ഒടുവില്‍ പുലിമുരുകന്റെ റെക്കോര്‍ഡും തകര്‍ത്ത് '2018'; കുതിപ്പ് തുടരുന്നു

By Greeshma Rakesh.28 05 2023

imran-azhar

 

'2018' നൂറുകോടി ക്ലബ്ബിലെത്തിയതിനു പിന്നാലെ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞ ചോദ്യമായിരുന്നു 'മുരുകന്‍ തീരുമോ?'എന്നത്. എന്നാല്‍ ഇനി ആ ചോദ്യത്തിന്റെ ആവശ്യമില്ല. അതിനുള്ള ഉത്തരം ഇപ്പാഴിതാ മോഹന്‍ലാല്‍ ഫാന്‍സിന്റെ ഔദ്യോഗിക ഗ്രൂപ്പ് തന്നെ ട്വിറ്ററിലൂടെ പറഞ്ഞിരിക്കുകയാണ്. 'മുരുകന്‍ തീര്‍ന്നു'.

 

മലയാള സിനിമയുടെ പാന്‍ ഇന്ത്യന്‍ സാധ്യകളിലും കോടി കിലുക്കങ്ങളിലും എപ്പോഴും മോഹന്‍ലാല്‍ ചിത്രങ്ങളെ മുന്‍നിരയില്‍ കാണാം.50, 100 കോടി ക്ലബ്ബുകളിലേക്ക് ആദ്യം പ്രവേശിച്ചതും മോഹന്‍ലാല്‍ ചിത്രങ്ങളാണ്. മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റെന്ന മോഹന്‍ലാല്‍ ചിത്രം പുലിമുരുകന്റെ റെക്കോര്‍ഡ് ഏഴ് വര്‍ഷത്തോളം തകര്‍ക്കപ്പെടാതെ കിടക്കുകയായിരുന്നു.

 


എന്നാല്‍ വലിയ പ്രി റിലീസ് പബ്ലിസിറ്റിയൊന്നുമില്ലാതെ തിയറ്ററുകളിലെത്തിയ ഒരു ചിത്രം കലക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്തുവെന്ന് മാത്രമല്ല, പുതു ചരിത്രമെഴുതിയിരിക്കുകയാണ്. മലയാള സിനിമയില്‍ നിന്ന് ആദ്യമായി 150 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരിക്കുന്ന ചിത്രമായിരിക്കുകയാണ് 2018. ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടിയ മലയാള ചിത്രം എന്ന റെക്കോര്‍ഡും '2018' നേടി.

 


കേരളത്തില്‍ നിന്നു മാത്രം 78 കോടി, റെസ്റ്റ് ഓഫ് ഇന്ത്യ 11 കോടി, ഓവര്‍സീസ് 65 കോടി. വെറും 22 ദിവസം കൊണ്ടാണ് ചിത്രം 150 കോടി കടന്നത്. ''150 കോടിക്കൊപ്പം നില്‍ക്കുമ്പോഴും, ഞാന്‍ തലകുനിച്ചു കൈകൂപ്പി നിങ്ങളെ വന്ദിക്കുന്നു. നിങ്ങള്‍ ,ജനങ്ങള്‍ ഈ സിനിമയോട് കാണിച്ച സ്‌നേഹവും, ഇഷ്ടവുമാണ് ഈ സിനിമയെ ഇത്രയേറെ ഉയരങ്ങളിലെത്തിച്ചത്. അതിരുകടന്ന ആഹ്ലാദമോ ഒരു തരി പോലും അഹങ്കാരമോ ഇല്ല. എല്ലാം ദൈവ നിശ്ചയം,''-നിര്‍മാതാവ് വേണു കുന്നപ്പിള്ളി കുറിച്ചു.

