By Shyma Mohan.01 11 2022
കമല്ഹാസന് നായകനായ വിക്രം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു പിന്നാലെ ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ ഇറങ്ങുന്ന ദളപതി 67ല്‍ വിജയ്ക്കൊപ്പം നിവിന്‍ പോളിയും വിശാലും ഭാഗമായേക്കുമെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. മാര്‍ക്ക് ആന്റണി എന്ന ചിത്രത്തിന്റെ സെറ്റില്‍ ലോകേഷ് കനകരാജ് വിശാലിനെ സന്ദര്‍ശിക്കാനെത്തിയതിന്റെ വീഡിയോയും പ്രചരിക്കുന്നുണ്ട്. വിജയിന്റെ കടുത്ത ആരാധകനായതിനാല്‍ സിനിമ ചെയ്യാന്‍ വിശാല്‍ സമ്മതിച്ചെന്നാണ് റിപ്പോര്‍ട്ട്.
നേരത്തെ പൃഥ്വിരാജ് ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുമെന്ന് വാര്‍ത്തകളുണ്ടായിരുന്നെങ്കിലും ഷൂട്ടിംഗ് തിയതികളില്‍ താരത്തിന് ഡേറ്റ് ഇല്ലാത്തത് ചൂണ്ടിക്കാട്ടി ഒഴിഞ്ഞുമാറുകയായിരുന്നു. അതിനാല്‍ പൃഥ്വിരാജിന് പകരക്കാരനായി നിവിന്‍ പോളിയെ ടീമിലെത്തിക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ ആലോചിക്കുന്നത്.
ബോളിവുഡ് താരം സഞ്ജയ് ദത്ത് ചിത്രത്തില്‍ വില്ലനായി എത്തുമെന്ന വാര്‍ത്തകളും പ്രചരിച്ചിരുന്നു. അര്ജുന് ഒരു പ്രധാന വേഷത്തില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായെങ്കിലും ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. എന്തായാലും ദളപതി 67ല്‍ വന്‍താരനിരയെ അണിനിരത്തി ചിത്രത്തെ പാന്‍-ഇന്ത്യന്‍ ഹിറ്റാക്കാനുള്ള ഒരുക്കത്തിലാണ്.
ഡിസംബര്‍ ചിത്രീകരണം ആരംഭിക്കുന്ന ദളപതി 67ല്‍ അനിരുദ്ധ് രവിചന്ദര്‍ ആണ് സംഗീത സംവിധാനം. ലോകേഷ് കനകരാജിന്റെ തന്നെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രം ഒരു ഗാംഗ്സ്റ്റര് ഡ്രാമ പ്രമേയമാക്കിയിട്ടുള്ളതാണ്.