ഓർമയിൽ മായാതെ മോനിഷ; മലയാളത്തിന്റെ മഞ്ഞൾപ്രസാദം മാഞ്ഞിട്ട് മൂന്ന് പതിറ്റാണ്ട്

By Lekshmi.05 12 2022

imran-azhar

 

മോനിഷയുടെ ഓർമ്മകൾക്ക് ഇന്ന് 30 വയസ്സ്.മൂന്ന് പതിറ്റാണ്ട് പിന്നിടുമ്പോഴും വെള്ളിത്തിരയിൽ മായാത്ത മുദ്ര പതിപ്പിച്ച മോനിഷയെ ഇന്നും മലയാളികൾ മറന്നിട്ടില്ല.പതിനാലാം വയസ്സിൽ അരങ്ങേറ്റചിത്രത്തിൽ തന്നെ ദേശീയ പുരസ്കാരം നേടി ഗുരുവിന്റെ വാക്കുകൾ അന്വർഥമാക്കുകയും ചെയ്തു.സിനിമയിൽ കത്തിജ്വലിച്ച ഏഴ് വർഷങ്ങളിൽ അഭിനയിച്ചത് 27 സിനിമകളിൽ.ചുരുങ്ങിയ കാലത്തെ അഭിനയജീവിതമായിരുന്നെങ്കിലും ഒരായുഷ്കാലത്തേക്കുള്ള ഓർമ്മകൾ അടയാളപ്പെടുത്തിയാണ് മോനിഷ മടങ്ങിയത്.

 

നക്ഷത്രക്കുഞ്ഞെന്നാണ് മോനിഷയെ വെള്ളിത്തിരയിലേക്ക് കൈപിടിച്ചു കയറ്റിയ എംടി വിശേഷിപ്പിച്ചത്.അഴകും അഭിനയമികവും നൃത്തത്തിലെ പ്രാവീണ്യവും മോനിഷയെ ജനപ്രിയ നായികയാക്കി.ചേര്‍ത്തല എക്സറേ കവലയില്‍ നിന്ന് മോനിഷയുടെ കാര്‍ മരണത്തിന്റെ പാതയിലേക്ക് യു ടേണെടുത്ത് പാഞ്ഞപ്പോള്‍ പിടഞ്ഞത് മലയാളി ഹൃദയങ്ങളായിരുന്നു.അധിപന്‍, ആര്യന്‍, പെരുന്തച്ചന്‍, കമലദളം.തൊട്ടതെല്ലാം പൊന്നാക്കിയായിരുന്നു മോനിഷയുടെ കലാജീവിതം.

 

സിനിമയിൽ കൂടുതൽ ഉയരങ്ങളിലേക്ക് കുതിക്കുന്നതിനിടെ അപ്രതീക്ഷിതമായി ആ യാത്ര അവസാനിച്ചു.1971ല്‍ ഉണ്ണിയുടെയും ശ്രീദേവിയുടെയും മകളായി ആലപ്പുഴയിലാണ് മോനിഷ ജനിച്ചത്.അച്ഛന് ബാംഗൂരില്‍ തുകല്‍ ബിസിനസ് ആയിരുന്നതിനാല്‍ മോനിഷയുടെ ബാല്യം ബാംഗൂരിലായിരുന്നു.അമ്മ ശ്രീദേവി നര്‍ത്തകിയും. മോനിഷ പഠിച്ചതെല്ലാം ബാംഗൂരിലായിരുന്നു.കുട്ടിക്കാലം തൊട്ടു നൃത്തം പഠിച്ചിരുന്ന മോനിഷ ഒന്‍പതാമത്തെ വയസ്സില്‍ ആദ്യ സ്റ്റേജ് പ്രോഗ്രാം നടത്തി.

 

1985ല്‍ കര്‍ണാടക ഗവണ്‍മെന്റ് ഭരതനാട്യ നര്‍ത്തകര്‍ക്കായി നല്‍കുന്ന 'കൌശിക അവാര്‍ഡ്' മോനിഷയ്ക്കു ലഭിച്ചു.സൈക്കോളജിയില്‍ ബിരുദം നേടിയ മോനിഷയ്ക്ക് സിനിമയില്‍ അവസരം കിട്ടിയത് കുടുംബ സുഹൃത്തായ എം ടി വാസുദേവന്‍ നായരിലൂടെയാണ്. നഖക്ഷതങ്ങളായിരുന്നു ആദ്യ ചിത്രം. കൗമാരത്തിലെ ത്രികോണ പ്രണയത്തിന്റെ കഥപറഞ്ഞ നഖക്ഷതങ്ങളിലൂടെ(1986) മോനിഷയെത്തേടി മികച്ച നടിക്കുള്ള ദേശീയ പുരസ്‌‍കാരമെത്തി.

OTHER SECTIONS