നഷ്ടം 100 കോടി; ലാൽ ലാൽ സിംഗ് ഛദ്ദയുടെ പ്രതിഫലം പൂർണമായും ഉപേക്ഷിച്ച് ആമിർ ഖാൻ

By santhisenanhs.02 09 2022

imran-azhar

 

ലാൽ ലാൽ സിംഗ് ഛദ്ദയുടെ പ്രതിഫലം പൂർണമായും ഉപേക്ഷിക്കാൻ ആമിർ ഖാൻ തീരുമാനിച്ചതായി റിപ്പോർട്ട്. സിനിമ പൂർണ പരാജയമായതോടെയാണ് നിർമ്മാതാക്കളുടെ നഷ്ടം നികത്താൻ പ്രതിഫലം ഒഴിവാക്കാൻ താരം തീരുമാനിച്ചത്. വയാകോം 18 സ്റ്റുഡിയോസും ആമിർ ഖാൻ പ്രൊഡക്ഷൻസും ചേർന്നാണ് സിനിമ നിർമ്മിച്ചത്.

 

ലാൽ സിംഗ് ഛദ്ദയുമായി ബന്ധപ്പെട്ട് നിർമ്മാതാക്കളായ വയകോം 18ന് 100 കോടിയാണ് നഷ്ടപ്പെട്ടത്. എന്നാൽ ആമിർ തന്റെ പ്രതിഫലം ഉപേക്ഷിക്കാൻ തീരുമാനിച്ചാൽ, സ്റ്റുഡിയോയ്ക്ക് നഷ്ടം താരതമ്യേന കുറവായിരിക്കുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. അതിനു പിന്നാലെയാണ് ആമിർ ഖാൻ നഷ്ടം സ്വയം ഏറ്റെടുക്കാൻ തീരുമാനിച്ചതെന്ന് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കിയത്.

 

ടോം ഹാങ്ക്സ് അഭിനയിച്ച 1994 ലെ ഹോളിവുഡ് ചിത്രമായ ഫോറസ്റ്റ് ഗമ്പിന്റെ ഔദ്യോഗിക ഹിന്ദി റീമേക്ക് ആയ ഈ ചിത്രം ആഗസ്റ്റ് 11നാണ് ലോകമെമ്പാടും റിലീസ് ചെയ്തത്. സിനിമയിൽ കരീന കപൂറും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. 180 കോടി രൂപ മുതൽമുടക്കിൽ ഒരുങ്ങിയ ചിത്രം ലോകമെമ്പാടുമായി 90 കോടി മാത്രമാണ് നേടിയത്.ബഹിഷ്കരണാഹ്വാനങ്ങൾക്കിടെ പുറത്തിറങ്ങിയ ചിത്രത്തിന് ആദ്യദിനം മികച്ച പ്രതികരണമാണ് ലഭിച്ചതെങ്കിലും പിന്നീടുള്ള ദിവസങ്ങളിൽ അത്രകണ്ട് മുന്നേറാൻ സാധിച്ചില്ല.

 

സിനിമയ്ക്കായി ആമിർ ഖാൻ നാല് വർഷമാണ് മാറ്റിവെച്ചത്. റിലീസ് ചെയ്ത് ആറ് മാസത്തിന് ശേഷം മാത്രമേ ഒടിടിയിൽ ലാൽ സിംഗ് ഛദ്ദ റിലീസ് ചെയ്യൂ എന്നായിരുന്നു ആമിർ ഖാൻ നേരത്തെ വ്യക്തമാക്കിയിരുന്നത്. എന്നാൽ ബോക്സ് ഓഫീസ് വിധി നിർമ്മാതാക്കളുടെ ആ തീരുമാനം മാറ്റിയതായും റിപ്പോർട്ടുണ്ട്. സിനിമ റിലീസായി ചെയ്ത് എട്ട് ആഴ്ചയ്ക്കുള്ളിൽ ഒടിടിയിൽ റിലീസ് ചെയ്യുമെന്നാണ് ഇപ്പോഴത്തെ റിപ്പോർട്ട്.

OTHER SECTIONS