By Ashli Rajan.19 03 2023
ഓസ്‌കര്‍ പുരസ്‌കാരം ലഭിച്ച ദമ്പതികളായ ബൊമ്മനും ബെല്ലിയേയും തേടി ഒരു സന്തോഷം കൂടിയെത്തിയിരിക്കുകയാണ്.അവര്‍ക്ക് താരാട്ടുപാടിയുറക്കാനായി അമ്മയെ നഷ്ടപ്പെട്ട മറ്റൊരാനക്കുട്ടി കൂടിയായി.
ധര്‍മപുരി ജില്ലയിലെ ഹൊഗേനക്കല്‍ വനത്തില്‍ അമ്മയെ നഷ്ടപ്പെട്ട് അലഞ്ഞു നടന്ന ആനക്കുട്ടിയെ അമ്മയാനയ്ക്ക് സമീപമെത്തിക്കാന്‍ വനപാലകര്‍ക്കൊപ്പം ബൊമ്മനും ശ്രമം നടത്തിയിരുന്നു.
എന്നാല്‍, വനത്തിലേക്കു പോയ ആനക്കുട്ടി വീണ്ടും തിരിച്ചെത്തി സ്വകാര്യ വ്യക്തിയുടെ കിണറ്റില്‍ വീണതോടെ ശ്രമം ഉപേക്ഷിച്ച് ആനക്കുട്ടിയെ വനപാലക സംഘം തെപ്പക്കാട് തെപ്പക്കാട് ആനപ്പന്തിയിലെത്തിച്ചു. ഇനി മുതല്‍ ബൊമ്മന്റെയും ബെല്ലിയുടെയും പുത്രനാണ് ഇവന്‍.
ലോകശ്രദ്ധ നേടിയ ദി എലിഫെന്റ് വിസ്പറേഴ്സ് ഡോക്യുമെന്ററിയുടെ ഓസ്‌കാര്‍ പുരസ്‌കാരത്തിളക്കത്തിനിടയിലാണ് 5 മാസം പ്രായമുള്ള മറ്റൊരു കുട്ടിയാനയുടെ കൂടി പോറ്റമ്മയും വളര്‍ത്തച്ഛനുമായി ഇരുവരും മാറിയത്.ആനപ്പന്തിയില്‍ പുതുതായി നിര്‍മിച്ച, മെത്തവിരിച്ച കൂട്ടിലേക്ക് പൂജകള്‍ക്ക് ശേഷമാണ് ആനക്കുട്ടിയെ കയറ്റിയത്.
ദ്രവ രൂപത്തിലുള്ള ഭക്ഷണങ്ങളാണ് ആനക്കുട്ടിക്കു നല്‍കുന്നത്. കുഞ്ഞു തുമ്പിക്കൈ ബൊമ്മന്റെ കൈയില്‍ ചുറ്റി, തിളക്കമുള്ള കണ്ണുകളില്‍ കുസൃതിയും നിറച്ച് കൂട്ടിലേക്ക് ഓടിക്കയറിയപ്പോള്‍ കൂടി നിന്നവര്‍ കയ്യടിച്ചു.ആനപ്പന്തിയില്‍ അമ്മയെ നഷ്ടപ്പെട്ട് അനാഥരായ രണ്ട് ആനക്കുട്ടികളെ വളര്‍ത്തി ജീവിതത്തിലേക്ക് തിരിച്ചു നടത്തിയ കഥയാണ് എലിഫന്റ് വിസ്പറേഴ്സ് എന്ന ഹ്രസ്വ ചിത്രം.
രഘുവെന്നും ബൊമ്മിയെന്നും പേരിട്ടു വളര്‍ത്തി വലുതാക്കിയ മക്കളെ പിന്നീട് കാണാന്‍ കഴിയാത്തതില്‍ ബെല്ലിക്ക് സങ്കടമുണ്ട്. നാട്ടിലെ നിയമങ്ങള്‍ക്കനുസരിച്ച് ആനച്ചട്ടങ്ങള്‍ പഠിക്കുന്നതിനായി ഇവരെ പോറ്റമ്മയില്‍ നിന്നും അകറ്റുകയായിരുന്നു. മറ്റു രണ്ടു പാപ്പാമാരെ ഇതിനായി നിയോഗിച്ചു.
രഘുവിന്റെയും ബൊമ്മിയുടെയും അടുത്തേക്ക് പോകാന്‍ പോലും ജീവനക്കാര്‍ അനുവദിക്കുന്നില്ലെന്ന സങ്കടവും ബെല്ലിക്കുണ്ട്. വളര്‍ന്നു വലുതായ കുട്ടികളുടെ സ്നേഹപ്രകടനം അമിതമാകുമ്പോള്‍,
പ്രായക്കൂടുതലുള്ള ബെല്ലിയുടെ ആരോഗ്യ സ്ഥിതിയെ ബാധിക്കുന്നത് കണക്കിലെടുത്താണ് ബെല്ലിയെ രഘുവിന്റെയും ബൊമ്മിയുടെയും അടുത്തേക്ക് അയയ്ക്കാത്തതെന്നാണ് അധികൃതരുടെ വിശദീകരണം. ഈ സങ്കടത്തിനിടയിലാണ് മറ്റൊരാനക്കുട്ടിയെക്കൂടി കിട്ടിയത്. ഇനി ഇവനൊപ്പമായിരിക്കും ബൊമ്മന്റെയും ബെല്ലിയുടെയും ജീവിതം.