By Shyma Mohan.01 02 2023
1993ല്‍ മുംബൈയില്‍ എത്തിയപ്പോള്‍ നേരിടേണ്ടിവന്ന ദുരിതങ്ങള്‍ ഓര്‍ത്തെടുത്ത് സംവിധായകന്‍ അനുരാഗ് കശ്യപ്. മാഷബിള്‍ ഇന്ത്യയുടെ ബോംബെ ജേണി എന്ന പരിപാടിയിലാണ് കടന്നുവന്ന സാഹചര്യത്തെ കുറിച്ച് അനുരാഗ് കശ്യപ് മനസ് തുറന്നത്.
മുപ്പത് കൊല്ലത്തിനിടെ മുംബൈ എത്രത്തോളം മാറിയെന്ന് താന്‍ കണ്ടും അനുഭവിച്ചും അറിഞ്ഞതായി അനുരാഗ് കശ്യപ് പറഞ്ഞു. കിടക്കാന്‍ സ്ഥലം പോലും ഇല്ലാതെ തെരുവില്‍ കിടന്നതുമുതല്‍ ആദ്യകാലത്ത് കരിയറില്‍ നേരിട്ട തിരിച്ചടികളെക്കുറിച്ചും അനുരാഗ് കശ്യപ് തുറന്നുപറയുന്നുണ്ട്.
അന്ന് ജുഹു സര്‍ക്കിളിന് നടുവില്‍ ഒരു പൂന്തോട്ടമുണ്ടായിരുന്നു; സിഗ്‌നലുകളൊന്നും ഇല്ലാത്ത ഒരു റൗണ്ട് എബൗട്ടായിരുന്നു അത്. അക്കാലത്ത് സ്ഥിരമായി ഇവിടെയാണ് രാത്രി ഉറങ്ങാറ്. പക്ഷേ ചിലപ്പോള്‍ അവിടെ നിന്നും ഞങ്ങളെ പുറത്താക്കും. പിന്നെ വെര്‍സോവ ലിങ്ക് റോഡിലേക്ക് പോകും. അവിടെ ഒരു വലിയ നടപ്പാതയുണ്ട്. അവിടെ ആളുകള്‍ വരിവരിയായി ഉറങ്ങാറുണ്ടായിരുന്നു. പക്ഷേ അവിടെ കിടന്നുറങ്ങാന്‍ 6 രൂപ കൊടുക്കണം.
ആദ്യചിത്രം പാഞ്ച് നിന്നുപോയി. രണ്ടാമത്തെ ചിത്രമായ ബ്ലാക്ക് ഫ്രൈഡേ റിലീസിന് ഒരു ദിവസം മുമ്പേ പ്രതിസന്ധിയിലായി. ഇതോടെ മുറിയില്‍ അടച്ചിരിക്കാനും മദ്യപിക്കാനും തുടങ്ങി. ഒന്നൊന്നര വര്‍ഷം ഒരു നിയന്ത്രണവുമില്ലാതെ കുടിച്ചു. അതോടെ ആരതി (മുന്‍ഭാര്യ ആരതി ബജാജ്) വീട്ടില്‍ നിന്ന് ചവിട്ടി പുറത്താക്കി. മകള്‍ക്കപ്പോള്‍ നാലുവയസ് മാത്രമായിരുന്നു പ്രായം. ബുദ്ധിമുട്ടേറിയ നാളുകളായിരുന്നു അത്. ഇതോടെ താന്‍ വിഷാദരോ?ഗത്തിന് അടിമയായി. പാഞ്ചും ബ്ലാക്ക് ഫ്രൈഡേയും നിന്നുപോയി. ആല്‍വിന്‍ കാളിചരണും പെട്ടിയിലായി. ആര്‍ക്കുമറിയാത്ത വേറൊരു പടം കൂടി നിലച്ചുപോയി. തേരാ നാമില്‍ നിന്നും കാണ്ടേയില്‍ നിന്നും പുറത്തായി. ഞാന്‍ നിരന്തരം കുടിക്കുകയും ഈ പ്രശ്‌നങ്ങള്‍ക്കെതിരെ പോരാടുകയും ചെയ്തു. ഞാന്‍ ഭാഗമായതോ എഴുതിയതോ ആയ പ്രോജക്റ്റുകളില്‍ നിന്നും തുടര്‍ച്ചയായി പുറത്താക്കപ്പെട്ടു. അതൊരു മോശം കാലമായിരുന്നു. സിനിമാ രംഗത്തോട് അന്ന് വെറുപ്പായിരുന്നുവെന്നും അനുരാഗ് ഓര്‍ത്തെടുത്തു. ഗ്യാംഗ്‌സ് വെസപ്പൂരിലൂടെ നടത്തിയ മടങ്ങിവരവും അനുരാഗ് ഓര്‍ത്തെടുക്കുന്നുണ്ട്.
അനുരാഗിന്റെ പുതിയ ചിത്രമായ കൗമാര പ്രണയകഥ വരച്ചിടുന്ന ഓള്‍മോസ്റ്റ് പ്യാര്‍ വിത്ത് ഡിജെ മൊഹബത്ത് ഫെബ്രുവരി 3നാണ് റിലീസ്.