പ്രേമലേഖനം

By swathi.06 02 2022

imran-azhar

 

അനില്‍ കുമാര്‍ എസ്. ഡി.

 

ഇന്‍ലന്‍ഡ് കാര്‍ഡിന്റെ
പരിമിതിയില്‍
കടലു കുടിച്ചുവറ്റിച്ച്
ഉന്മത്തരാകാം നമുക്ക്.

 

മലകള്‍ തുരന്നുതുരന്ന്
മണ്ണിന്റെ മധുരത്തില്‍
കാമം നുണയാം.

 

അസ്തമയ സൂര്യനെ
അസ്ഥിയിലൊളിപ്പിച്ച്
എല്ലില്‍ത്തറച്ച പ്രേമം
കൊത്തിയെടുക്കാം.

 

പൂര്‍ണ്ണചന്ദ്രനിലേക്ക്
പട്ടമായ് പാറിപ്പറക്കാം
കെട്ടുപൊട്ടിയ പട്ടമായി
മേഘത്തുരുത്തില്‍ കെട്ടിമറിയാം.

 

ചുണ്ടിലാഴത്തില്‍ ചുംബനമെഴുതുമ്പോള്‍
ഉള്ളുപഴുത്തു പൊള്ളിയടരുന്ന
അഗ്നിപര്‍വ്വതമായി
നിന്നെപ്പുണരാം ഞാന്‍.

 

ഇത് കാലം നീട്ടിത്തരാത്ത
ഇട്ടാവട്ടത്തിലുള്ള
ജീവിതമാകുന്ന
ഇന്‍ലന്‍ഡിലെഴുതിയ
എന്റെ പ്രേമലേഖനം!

 

 

 

OTHER SECTIONS