ജോര്‍ജ് അക്ഷരങ്ങളില്‍ പുനര്‍ജനിച്ചു; ഫ്രാന്‍സിലെ സ്‌കൂളില്‍ മലയാളി കടുവ!

By Web Desk.20 01 2023

imran-azhar

 


തിരുവനന്തപുരം മൃഗശാലയിലെ കടുവയുടെ കഥ പറയുന്ന ഫ്രഞ്ച് പുസ്തകം ഇനി ആസ്വാദകര്‍ക്ക് സ്വന്തം

 

തിരുവനന്തപുരം: ഫ്രഞ്ച് എഴുത്തുകാരി ക്ലെയര്‍ ലെ മിഷേല്‍ രചിച്ച തിരുവനന്തപുരം മൃഗശാലയിലെ ജോര്‍ജ് എന്ന കടുവയുടെ കഥ പറയുന്ന 'ദി മിസ്റ്റീരിയസ് ജേര്‍ണല്‍ ഓഫ് മിസ്റ്റര്‍ കാര്‍ബണ്‍ ക്രോ- ദി സ്റ്റോറി ഓഫ് ജോര്‍ജ്' എന്ന പുസ്തകം പ്രകാശനം ചെയ്തു. വെള്ളിയാഴ്ച വൈകുന്നേരം വഴുതക്കാടുള്ള ഫ്രഞ്ച് സാംസ്‌കാരിക കേന്ദ്രമായ അലയന്‍സ് ഫ്രാന്‍സൈസ് ഡി ട്രിവാന്‍ഡ്രത്തില്‍ വച്ച് എഴുത്തുകാരി ഖയറുന്നിസ എ തിരുവനന്തപുരം മൃഗശാലയിലെ ചീഫ് ഡോക്ടര്‍ ജേക്കബ് അലക്‌സാണ്ടര്‍ ന് നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്. പുസ്തക പ്രകാശനത്തിന് ശേഷം ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സ് അസിസ്റ്റന്റ് എഡിറ്റര്‍ സിന്ത്യ ചന്ദ്രന്‍ നയിച്ച എഴുത്തുകാരിയുമായുള്ള സംവാദവും പരിപാടിയോട് അനുബന്ധിച്ചു നടന്നു.

 

ഫ്രഞ്ച്, ഇംഗ്ലീഷ് ഭാഷകളില്‍ പുറത്തിറങ്ങുന്ന ദ്വിഭാഷാ പുസ്തകം ഫ്രാന്‍സിലെ 'Le verger des Hespérides' ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ജെറോം ഗോര്‍ഡനാണ് പുസ്തകം ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തത്.

 

2019-ല്‍ റൈറ്റിംഗ് റെസിഡന്‍സിക്കായിയാണ് ക്ലെയര്‍ ലെ മിഷേല്‍ തിരുവനന്തപുരത്ത് എത്തുന്നത്. മൃഗശാല സന്ദര്‍ശിച്ചപ്പോള്‍ തിരുവനന്തപുരം മൃഗശാലയിലെ ചീഫ് വെറ്ററിനറി സര്‍ജന്‍ ഡോക്ടര്‍ ജേക്കബ് അലക്‌സാണ്ടര്‍ ആണ് ജോര്‍ജ്ജ് എന്ന കടുവയ്ക് ഒപ്പം മറ്റു മൃഗങ്ങളെയും അവര്‍ക്ക് പരിചയപ്പെടുത്തി കൊടുത്തത്. ഫ്രാന്‍സിലേക്ക് മടങ്ങിയെത്തിയ ക്ലെയര്‍ 'ദി സ്റ്റോറി ഓഫ് ജോര്‍ജ്ജ്' എഴുതി.

 

മൃഗശാലയിലെ ദൈനംദിന ജീവിതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഭാവനയിലൂടെയാണ് ക്ലെയര്‍ ലെ മിഷേല്‍ കഥ പറയുന്നത് . ആഖ്യാതാവായ കാര്‍ബണ്‍ ക്രോ ഒഴികെ എല്ലാ കഥാപാത്രങ്ങളും യഥാര്‍ത്ഥമാണ്. പുസ്തകത്തിന്റെ ആഖ്യായന രീതിയിലൂടെ മൃഗങ്ങള്‍ക്ക് ശബ്ദം നല്‍കുകയാണ് ക്ലെയര്‍.കോഴിക്കോട് നടന്ന കേരള ലിറ്ററെച്ചര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി കുട്ടികളോട് സംവദിക്കാനും ക്ലെയര്‍ എത്തിയിരുന്നു.

 

2021 ഡിസംബറില്‍ ജോര്‍ജ് ലോകത്തോട് വിട പറഞ്ഞു. ഫ്രാന്‍സിലെ സ്‌കൂളുകളില്‍ ജോര്‍ജിന്റെ കഥ ഇപ്പോള്‍ പഠിപ്പിക്കുന്നുണ്ട്. ജോര്‍ജിനെ സംരക്ഷിച്ച ഡോക്ടര്‍ക്ക് നന്ദി സൂചകമായി കുറിപ്പുകളും കുട്ടികള്‍ എഴുതിയിരുന്നു.

 

 

 

 

 

OTHER SECTIONS