 

സമീപകാലത്ത് ഒരു മലയാള സിനിമയ്ക്കും ലഭിക്കാത്ത തരത്തിലുള്ള അത്യാപൂര്‍വമായ പ്രതികരണമാണ് ആദ്യ ദിനം മുതല്‍ 2018 നേടിയത്. കേരളത്തിന് പുറത്ത് യുഎഇയിലും ജിസിസിയിലുമാണ് മലയാള ചിത്രങ്ങള്‍ സാധാരണ മികച്ച പ്രതികരണം നേടാറെങ്കില്‍ 2018 യുഎസിലും യൂറോപ്പിലുമൊക്കെ അത്തരത്തിലുള്ള പ്രതികരണം നേടി. പ്രദര്‍ശനത്തിന്റെ മൂന്നാം വാരത്തിലും പല വിദേശ മാര്‍ക്കറ്റുകളിലും മികച്ച സ്‌ക്രീന്‍ കൗണ്ട് നിലനിര്‍ത്താനായി എന്നത് മലയാള സിനിമയ്ക്ക് വലിയ അഭിമാനവും പ്രതീക്ഷയും പകരുന്ന ഒന്നാണ്.

 


അതേസമയം ശനിയാഴ്ച്ചയാണ് ചിത്രത്തിന്റെ തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകള്‍ പ്രദര്‍ശനം ആരംഭിച്ചത്. മാത്രമല്ല മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നതും. മികച്ച സ്‌ക്രീന്‍ കൗണ്ടോടെയാണ് ഇതര സംസ്ഥാനങ്ങളില്‍ ചിത്രം റിലീസ് ചെയ്യപ്പെട്ടിരിക്കുന്നതും. ലൈഫ് ടൈം ഗ്രോസ് എന്ന അവസാന സംഖ്യയിലേക്ക് ചിത്രത്തിന് ഇനിയുമേറെ സഞ്ചരിക്കാനുണ്ട് എന്നതാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്.

 

ലൂസിഫര്‍, പുലിമുരുകന്‍, ഭീഷ്മ പര്‍വം, കുറുപ്പ്, മധുര രാജ, മാമാങ്കം, കായംകുളം കൊച്ചുണ്ണി, കുറുപ്പ് എന്നീ സിനിമകളാണ് 100 കോടി ക്ലബ്ബില്‍ ഇടംനേടിയ മലയാള സിനിമകള്‍. 'മാളികപ്പുറവും' 100 കോടി നേടിയെന്ന് അണിയറ പ്രവര്‍ത്തകര്‍ വെളിപ്പെടുത്തിയിരുന്നു.

 

ടൊവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍, ഇന്ദ്രന്‍സ്, വിനീത് ശ്രീനിവാസന്‍, ലാല്‍, നരേന്‍, അപര്‍ണ ബാലമുരളി, അജു വര്‍ഗീസ് തുടങ്ങിയ താരങ്ങളാണ് ചിത്രത്തില്‍ വേഷമിടുന്നത്. അഖില്‍ പി. ധര്‍മജന്‍ തിരക്കഥ ഒരുക്കിയ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചത് അഖില്‍ ജോര്‍ജാണ്. ചമന്‍ ചാക്കോ ചിത്രസംയോജനം. നോബിന്‍ പോളിന്റേതാണ് സംഗീതം. വിഷ്ണു ഗോവിന്ദ് സൗണ്ട് ഡിസൈന്‍. ക്യാവ്യാ ഫിലിംസ്, പി.കെ പ്രൈം പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ വേണു കുന്നപ്പള്ളി, സി.കെ പത്മകുമാര്‍, ആന്റോ ജോസഫ് എന്നിവരാണ് നിര്‍മാണം.

 


കേരളീയര്‍ക്ക് ഒരിക്കലും മറക്കാനാവാത്ത '2018' എന്ന വര്‍ഷവും ആ വര്‍ഷത്തില്‍ നമ്മളെ തേടിയെത്തിയ പ്രളയമെന്ന മഹാമാരിയും പ്രേക്ഷകര്‍ക്ക് മുന്നില്‍ ഒരു നേര്‍ക്കാഴ്ചയെന്നോണം അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ മലയാളികളുടെ മനോധൈര്യത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ഒത്തൊരുമയുടെയും കഥയാണ് ദൃശ്യാവിഷ്‌ക്കരിച്ചിരിക്കുന്നത്.

 

 

OTHER SECTIONS