ഹോളിവുഡ് താരം ആന്‍ ഹേഷ് അന്തരിച്ചു

By santhisenanhs.13 08 2022

imran-azhar

 

ഹോളിവുഡ് നടി ആന്‍ ഹേഷ് അന്തരിച്ചു. കാര്‍ അപകടത്തില്‍ തലച്ചോറിന് സാരമായി ക്ഷതമേല്‍ക്കുകയും ഗുരുതമായി പൊള്ളലേല്‍ക്കുകയും ചെയ്ത താരം കഴിഞ്ഞ ഒരാഴ്ച്ചയായി ചികിത്സയിലായിരുന്നു. ആഗസ്റ്റ് അഞ്ചിനാണ് ലോസ് ആഞ്ജലസിലെ മാര്‍ വിസ്റ്റയിലുള്ള വാള്‍ഗ്രോവ് അവന്യൂവില്‍ വെച്ച് അപകടമുണ്ടായത്.

 

ഹേഷിന്റെ കാര്‍ ഒരു കെട്ടിടത്തില്‍ ഇടിക്കുകയും തീ പടരുകയുമായിരുന്നു. കാര്‍ അമിതവേഗത്തിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ശേഷമാണ് ഹേഷിനെ പുറത്തെടുത്തത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു.

 

ഹേഷിന്റെ പ്രാഥമിക രക്ത പരിശോധനയില്‍ ഫെന്റനൈല്‍, കൊക്കെയ്ന്‍ എന്നീ മയക്കുമരുന്നുകളുടെ അളവ് കണ്ടെത്തിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ചികിത്സയ്ക്ക് വേദന കുറയ്ക്കാന്‍ ഉപയോഗിച്ചാതാകാം എന്നാണ് പോലീസ് പറയുന്നത്. മാനസിക പ്രശ്‌നങ്ങള്‍ക്ക് ഹേഷ് ചികിത്സ തേടിയിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

 

ടെലിവിഷന്‍ സീരിസുകളിലൂടെയാണ് ആന്‍ ഹേഷ് കലാരംഗത്ത് അരങ്ങേറ്റം കുറിച്ചത്. അനതര്‍ വേള്‍ഡിലൂടെയാണ് പ്രശസ്തിയിലേക്ക് ഉയര്‍ന്നത്. 1991 ല്‍ ഡേ ടൈം എമ്മി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

 

1990-കളിലെ ഡോണി ബ്രാസ്‌കോ, സിക്സ് ഡേയ്സ്, സെവന്‍ നൈറ്റ്സ് എന്നീ സിനിമകളിലൂടെയും പ്രശസ്തി നേടി.

 

ടോക്ക് ഷോ അവതാരക എലന്‍ ഡിജെനെറസുമായുള്ള പ്രണയ ബന്ധത്തിന്റെ പേരില്‍ ഹേഷ് വാര്‍ത്തകളിലിടം നേടി. പിന്നീട് കോള്‍മാന്‍ കോളിയായിരുന്നു ഭര്‍ത്താവ്. ഈ ബന്ധത്തില്‍ രണ്ടു കുട്ടികളുണ്ട്. ഇവരുടെ വിവാഹജീവിതം 2007 ല്‍ അവസാനിച്ചു.

OTHER SECTIONS