സൗരവ് ഗാംഗുലിയുടെ ജീവിതം സിനിമയാകുന്നു; ദാദയെ തിരഞ്ഞ് ആരോധകര്‍

By Greeshma Rakesh.27 05 2023

imran-azhar

 

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ബി.സി.സി.ഐ അധ്യക്ഷനുമായിരുന്ന സൗരവ് ഗാംഗുലിയുടെ ജീവിതം സിനിമയാകുന്നു. ചിത്രത്തിന്റെ ഷൂട്ടിങ് ഈ വര്‍ഷം അവസാനത്തോടെ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. നിര്‍മാതാക്കളും സംവിധായകരുമായ അങ്കുര്‍ ഗാര്‍ഗ്, ലവ് രഞ്ജന്‍ എന്നിവരാണ് ചിത്രമൊരുക്കുന്നത്.ഇതുമായി ബന്ധപ്പെട്ട് ഇരുവരും കഴിഞ്ഞദിവസം കൊല്‍ക്കത്തയിലെത്തി ഗാംഗുലിയെ സന്ദര്‍ശിച്ചിരുന്നു.

 

മഹേന്ദ്ര സിങ് ധോനിയുടെ ജീവിതം സിനിമയായതിന് പിന്നാലെയാണ് ഇന്ത്യന്‍ ക്രിക്കറ്റിലെ തന്നെ ഏറെ ആരാധകരുള്ള സൗരവ് ഗാംഗുലിയുടെ ജീവിതവും സിനിമയാക്കി പുറത്തിറക്കാനുള്ള ശ്രമം നടക്കുന്നത്. എം.എസ്. ധോനി: ദ അണ്‍ടോള്‍ഡ് സ്റ്റോറി എന്ന ചിത്രത്തില്‍ സുശാന്ത് സിങ് രജ്പുത്തായിരുന്നു ടൈറ്റില്‍ റോളിവെത്തിയത്.

 

അങ്കുര്‍ ഗാര്‍ഗും ലവ് രഞ്ജനും ഗാംഗുലിയുടെ വസതിയിലെത്തിയ കാര്യം അടുത്തവൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.ദാദയുമായി വിശദമായ ചര്‍ച്ച നടന്നു. ഗാംഗുലിയുടെ ജീവിതത്തിലെ പല സംഭവങ്ങളും സംവിധായകര്‍ ശേഖരിച്ചു. ആദ്യഘട്ട തിരക്കഥ ഇതിനോടകം പൂര്‍ത്തിയായിട്ടുണ്ട്. ഗാംഗുലിയുടെ ജീവിതത്തിലെ പുറംലോകത്തിനറിയാത്ത അനുഭവങ്ങള്‍ തിരക്കഥയിലുണ്ട്.

 

ബി.സി.സി.ഐ പ്രസിഡന്റായിരുന്ന ഒരു താരത്തിന്റെ ഓര്‍മക്കുറിപ്പ് എന്നതിലുപരിയായൊരനുഭവം വെള്ളിത്തിരയിലൂടെ നല്‍കാനാണ് ഗാര്‍ഗും രഞ്ജനും ശ്രമിക്കുന്നത്. ഗാംഗുലിയുടെ ഭാര്യ ഡോണയില്‍ നിന്നും ഗാംഗുലിയുമായി അടുത്ത് ബന്ധമുള്ളവരില്‍ നിന്നും ഇരുവരും വിവരങ്ങള്‍ തേടുന്നുണ്ടെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

 


അതേസമയം ബിഗ്‌സ്‌ക്രീനില്‍ ആരാവും സൗരവ് ഗാംഗുലിയെ അവതരിപ്പിക്കുക എന്നതിനേക്കുറിച്ച് സ്ഥിരീകരണമൊന്നും ആയിട്ടില്ല. എങ്കിലും രണ്‍ബീര്‍ കപൂറിന്റെ പേരാണ് പ്രചരിക്കുന്ന വാര്‍ത്തകളില്‍ മുന്‍പന്തിയിലുള്ളത്.

 

ആയുഷ്മാന്‍ ഖുറാനയാണ് ലിസ്റ്റിലുള്ള മറ്റൊരാള്‍. വന്‍ മുതല്‍മുടക്കിലായിരിക്കും ഗാംഗുലിയുടെ ബയോപിക്ക് നിര്‍മിക്കുകയെന്നും തിയേറ്ററില്‍ മാത്രമേ റിലീസ് ചെയ്യുകയുള്ളൂ എന്നും നിര്‍മാതാക്കളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

 

 

 

OTHER SECTIONS