായി ഇതുവഴി പോകുന്നവളുടെ തലയില്‍ തന്നെ ഈ തേങ്ങ വീഴണം! എന്തൊരു ഉത്കണ്ഠയാണിവള്‍ക്ക് !' റസിഡന്‍സ് അസോസിയേഷന്റെ പ്രസിഡന്റ് അവളുടെ പരാതികള്‍ നിരന്തരം കേട്ട് മടുത്തപ്പോള്‍ പറഞ്ഞു.
ഈയിടെയായി രാജമല്ലികയുടെ സമാധാനം കെടുത്തുന്നത് ഒരു കോവലാണ്. അടുത്ത വീട്ടിലെ മതിലില്‍ നിന്നും പുറത്തേക്ക് തല നീട്ടുന്ന ഒരു പാവം കോവല്‍ വളളി! ഒരു ദിവസം അവള്‍ മനോജിനോട് പറഞ്ഞു:


'എന്തിനാണിവര്‍ നമ്മുടെ മതിലിനോട് ചേര്‍ന്ന് ഇങ്ങനെ കോവല്‍ നട്ടത്? അതിന്റെ വള്ളിയിലൂടെ കയറി ഒരു പാമ്പ് ഇവിടെ എത്തിയാല്‍? അത് നിങ്ങളെയോ കുട്ടിയേയോ കടിച്ചാല്‍?'

 

'അതെന്താ, ആ പാമ്പ് നിന്നെ കൊത്തില്ലേ?'
ചോദ്യം നാലഞ്ചുവട്ടമായപ്പോള്‍ മനോജ് സഹികെട്ട് ചോദിച്ചു.
'എന്നെ കടിച്ചാലേ, നിങ്ങള്‍ക്ക് സമാധാനമാകൂ, എനിക്കറിയാം. നിങ്ങളായിരിക്കും ഈ കോവല്‍ വള്ളി അവര്‍ക്ക് കൊടുത്തത്. മാത്രമല്ല, നടാനുള്ള ഇടം പറഞ്ഞു കൊടുത്തതും നിങ്ങളായിരിക്കും '


'അതേടീ, ഞാന്‍ തന്നയാ, ഞാന്‍ തന്നെയാ വള്ളി വാങ്ങി കൊടുത്തതും നടാനുള്ള ഇടം കാണിച്ചു കൊടുത്തതും. വരട്ടെ, ആ വള്ളിയിലൂടെ കയറി രാജവെമ്പാല വരട്ടെ. അത് രാജമല്ലികയെന്ന നിന്നെ വിഴുങ്ങട്ടെ '
അതു കേട്ടു നിന്ന ദേവിപ്രിയ അമ്മയുടെ നൈറ്റിയില്‍ ചുറ്റിപ്പിടിക്കുകയും അയ്യോ.... എന്ന് നിലവിളിക്കുകയും ചെയ്തു.
' ഞാന്‍ കാണുന്നുണ്ട്. അല്ലേലും അടുത്തിടെയായി നിങ്ങള്‍ അവരുമായി വല്യ ലോഹ്യത്തിലാണല്ലോ... ഒരു കാര്യം പറയാം.കൃഷിയും കാര്യങ്ങളുമൊക്കെ ഓഫീസില്‍ ചെന്നിരുന്ന് നോക്കിയാല്‍ മതി. വീട്ടില്‍ വേണ്ട.'
അവള്‍ ചാടിത്തുള്ളി.

 

രാജമല്ലിക ഏതു നേരവും കോവല്‍ വള്ളി വഴി അങ്ങനെ കയറി വരുന്ന പാമ്പുകളെക്കുറിച്ചോര്‍ത്ത് വല്ലാതെ ഉത്കണ്ഠപ്പെടുവാന്‍ തുടങ്ങിയതോടെ മനോജ് പൊറുതി കെട്ട് അയല്‍ക്കാരനോട് ആ വിഷയം വളരെ സൗമ്യമായി അവതരിപ്പിച്ചു.
ആവശ്യമില്ലാതെ ഒരു പ്ലാവും കായ്ഫലമുണ്ടായിരുന്ന ഒരു മുരിങ്ങ മരവും റെഡ്‌ലേഡി ഇനത്തില്‍ പെട്ട നല്ലൊരു പപ്പായ മരവുമൊക്കെ മുറിപ്പിച്ചതിന്റെ കെറുവിലായിരുന്നു അയല്‍ക്കാരന്‍.


