വയല്‍പ്പൂവിലെ മഞ്ഞുതുള്ളികള്‍

By RK.30 03 2022

imran-azhar

 


ഫില്ലീസ് ജോസഫ്

 


ശാന്തമായ് വിരിഞ്ഞു,
നീഹാരബാഷ്പം തുളുമ്പി,
പൂത്തുല്ലസിച്ചു, ആര്‍ത്തുചിരിച്ചു
നീ നില്‍ക്കവേ,
രാവിരുണ്ടുവോ
രാഗേന്ദു മയങ്ങിയോ
നീയും മടങ്ങുന്നുവോ
മല്‍സഖീ വയല്‍പൂവേ?

 

പ്രേമാര്‍ദ്രനായ് നിന്നെ
നുകര്‍ന്നുന്‍മത്തനായ്
ശലഭം പിരിഞ്ഞകലവേ,
ശിലയായുറഞ്ഞ നിന്‍
തേന്‍തുള്ളികള്‍,
നൊന്തുപാടിയോ?
പോയ ജന്മത്തിന്റെ
വിടപ്പാട്ട് പിന്നെയും...

 

ആര് ഇനിയെത്തുവാന്‍
നിന്റെ കൂമ്പിയടഞ്ഞൊരാ
കണ്ണിണ ചുംബിക്കുവാന്‍
നീരറ്റ് തളര്‍ന്ന
നിനക്ക് ചുറ്റുമായ്
ആര് നൃത്തം വയ്ക്കാന്‍?
നിന്നെയുണര്‍ത്തുവാന്‍ ഇനിയാര് പാടുവാന്‍?

 

നാളെകളില്ലാത്ത
നിര്‍മ്മലകുസുമമേ,
പൊയ്ക്കൊള്‍ക
മെല്ലെ, നീ
അമൃതം ചുരത്തവേ,
രോമാഞ്ചമേകി
അടര്‍ന്നു പോയൊ-
രാര്‍ദ്ര തുഷാരമരുളിയ
ഓര്‍മ്മ തന്‍ തുടിപ്പുമായ്...

 

 

 

OTHER SECTIONS