സാധ്യതകളുടെ പുസ്തകം

By RK.10 10 2021

imran-azhar

കവിത

 

സാധ്യതകളുടെ പുസ്തകം

 

സൂസന്‍ ജോഷി

 

പഞ്ഞിതുണ്ടുകള്‍ കൊണ്ട്
മുറിവുകള്‍ പൊതിഞ്ഞ് കെട്ടിയ
നീലാകാശത്തിന്റെ നോവിന് മീതെ
വെള്ളരിപ്രാവുകള്‍ പറക്കുന്ന കാലം
വന്നു കൂടായ്കയില്ലയെന്ന്
പക്ഷിശാസ്ത്രക്കാര്‍ പറയുന്നു.
അങ്ങനെയൊരു കാലത്ത്
ഭൂമിക്കടിയിലേക്ക്
ആഴ്ന്നുപോയ നീരുറവകള്‍
വഴിയുണ്ടാക്കി
മടങ്ങി വന്നേക്കുമെന്ന്
ഭൂഗുരുത്വസിദ്ധാന്തക്കാര്‍ പറയുന്നു.
കല്ലിടുക്കുകളില്‍ നിന്ന്
പതിയെ ജലധാര ഉണര്‍ന്നാല്‍
മുഖം നോക്കാന്‍
വിരല്‍ തൊട്ടു തണുപ്പറിയാന്‍
ഇന്നലകളുടെ കറുപ്പുകളെ
കഴുകി വെടിപ്പാക്കിയെടുക്കാന്‍
ഇന്നുകള്‍ വരി നില്‍ക്കുമെന്ന്
ജ്യോതിഷികള്‍ പറയുന്നു.
ഒക്കെയും സാധ്യതകളുടെ
പുസ്തകത്തിലെ
എങ്ങോട്ടും മറിയാവുന്ന
വെറും നിഗമനങ്ങള്‍
മാത്രമെന്ന് പറഞ്ഞ്
താഴത്ത് വീട്ടിലെ ഉണ്ണിനീലി
മുറമെടുത്ത് അരി പാറ്റി
തിളക്കുന്ന വെള്ളത്തിലേക്കിടുന്നു.
ഒന്നൊന്നായി വിടരുന്ന
കുമിളകളില്‍
അവള്‍ അരി പൊള്ളി ചോറാവുന്നത്
കാണുന്നു.
അതിനിടയിലൂടെ ഒരു നദി
പതഞ്ഞ് തൂവി
വക്കുകളില്‍ ഒട്ടിപിടിച്ച പെണ്‍കിനാക്കളെ
തൊട്ടുതലോടി
പുറത്തേക്ക് ഒഴുകി വീഴുന്നു.
ചോറു വാര്‍ത്ത് പൊതി കെട്ടി
അവള്‍ തിരക്കിട്ട്
വയലിലേക്ക് പോകുന്നു
കളകള്‍ പറിച്ചു മാറ്റി വിത്തിടാന്‍.
ആഴങ്ങളില്‍ പൊലിക്കുന്ന
കതിരുകള്‍
ആകാശം നോക്കുന്നു.
ദൂരെ, അങ്ങു ദൂരെ ചിറകനക്കങ്ങള്‍ കേള്‍ക്കുന്നു.
ചെവി വട്ടംപിടിച്ചുകൊണ്ട്
അവള്‍ പറയുന്നു
വിളയുന്ന പാടങ്ങളുടെ സ്വപ്നങ്ങളിലേക്ക്
പനംതത്തകള്‍
വിരുന്നു വരുന്നുണ്ട

 

 

OTHER SECTIONS