' ഒന്നു പോ മാഷേ, പാമ്പു വന്ന് കൊത്തുന്നേല്‍ ഞങ്ങള്‍ സഹിച്ചോളാം' എന്നു പറഞ്ഞ് വൈദ്യുത വകുപ്പിലെ ജീവനക്കാരനായ അയാള്‍ മനോജിനെ ചെറിയൊരു ഷോക്കു കൊടുത്ത് മടക്കി.

 

രാജമല്ലിക രാവിലേയും വൈകുന്നേരവും മുടങ്ങാതെ മതിലിനരികില്‍ ചെന്നു നിന്ന് അയല്‍ക്കാരി കാണാതെ തല നീട്ടുന്ന കോവല്‍ വള്ളികള്‍ മുറിച്ചു മാറ്റി. 'പാമ്പ് പാമ്പ് 'എന്നു പറഞ്ഞ് ഉത്കണ്ഠപ്പെട്ടു. മനോജിനേയും ദേവി പ്രിയയേയും തുടര്‍ച്ചയായി ഭയപ്പെടുത്തി. അവള്‍ ഉറക്കത്തില്‍ ഞെട്ടി ഉണര്‍ന്നു.അതുകണ്ട് ഭര്‍ത്താവും മകളും ഉണര്‍ന്നിരുന്നപ്പോള്‍ അവള്‍ ഉറങ്ങി. കിടക്കുമ്പോഴും ഇരിക്കുമ്പോഴുമെല്ലാം പാമ്പുകളെക്കുറിച്ചു പറഞ്ഞു. പാമ്പുപിടിത്തക്കാരുടെ നമ്പറുകള്‍ ശേഖരിച്ചു. നഹുഷ പുരാണം വായിച്ചു. മനോജറിയാതെ മണ്ണാര്‍ ശാലയില്‍ നേര്‍ച്ചയിട്ടു. മതിലിനു പുറത്ത് മണ്ണെണ്ണ ഒഴിച്ചു. വെളുത്തുള്ളി ചതച്ചിട്ടു.ഒടുവില്‍ ബാങ്കില്‍ വരുന്ന തട്ടാനില്‍ നിന്നും വാങ്ങിയ സല്‍ഫ്യൂരിക് ആസിഡ് ആരും കാണാതെ മതിലോരം രണ്ട് ചുടുകട്ട ഉയര്‍ത്തി എത്തിച്ച് കോവല്‍ ചുവട്ടിലേക്ക് ഒഴിക്കുമ്പോള്‍ ഏറെ നാളായി മുകളിലോട്ട് നീളാനാകാതെ കുഷ്ഠം കരിച്ച വിരലുകള്‍ പോലെ നിന്ന ഇളം തളിരുള്ള കോവല്‍ വള്ളി അതിന്റെ ഇരട്ടപ്പത്തിയുയര്‍ത്തി 'ഇതൊരു ശല്യമായല്ലോ...' എന്നു പറഞ്ഞ് അവളുടെ വെളുത്ത കൈത്തണ്ടയില്‍ ആഞ്ഞുകൊത്തി. അന്നു രാത്രി മുഴുവന്‍ 'എന്നെ പാമ്പു കൊത്തിയേ..... 'എന്ന വായ്ത്താരിയുമായി ഉണര്‍ന്നിരുന്ന രാജമല്ലികയെ നോക്കി മനോജ് വയറുളുക്കും വരെ ചിരിച്ചു . ഇനിയൊരു പാമ്പ് ആരേയും കൊത്തില്ലല്ലോ - എന്ന് സമാധാനിച്ചു.

 

 

 

 

OTHER SECTIONS